ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

രണ്ട് ദിവസത്തിനു ശേഷം ടൗണിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു സാംസ്‌കാരികസമ്മേളനത്തിൽ ചർച്ചയാകുന്ന ‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’മെന്ന വിഷയത്തിൽ സംസാരിക്കാൻ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് വലിയതോതിൽ സ്വാതന്ത്ര്യവും നീതിയുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊരു തോന്നൽ കുറച്ചിടെയായി എനിക്കുണ്ട്. അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനായി ജെ.എം. കൂറ്റ്സെയുടെ ‘Life and Times of K.’ എന്ന രചനയെ അടിസ്ഥാനമാക്കി തുടങ്ങണമെന്ന് ഞാൻ ആലോചിച്ചു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള K എന്നൊരു എന്നൊരു മനുഷ്യനെ ചൂണ്ടിക്കാട്ടി അധികാരം താഴെ തട്ടിലുള്ളവരോട് എങ്ങനെയെല്ലാം മെക്കിട്ടു കയറുന്നു എന്ന് വളരെ നന്നായി പറയുന്നുണ്ട് കൂറ്റ്സെ. അതിന്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് സുഹൃത്തിന്റെ ഫോൺ വന്നത്. അങ്ങനെയാണ് ‘സാഹിത്യം മരണശയ്യ’യിലാണെന്ന് ഞാനറിഞ്ഞത്. എനിക്കാകെ വിഷമമായി. കുറെനാളായി വിളിയും പറച്ചിലും ഇല്ലാതെ പോയതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.


പിറ്റേന്ന് രാവിലെ തന്നെ ഞാനവരുടെ അവരുടെ വീട്ടിലെത്തി. ‘ധാരിത്, എത്ര നാളായി ഈ വഴിയൊക്കെ കണ്ടിട്ട്..’
നിറചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന സാഹിത്യത്തെ കണ്ടു ഞാനാകെ കുഴങ്ങി. ഇവരാണോ മരണശയ്യയിൽ കിടക്കുന്നു എന്ന് പറഞ്ഞത്. ഇവരെ മരണശയ്യയിൽ കിടത്താൻ ആർക്കാണിത്ര തിടുക്കം. ഞാനോർത്തു.
എന്റെ മനസ്സിലെ ചിന്തകൾ വായിച്ചെന്നപോലെ അവർ പറഞ്ഞു, ‘ഞാൻ മരിയ്ക്കാൻ കിടക്കുന്നു എന്നറിഞ്ഞു വന്നതാണല്ലേ. അതറിഞ്ഞു ഇതിനകം കുറേപ്പേർ വന്നു. കുറേപ്പേർ വിളിച്ചു. ഒരു കണക്കിന് അതും നന്നായി. നിങ്ങളെയൊക്കെ അങ്ങനെയും ഒന്ന് കാണാൻ കിട്ടുമല്ലോ.’ അവർ ചിരിച്ചു.


പതിവ് കുശലങ്ങൾക്ക് ശേഷം അവർ പറഞ്ഞു തുടങ്ങി.
‘ഇതിപ്പോൾ ആദ്യമായിട്ടൊന്നുമല്ലല്ലോ അവരെന്നെ മരണശയ്യയിൽ കിടത്തുന്നത്.’ അതും പറഞ്ഞു അവർ ചിരിച്ചു.
‘ആരെക്കുറിച്ചാണ് പറയുന്നത്?’
ഞാൻ ചോദിച്ചു.
‘വേറെയാര്, നമ്മുടെ മുന്തിയ എഴുത്തുകാരും പ്രസാധകരും തന്നെ. അവരുടെ പുസ്തകങ്ങളുടെ വായനയും വില്പനയും കുറയുമ്പോൾ കാണിക്കുന്ന ഒരു അസ്വസ്ഥത..’ അവർ വീണ്ടും ചിരിച്ചു.
‘അവരുടെ കൈയിലിരിപ്പും കാപട്യവും വായനക്കാരും മറ്റുള്ളവരും മനസിലാക്കി തുടങ്ങുമ്പോൾ വായനയും പുസ്തകവില്പനയും കുറയും.’
അപ്പോഴേക്കും ചായയും വിഭവങ്ങളും വന്നു. ചൂട് ചായ പതിയെ കുടിച്ചു കൊണ്ട് അവർ പറഞ്ഞു തുടങ്ങി.


‘1950-60 കളിൽ കേരളത്തിലെ കലാസാഹിത്യപ്രവർത്തകർക്കിടയിൽ വലിയൊരു തർക്കം നടന്നു: കല കലയ്ക്ക് വേണ്ടി’യെന്നും ‘കല സമൂഹത്തിനു വേണ്ടി’യെന്നും വാദിച്ചവർ തമ്മിലുള്ളൊരു തർക്കം. കലാസാഹിത്യരംഗത്തെ അക്കാലത്തെ പ്രമുഖരെല്ലാം അതിൽ പങ്കെടുത്തു.’.
‘എന്നിട്ട് അതെങ്ങനെ തീർന്നു.’ ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു.
‘സമൂഹത്തിനു വേണ്ടിയല്ലെങ്കിൽ പിന്നെയെന്തു കലയും സാഹിത്യവുമെടോ.’
അവർ വീണ്ടും ചിരിച്ചു.


‘പ്രമുഖരായ നമ്മുടെ മുൻകാലകലാസാഹിത്യപ്രവർത്തകരൊക്കെ – ഓ.വി. വിജയൻ, എം.ടി, കേശവദേവ്, ചെറുകാട്, തകഴി, ബഷീർ, കാവാലം, കടമ്മനിട്ട, ചങ്ങമ്പുഴ, ഇടശ്ശേരി, എം.എൻ.വിജയൻ, അഴിക്കോട്, കെ. സുരേന്ദ്രൻ, എം.വി.ദേവൻ, കെ.സി.എസ്. പണിക്കർ..അന്നത്തെ രാഷ്ട്രീയസാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെട്ടവരാണ്. ലോക സാഹിത്യത്തിലും കലയിലും അങ്ങനെ തന്നെയായിരുന്നു. എമിലി സോല, ഹെമിംഗ്‌വേ, പാസ്റ്റർനാക്ക്, ജീൻ പോൾ സാർതൃ, സിമോൻ ബോവർ, ജോർജ് ഓർവെൽ, ടാഗോർ, പാമുക്ക്, സൽമാൻ റുഷ്ദി, അരുന്ധതി റോയ്, തസ്‌ലിംനസ്രിൻ..ജനക്ഷേമത്തിനും സമൂഹക്ഷേമത്തിനും നന്നെന്ന് അവർ കരുതിയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പിന്നിൽ അവരിൽ മിക്കവരും അണിനിരന്നു. ഇക്കാലത്തും ലോകത്തിലെ മിക്ക പ്രമുഖ എഴുത്തുകാരും കലാകാരും വളരെ കർശനമായ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ ഉള്ളവരാണ്. ഇത്തവണത്തെ നൊബേൽ സമ്മാനജേതാവ് കൊറിയൻ എഴുത്തുകാരി ഹാൻ കാങ് തന്റെ രാജ്യത്ത് മാർഷ്യൽ ലോ പ്രഖ്യാപിച്ചതിനെ ശക്തമായി പ്രതിഷേധിച്ചു പ്രസ്താവന ഇറക്കിയത് ശ്രദ്ധിച്ചു കാണുമല്ലോ. പോളിഷ് എഴുത്തുകാരി ഓൾക റ്റകർസുക്കും വളരെ ശക്തമായ രാഷ്ട്രീയസാമൂഹിക നിലപാടുകൾ എടുക്കുകയും അതിന്റെ പേരിൽ നിരന്തരം വിമർശിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ്. അവർക്കൊക്കെ ആദർശത്തിന്റെ അസ്കിത ഉള്ളവരാണ് .’


അതും പറഞ്ഞവർ കുലുങ്ങിച്ചിരിച്ചു.
‘ഇന്നത്തെ പല എഴുത്തുകാരും കലാകാരും പല പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും കൂടെ നിൽക്കുന്നുണ്ടല്ലോ?’ ഞാൻ ചോദിച്ചു.
‘ഉവ്വ്, അതാണ് ഞാൻ പറഞ്ഞത് അന്നത്തെ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ആദർശത്തിന്റെ അസ്കിത ഉണ്ടായിരുന്നെന്ന്. ഇന്നത്തെ മുൻനിര എഴുത്തുകാരും കലാകാരും അങ്ങനെ നിൽക്കുന്നതിന്റെ ഉദ്ദേശം അവാർഡുകൾക്കും സ്ഥാനമാനങ്ങൾക്കും പുസ്തകവില്പന കൂട്ടുന്നതിനും സുരക്ഷിതത്വത്തിനുമൊക്ക വേണ്ടിയാണ്.’ അവർ പറഞ്ഞു.
‘സച്ചിദാനന്ദൻ, കെ.ആർ.മീര, റ്റി.ടി. രാമകൃഷ്ണൻ, ഹരീഷ്, അശോകൻ ചരുവിൽ, ബന്യാമൻ..സ്വന്തം നിലയ്ക്ക് മികവ് തെളിയിച്ച അവർക്കൊക്കെ അങ്ങനെ നിൽക്കേണ്ടതുണ്ടോ?’ ഞാൻ ചോദിച്ചു.


എടോ, അധികാരത്തിന്റെ ഓരംചേർന്നു നിന്നാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് നമ്മൾ മനസിലാക്കുന്നതിലും നന്നായി അവർക്കറിയാം.
‘അവർക്കൊക്കെ കിട്ടിയ അവാർഡുകൾ, സ്ഥാനമാനങ്ങൾ, വർദ്ധിച്ച പുസ്തകവില്പന സാദ്ധ്യതകൾ..ഇതൊക്കെ നിരീക്ഷിച്ചാൽ മനസിലാകും.’
‘ ‘ഇടതുപക്ഷ സഹയാത്രികർ’
ആണെന്ന് അവർ അഭിമാനത്തോടെയാണ് പറയാറുള്ളത്.’ തെല്ലൊരു കുഴക്കത്തോടെ ഞാൻ എന്റെ സംശയം പറഞ്ഞു.
‘ ഇന്ന് ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്നവർ ആരാണ്, എന്താണ് അവരുടെ പ്രവർത്തനങ്ങൾ? സദാ മുതലാളിമാരുടെ തോളിൽ കൈയിട്ടു നടക്കുന്നവർ, മുതലാളിത്തത്തിന്റെ എല്ലാ പകിട്ടിലും വർണ്ണഭംഗിയിലും അഭിരമിക്കുന്നവർ, അധികാരത്തിനു വേണ്ടി മത,വർഗീയശക്തികളോട് കൂട്ട് ചേർന്നുനിൽക്കുന്നവർ, അഴിമതിയിലും കൊള്ളയിലും അഭിരമിക്കുന്നവർ, അതിനായി തന്ത്രപ്രധാനപദവികളിലൊക്കെ അതിന് അനുയോജ്യർ ആയവരെ മാത്രം വെക്കുന്നർ, ബാങ്ക് കൊള്ളയും , റിയൽ എസ്റ്റേറ്റ് ബിസിനസ്സും നടത്തുന്നവർ, കള്ളപ്പണഇടപാടുകൾ നടത്തുന്നവർ, നീതിനിയമവ്യവസ്ഥയെ തങ്ങളുടെ ഇച്ഛകൾക്കായി വിധേയപ്പെടുത്തി നിർത്തുന്നവർ, പരിധിയില്ലാതെ സ്വജനപക്ഷപാതം കാണിയ്ക്കുന്നവർ, ഭീകരമായ സ്ത്രീവിരുദ്ധത കാണിയ്ക്കുന്നവർ – ഇവരാണോ ഇടതുപക്ഷം.ഇതാണോ ഇടതുപക്ഷരീതികൾ. ഇവരോട് ചേർന്നുനിൽക്കുന്നതിനാണോ ഈ എഴുത്തുകാർ അഭിമാനം കൊള്ളുന്നത്. നമ്മളൊക്കെ അരിയാഹാരം കഴിക്കുന്നവരല്ലേ. പൊട്ടൻകളിയ്ക്കൊക്കെ ഒരു പരിധിയില്ലേ.’ ചിരിച്ചു കൊണ്ടാണ് അവർ അതൊക്കെ പറഞ്ഞതെങ്കിലും കോപം അവരുടെ മുഖത്തെ ചുമപ്പിക്കുന്നത് ഞാൻ കണ്ടു.
‘കുറച്ചു മുമ്പ് ഞാൻ പറഞ്ഞല്ലോ എഴുത്തും കലാപ്രവർത്തനവുമൊക്കെ സമൂഹപ്രതിബദ്ധമാകണമെന്ന്.’


അവർ തുടർന്നു.
ജനാധിപത്യമെന്ന ലേബൽ പതിപ്പിച്ച കുപ്പായം ധരിച്ച ഫാസിസം നമ്മുടെ നേരെ ഭീഷണമായി വായ്തുറന്നു നിൽക്കുന്ന കാലമാണിത്. മതം നിയന്ത്രിക്കുന്ന ജനാധിപത്യം. നീണ്ട എഴുപത്തിയാറു വർഷങ്ങൾ കൊണ്ട് ജനസംഖ്യയിൽ നമ്മെ ഒന്നാമതെത്തിച്ചു എന്ന് മേനിപറയുന്നവർ. നൂറ്റിനാൽപതുകോടിജനങ്ങളിൽ എഴുപതുകോടിയലധികവും ഇന്നും കുറ്റിക്കാടുകളിലും ആറ്റിറമ്പിലും പാതയോരങ്ങളിലും റെയിലോരങ്ങളിലും നിരന്നിരിക്കുന്ന കാഴ്ച. ഗുജറാത്തിലെയും ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ബീഹാറിലെയും മണിപ്പുരിലെയും ബംഗാളിലെയും കേരളത്തിലെയും സ്ത്രീകളുടെ കൂട്ടനിലവിളികളും ദീനരോദനങ്ങളും; അവരെ നിശബ്ദരാക്കാൻ വായ്പ്പൊത്തിപ്പിടിക്കുന്ന അധികാരികളുടെ കാഴ്ചകൾ, അധികാരിയും പ്രമാണിയും തമ്മിലുള്ള അന്തർധാരകളാണെങ്ങും. കള്ളപ്പണഇടപാടുകൾക്കും സ്വർണ്ണക്കടത്തിനും ബാങ്ക് കൊള്ളകൾ നടത്തുന്നതിനും സർക്കാർ ഖജനാവ് ധൂർത്തടിയ്ക്കുന്നതിനും ആഡംബരത്തിൽ ജീവിയ്ക്കുന്നതിനും സ്വജനങ്ങൾക്ക് സുരക്ഷിതജോലികൾ ഉറപ്പാക്കുന്നതിനും വനഭൂമി കൃഷിയിടമാക്കുന്നതിനും അനധികൃത സ്വത്തു സമ്പാദിയ്ക്കുന്നതിനും കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും ചെയ്യുന്നതിനും വെമ്പിനിൽക്കുന്നവർ അധോലോകസംഘങ്ങളിലല്ല, രാഷ്ട്രീയ സംഘടനകളിലാണ് ചേരേണ്ടത് എന്നൊരു ധാരണ പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഒരു കാലമാണിത്. ആദ്യത്തേത് നിയമത്തെ ധിക്കരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നു. രണ്ടാമത്തേതാകട്ടെ നിയമവ്യവസ്ഥയെ മൊത്തത്തിൽ തങ്ങളുടെ ഇച്ഛാനുസരണം വിധേയപെടുത്തുന്നു.’


അത്രയും ദീർഘമായി പറഞ്ഞതുകൊണ്ടാവും അവർ തെല്ലൊന്നു നിർത്തിയ ശേഷം വീണ്ടും പറഞ്ഞു തുടങ്ങി.
‘ഇതൊന്നും കാണാതെ, ഇതിനോടൊന്നും പ്രതികരിക്കാതെ, അധികാരസ്ഥാനങ്ങളെ ഒട്ടും ചൊടിപ്പിക്കില്ല എന്നുറപ്പുള്ള നിർദോഷവിഷയങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചും അതിനെ തങ്ങളുടെ രചനാകൗശലം കൊണ്ട് പൊലിപ്പിക്കുന്നതുമാണ് എഴുത്തും കലാപ്രവർത്തനവും എന്ന് നമ്മെ തെറ്റിധരിപ്പിക്കുകയാണിവർ.’ അവർ പറഞ്ഞു
‘അവർ എന്തെഴുതണം എന്ന് നമ്മൾ പറയേണ്ട കാര്യമല്ലല്ലോ? ‘ അതിന് മറുപടിയായി ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവർ വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു. ‘അവർ പറഞ്ഞു നടക്കുന്നതിന്റെ പ്രതിധ്വനിയാണ് നിങ്ങളിപ്പോൾ പറഞ്ഞത്. പടംവരയ്ക്കാൻ കഴിവുള്ള ഒരു കൊച്ചുകുഞ്ഞിനെ പലരീതിയിലുള്ള കായികമത്സരങ്ങൾ നടക്കുന്ന ഒരു മൈതാനത്തിന്റെ ഓരത്ത് കുറെനേരം ഇരുത്തിയാൽ ആ കുഞ്ഞു എന്തൊക്കെയാവും വരച്ചുതുടങ്ങുക. സ്വാഭാവികമായും അവിടെ നടക്കുന്ന കായികവിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളെ അതിന് വരയ്ക്കാനാവൂ. തന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾക്ക് നേരെ കണ്ണടച്ചു ഇരുട്ടാക്കുന്ന ഒരു കാപട്യമാണ് ഈ എഴുത്തുകാർ കാണിക്കുന്നത്.’


‘ബെന്യാമന്റെ ‘ആടുജീവിതം’ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഒരാളുടെ ദയനീയജീവിതം പറയുന്ന കഥയല്ലേ.അത് സമൂഹ പ്രതിബദ്ധമല്ലെന്ന് എങ്ങനെ പറയാനാവും അതിന് വലിയ വായനയും കിട്ടി. ഇപ്പോൾ സിനിമയയുമായി. അതും നന്നായി ഓടി.’ ഞാൻ വീണ്ടും സംശയം പറഞ്ഞു.
‘അത് വിശദീകരിക്കണമെങ്കിൽ നമുക്ക് അല്പംകൂടി പുറകോട്ടുള്ള സാഹിത്യചരിത്രം നോക്കണം.’
അവർ തുടർന്നു.
‘നിങ്ങൾ ലളിതാംബികയുടെ ‘മാണിക്യൻ’ എന്നൊരു കഥ വായിച്ചിട്ടുണ്ടോ?’
‘ഉണ്ട്. എട്ടാംക്ലാസ്സിൽ അതെനിക്ക് പഠിയ്ക്കാനുണ്ടായിരുന്നു.അത് എപ്പോഴൊക്കെ വായിച്ചോ അപ്പോഴൊക്കെ എന്റെ മനസ്സ് വിങ്ങിപ്പൊട്ടി. കണ്ണുകൾ നിറഞ്ഞു.’ ഞാൻ പറഞ്ഞു.


അതേ, അത് വായിക്കുന്നവരുടെയൊക്ക കണ്ണ് നിറയ്ക്കും. അതിലെ ചെറുമന്റെ മക്കളുടെ വിഷമങ്ങളും സങ്കടങ്ങളും നമ്മുടെ തന്നെ വിഷമങ്ങളും സങ്കടങ്ങളുമായി നമുക്ക് അനുഭവപ്പെടും. അതിലെ മാണിക്യനെന്ന കാളയുടെ ദൈന്യം ഒരു കാളയ്ക്കും വരരുതേയെന്ന് നമ്മൾ ആഗ്രഹിക്കും. അതേപോലെ ‘ബാല്യകാലസഖി’യിലെ സുഹ്റയുടെയും മജീദിന്റെയും വിഷമങ്ങളും സങ്കടങ്ങളും നമ്മുടെ തന്നെ സങ്കടങ്ങളായി നമുക്ക് അനുഭവപ്പെടും.1940-50 കളിലാണ് ഇക്കഥകൾ രചിക്കപ്പെട്ടത്. അന്ന് ആദ്രാനുകമ്പയുടെയും സഹാനുഭൂതിയുടെയും രചനാസങ്കേതം പൊതുവെ ഉപയോഗിക്കപ്പെട്ട കാലമായിരുന്നു. അതൊരു മോശം രചനാരീതി ആണെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. മറിച്ചു, ബെന്യാമന്റെ :ആടുജീവിതം’ വരുന്ന സമയത്ത് എഴുത്തുകാർ മറ്റ് സങ്കേതങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഞാനൊരു ഉദാഹരണം പറയാം. മാർക്കെസിന്റെ ‘Living to tell the Tale.’ എന്ന പുസ്തകത്തിൽ, അദ്ദേഹവും അമ്മയും കൂടി തങ്ങൾ പണ്ട് താമസിച്ച ഒരു വീട് വിൽക്കാൻ പോകുന്നത് പറയുന്നുണ്ട്. കഷ്ടിച്ചു യാത്രചിലവിനുള്ള പൈസയെ കൈയിലുള്ളു. ദീർഘവും ക്ലേശകരവുമായ ഒരു ബോട്ട് യാത്രയും ട്രെയിൻ യാത്രയും. നിലവിലെ വാടകക്കാർക്ക് തന്നെ വീട് വിൽക്കാനുള്ള പ്ലാനാണ്. അതിന് അവിടെ വേറെയാരും ആവശ്യക്കാരും ഇല്ല. അവിടെച്ചെന്ന് വാടകക്കാരുമായി കണക്കുകൾ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവർ വാസ്തവം തിരിച്ചറിഞ്ഞത്: ഇങ്ങോട്ടൊന്നും കിട്ടാനില്ല.’തന്റെ അമ്മയ്ക്ക് ക്ഷണനേരത്തിൽ വലിയവായിൽ കരയാനും ഒപ്പം തന്നെ ജീവിതത്തിന്റെ കഠിനനിമിഷങ്ങളെ അതിജീവിയ്ക്കാനുമുള്ള ഒരു കരുത്തുണ്ടായിരുന്നു.’ എന്നാണ് മാർകേസ് അതേക്കുറിച്ച് തമാശ കലർത്തി പറയുന്നത്. അദ്ദേഹത്തിന്റെ രചനകൾ പൊതുവിൽ നോക്കിയാൽ ലോകത്തെ നോക്കിയുള്ള വലിയൊരു ചിരിയാണെന്ന് കാണാം. ‘എന്ത് കഥയില്ലായ്മകളാണ് മനുഷ്യരെ നിങ്ങൾ ഈ കാട്ടിക്കൂട്ടുന്നത്.’ എന്നൊരു ചോദ്യഭാവം കലർന്നൊരു ചിരി. ഞാൻ പറഞ്ഞു വന്നത് ബെന്യാമൻ എഴുതുന്ന കാലത്ത് തന്നെ മറ്റ് രീതിയിലുള്ള രചനാപദ്ധതികൾ ഉണ്ടായിരുന്നു എന്ന് കാണിയ്ക്കാനാണ്. എന്തായാലും ബെന്യാമന്റെ പിന്നീടുള്ള രചനകളിൽ ഈയൊരു രചനാതന്ത്രം ഉപയോഗിച്ചിട്ടില്ല എന്നും കാണാം.’


” ‘ആടുജീവിതം’ സിനിമയാക്കുന്ന സമയം അതിൽ നജീബിന്റെ ഒരു ഇന്റിമേറ്റ് സീൻ ഉണ്ടെന്ന് കേട്ടിരുന്നു..?” അവർ ചോദിച്ചു.
‘അതേ, ഞാനും കേട്ടു. പക്ഷെ, സിനിമ കാണാനായില്ല.’ ഞാൻ പറഞ്ഞു.
‘അതൊന്നുമില്ലാതെ പുസ്തകം വിറ്റുപോയെങ്കിൽ പിന്നെ സിനിമയ്ക്ക് എന്താ? ഒക്കെ കച്ചവടത്തിന്റെ ഭാഗം.’
അവർ അതിൽ നീരസം പ്രകടിപ്പിച്ചു.
‘സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യിലും ഇതേ രചനാരീതിയാണ്.’ ഞാൻ പറഞ്ഞു.
‘അതെയതെ. അംബയോടൊപ്പം നമ്മളെയും സങ്കടക്കടലിൽ മുക്കിത്താഴ്ത്തുകയാണ് സുഭാഷ് ചെയ്യുന്നത്.’ അവർ അത് ശരിവെച്ചു.
‘അതുപറഞ്ഞപ്പോഴാണ് ഞാനോർത്തത്, സമുദ്രശിലയെക്കുറിച്ച് നിങ്ങൾ ചെയ്ത പഠനം നന്നായി. വേറിട്ട ഒരു രീതി. ഒരു കഥനരീതി. അതിലെ നായികയായ അംബ തന്നെ പല സംശയങ്ങളും ഉന്നയിക്കുന്നു. കൂടാതെ, K.R. മീരയുടെ ആരാച്ചാരിലെ കഥാപാത്രങ്ങളോടുള്ള സാദൃശ്യങ്ങളും കുന്ദേരയുടെ ‘Unbearable Lightness of Being’ എന്ന രചനയിലെയും മുറകാമിയുടെ ‘Kafka on the Shore’ എന്ന രചനയുടെയും ആശയങ്ങളിൽ പലതിനോടും, ഉദാഹരണത്തിന് ഈഡിപ്പസ് കോംപ്ലക്സ്, ഉള്ള സാദൃശ്യങ്ങളും നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.’ അവർ പറഞ്ഞു.
‘അത്തരമൊരു അഭിപ്രായത്തിനു വളരെ സന്തോഷം.’ ഞാൻ പറഞ്ഞു.
‘അതാരെങ്കിലും പ്രസിദ്ധീകരിച്ചോ.’ അവർ തുടർന്നു ചോദിച്ചു.
‘ഉവ്വ്, FB യിൽ. പിന്നെ അല്ലാതെ ഒന്ന് രണ്ട് ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ.’ ഞാൻ ഉത്തരം നൽകി.


‘എസ്റ്റബ്ലിഷ്ഡ് പ്രസാധകർക്ക് പ്രസാധകർക്ക് നിങ്ങളെയൊന്നും കണ്ണിൽ പിടിക്കൂല.’ അവർ ചിരിച്ചു. ആദ്യം നിങ്ങളുടെ ജാതി, മതം, കുലമഹിമ, ജോലി, സമൂഹബന്ധങ്ങൾ ഇതൊക്കെ സൂത്രത്തിൽ മനസിലാക്കും. അതിനല്ലേ പ്രൊഫൈൽ എന്ന് പറയുന്നത്. നിങ്ങൾ എഴുതിയത് അവർക്ക് സെക്കന്ററി ആണ്.’ അവർ വീണ്ടും ചിരിച്ചു. ‘അവരിപ്പോൾ ദൈവത്തിന്റെ വേഷമാണ് കെട്ടുന്നത്. ‘നിങ്ങൾ എഴുതിയത് ഈ മേശപ്പുറത്തു വെച്ചിട്ട് പൊക്കോ. ഞങ്ങടെ സൗകര്യം പോലെ നോക്കും. പ്രസിദ്ധീകരിയ്ക്കാൻ പറ്റുന്നതാണെങ്കിൽ അറിയിക്കും’ എന്ന ലൈൻ. ചിലരാകട്ടെ കിട്ടിയെന്നും അറിയിക്കില്ല, നോക്കിയെന്നും പറയില്ല.
ഓൺലൈൻ പ്രസിദ്ധീകരണങ്ങളും FB കൂട്ടായ്മകളും കൂടുതൽ വരട്ടെ എങ്കിലേ ഇവരൊക്കെ മര്യാദ പഠിയ്ക്കൂ.’
‘അതേ’, ഞാനുമത് ശരിവെച്ചു
‘അതിരിക്കട്ടെ, ഒരു ചർച്ചയോ സംവാദമോ മറ്റോ ഉണ്ടെന്ന് പറഞ്ഞല്ലോ. എന്താണ് വിഷയം?’ അവർ തിരക്കി.


‘വ്യക്തിയും സമൂഹവും സ്വാതന്ത്യവും.’ എന്നതാണ് ചർച്ചയുടെ വിഷയം. ശരിക്കും ഒരുപാടെനിയ്ക്ക് പറയാനുണ്ട്. അതെങ്ങനെ അവതരിപ്പിക്കണം എന്നോർത്തപ്പോൾ ജെ.എം. കൂറ്റ്സെ യുടെ Life and Times of K എന്ന രചന ഓർമ വന്നത്. അതിലെ K യുടെ അവസ്ഥയിലൂടെയാണ് ഇന്ന് നമ്മുടെ സമൂഹത്തിലെ താഴെ തട്ടിലുള്ള മിക്കവരും കടന്നു പോകുന്നത്. എവിടെയും അധികാരത്തിന്റെ ധിക്കാരം മാത്രമേ അവർക്ക് കിട്ടുന്നുള്ളു. മന്ത്രിയാകട്ടെ, കോടതി ജഡ്ജിയാകട്ടെ, പോലീസ് സ്റ്റേഷൻ ആകട്ടെ, സർക്കാർ ഓഫീസ് ആകട്ടെ, സർക്കാർ ആശുപത്രിയാകട്ടെ എല്ലാം സാധാരണക്കാരോട് മെക്കിട്ട് കയറാനുള്ള സെറ്റ് അപ്പിൽ ആണ്.’ ഞാൻ പറഞ്ഞു.
‘അതെയതെ, ഉദാഹരണത്തിന്, ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഒരു ചോട്ടാനേതാവെങ്കിലുമൊ നാട്ടിലെ പ്രമാണിയോ ഉൾപ്പെട്ട പീഡനക്കേസുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരിക്കലും നീതികിട്ടില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ആശുപത്രി ജീവനക്കാർ പ്രമാദമായ തെറ്റുകൾ വരുത്തിയാലും അധികാരികൾ സ്വന്തം പാർട്ടിനേതാവിനെ സംരക്ഷിക്കും. ക്യാമ്പസ്‌ റാഗിങിൽ മകൻ മരിച്ച മാതാപിതാക്കളെയല്ല, കൊന്നവരെയാണ് അധികാരികൾ സംരക്ഷിയ്ക്കുന്നത്. എല്ലാ അർത്ഥത്തിലും നമ്മുടെ നാട്ടിലെ സാധാരക്കാർക്ക് ഇന്ന് K യുടെ അവസ്ഥ തന്നെ.’
‘സാഹിത്യം ജീവനോടെ ഇരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.എന്നെപ്പോലുള്ളവർക്കും ജീവനോടെയിരിക്കാൻ അതൊരു പ്രചോദനമാണ്.’
ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു.
‘ഇടയ്ക്ക് വിളിക്കണം. ഇറങ്ങണം. കേട്ടോ.’
അവർ പറഞ്ഞു.

സജി രാജപ്പൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *