രചന : കെ.ആർ.സുരേന്ദ്രൻ✍️
മഹാനഗരജാലകങ്ങൾ
അടയാറില്ല.
അടക്കാനാവില്ല.
മഹാനഗരജാലകങ്ങൾ
എപ്പോഴും
പ്രകാശത്തിന്റെ
താവളങ്ങൾ.
നീലാകാശത്ത്
മേഘക്കൂട്ടങ്ങളലയുന്ന പോലെ
രാവും, പകലും നിലക്കാത്ത
ആൾക്കൂട്ടമേഘപ്രയാണങ്ങൾ താഴെ.
അസ്തിത്വം
അസംബന്ധമെന്ന്,
വിരസമെന്ന്,
നിരർത്ഥകമെന്ന്
തരിശുനിലങ്ങളെപ്പോലെ
വർണ്ണരഹിതമെന്ന്
മഹാനഗരം
ക്ലാസ്സെടുക്കുന്നു.
മഹാനഗരജാലകങ്ങളിലൂടെ
പുറത്തേക്ക്
കണ്ണുകളെ
പറഞ്ഞ് വിടുമ്പോഴൊക്കെ
അഹന്തയുടെ
ഊതിവീർപ്പിച്ച
ബലൂണായി ഞാൻ
നാലാം നിലയിലെ
അപ്പാർട്ട്മെന്റിന്റെ
പടവുകളൊഴുകിയിറങ്ങി
ആൾക്കൂട്ടങ്ങളുടെ
ലഹരിയിൽ മുങ്ങി,
ഒഴുകുന്ന
നദിയിലൊരു
ബിന്ദുവെന്നപോലെ
അലിയുന്നു.
എന്റെ നിസ്സാരതയുടെ
മൊട്ടുസൂചി
എന്റെ അഹന്തയുടെ
ഊതിവീർപ്പിച്ച ബലൂണിനൊരു
കുത്തുകൊടുക്കുന്നു.
ഒരു മണൽത്തരിയുടെ
ലാഘവത്വം
കൈവരുന്നു.
എന്നെ ഞാനറിയുന്നു.