രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️
ജനിച്ചത് ഞാൻ കൊതിച്ചല്ല
ജനനവും ഞാനറിഞ്ഞില്ല
ജന്മം തന്നമ്മ തൻ
ഉദരത്തിൻ അകത്തളം
സ്വർഗമാണെന്നറിഞ്ഞില്ല
വേറൊരു സ്വർഗ്ഗമില്ലെന്നറിഞ്ഞില്ല
കണ്ണു തുറന്നതും ഞാൻ കേണീട്ടല്ല
കണ്ണു തുറന്നത് ഞാനറിഞ്ഞില്ല
കണ്ണു തുറന്നപ്പോൾ കൺമുന്നിൽ കണ്ടത്
ദൈവമാണെന്നറിഞ്ഞില്ല
ദൈവം എന്നമ്മയാണെന്നറിഞ്ഞില്ല
പാൽ പകർന്നത് ഞാൻ ചോദിച്ചല്ല
പാൽ നുണഞ്ഞതും ഞാനറിഞ്ഞില്ല
കാലം കടന്നപ്പോൾ അറിയുന്നു ഞാനിന്നു
ജീവാമൃതം ആയിരുന്നെന്ന്
അമ്മ തൻ മമത കലർന്നിരുന്നെന്ന്
പിച്ചാ നടന്നതും ഞാൻ പറഞ്ഞല്ല
പിച്ചാ നടന്നത് ഞാനറിഞ്ഞില്ല
ഒറ്റയ്ക്ക് ദൂരങ്ങൾ താണ്ടുമ്പോൾ അറിയുന്നു
കൈ പിടിക്കാൻ ആരുമിന്നില്ല
അന്ന് കൈ പിടിച്ച അമ്മ ഇന്നില്ല
കൈനീട്ടം ഞാൻ ചോദിച്ചില്ല
അന്നാ തുട്ടിന്റെ വിലയും അറിഞ്ഞില്ല
ഇന്നാ പണത്തിന്റെ നില അറിയുമ്പോൾ
ഓർക്കുന്നു അമ്മ തൻ വാത്സല്യം
അതിൽ ചാലിച്ചു തന്ന കൈനീട്ടം
ചിന്തകൾ എന്തെന്നറിഞ്ഞില്ല
ചിന്തിച്ഛതും ഞാനറിഞ്ഞില്ല
ഇന്നെന്റെ ചിന്തകൾ തീ പന്തമാകുമ്പോൾ
ചേതന നൽകുന്നതമ്മ
ചിന്തയിൽ തിളങ്ങുന്ന നക്ഷത്രമമ്മ
കൺമറഞ്ഞമ്മ പോയെന്നാലും
ആ കാലടി കാതോർത്തിരിപ്പൂ
കാലത്തിൻ പടവിൽ ഞാൻ
കദനത്താൽ തളരുമ്പോൾ
മടിയിൽ തല ചായ്ക്കാൻ കൊതിപ്പൂ
അമ്മ തൻ താരാട്ടു കേൾക്കാൻ കൊതിപ്പൂ…