രചന : രാജു വിജയൻ ✍️
വേണ്ടെനിക്കൊരു ജന്മമീ മണ്ണിതിൽ
വേഷമില്ലാ ബഫൂണായ് തുടരുവാൻ…..
വേദന പങ്കു പറ്റിടാൻ മാത്രമായ്
വീണ്ടുമീ മണ്ണിൽ പൊട്ടി മുളക്കേണ്ട….
ആർദ്ര മോഹങ്ങൾ അമ്പേ നശിച്ചൊരു
ജീവനെ പേറാനില്ലൊരു കുറി കൂടി…
വെന്തളിഞ്ഞൊരു ഭോജനമാകുവാൻ
വേണ്ടെനിക്കൊരു ജന്മവുമീ മണ്ണിൽ..
കാഴ്ച മങ്ങിയ കണ്ണിലായ് കണ്ണുനീർ –
ധാര പേറുവാനാവതില്ലിനിയുമെ….
കാത്തിരിപ്പിന്റെ വേവുന്ന വേദന
കരളിലാവാഹിച്ചീടുവാൻ വയ്യിനി..
സ്വന്തമെന്ന പദങ്ങളിൽ പാടിയ
പാട്ട് മൂളുവാൻ കൊതിയില്ലെനിക്കിനി..
ഇരുൾ പടർന്ന വഴികളിൽ തെണ്ടിയായ്
അലയുവാനും ഒരുക്കമല്ലോർക്ക നീ…!
നീ നടന്ന വഴികളിൽ വെട്ടമായ്
തീരണമെന്ന മോഹവുമില്ലിനി..
നഷ്ട്ട സ്വപ്‌നങ്ങൾ കൂടാരമേറ്റുന്ന
ചങ്കടിത്താളം വേണ്ടതുമില്ലിനി….
വേണ്ടെനിക്കൊരു ജന്മവും മണ്ണിതിൽ
വേണ്ടൊരീ തീര ഭൂവിലായ് വേണ്ടിനി…!
പരിഭവങ്ങൾ പറയുവാൻ പോലുമീ-
ശിഷ്ട്ട ജന്മം കരുവാക്കയില്ലിനി….
പരിഭവങ്ങൾ പറയുവാൻ പോലുമീ –
ശിഷ്ട്ട ജന്മം കരുവാക്കയില്ലിനി….
ഈ ശിഷ്ട്ട ജന്മം കരുവാക്കയില്ലിനി…..