രചന : ജയരാജ് പുതുമഠം✍️
നാലിതൾ കവിതതേടി
നാൽക്കവലകളിൽ
അലഞ്ഞു ഞാനേറെ
ക്രിസ്തുമസ് പുലരിയുടെ
ആനന്ദലഹരിയിലേറി
പൊട്ടിമുളച്ചില്ല ഒരു നാമ്പും
ശീതതെന്നലൊഴുകിയ
പതിതമനസ്സിൻ
കുങ്കുമസന്ധ്യയിൽപോലും
മടങ്ങി ഞാൻ
മേഘഗണങ്ങൾക്കൊപ്പം
വൈകിവരുന്ന പറവകളെനോക്കി
ഇരുളിന്റെ ഇഴകൾ പിറന്ന
സന്ധ്യാംബരത്തിൻ ചിറകിൽ
വിഷാദരാഗവും മൂളി
സത്യമാണെ,
പെട്ടെന്നൊരു മിന്നൽ മിടിപ്പ്
നെഞ്ചിൽ ശിരസ്സിൽ
പഞ്ചേന്ദ്രിയങ്ങളിൽ
സർഗ്ഗവൃക്ഷശിഖരങ്ങളിൽ
തെളിഞ്ഞു… ആടിത്തിമിർത്തു,
തെങ്ങോലത്തുമ്പിന്റെ
തരളമോഹങ്ങളിൽ
കിളിയിണകൾ കുരവയിട്ടു
ഇനി എഴുതാം,
മിഴിനീരോഴുകുന്ന ഇടയരുടെ
സങ്കൽപ്പനപർവ്വങ്ങളുടെ
അൾത്താരയിൽ
യുഗങ്ങളായ് നെയ്യുന്ന
പാവനമാം പുൽക്കൂടിന്റെ
അന്ത്യമില്ലാകഥനങ്ങൾ.