രചന : തോമസ് കാവാലം✍️
മാനസവാടിയിലന്നേപോലിന്നും നീ
മൗനിയായിരിയ്ക്കും,തൊട്ടാവാടീ,
മുള്ളാണു നിൻദേഹമാകെയെന്നാകിലും
മേനിയിൽ തൊട്ടു ഞാൻ സായൂജ്യമായ്.
മാരുതൻ വന്നുനിൻ മേനി തലോടവേ
മൗനമായ് നീ നിന്നു തേങ്ങിയില്ലേ?
സൂര്യൻതൻ ചേലയാൽ ചൂടി മറച്ചുകൊ-
ണ്ടരിയ ചുംബനം നൽകിയെന്നോ?
ഇത്ര മനോഹരിയാകിലുമെന്തിനു
സൂത്രവിദ്യകൾ നീ കാട്ടീടുന്നു
അത്രമേൽ ദ്രോഹിക്കും കാട്ടാളർ മുമ്പിലും
മാത്രനേരംകൊണ്ടു കൈകൂപ്പുന്നു.
എന്തേ നിൻ വേദന യുൾക്കൊള്ളാനാവാഞ്ഞു
സന്താപമോടെ നീ യുൾവലിഞ്ഞോ?
സാന്ത്വനമേകേണ്ടും കൈകളാൽ സത്വരം
സാഹസം കാട്ടിയോ കശ്മലന്മാർ?
മൗനമായ് നീ നിന്നു യാചിക്കുന്നെന്തിനോ?
മാനുഷ്യചിന്ത മാറീടുവാനോ?
മർത്യന്റെയുള്ളിലെ ഗർവ്വിനെ മാറ്റുവാൻ
മാലാഖമാരൊത്തു പാടുന്നുവോ?
മുള്ളുള്ളനിന്നുള്ളം മാർദ്ദവമാകയാൽ
തുള്ളിത്തുടിയ്ക്കുന്നു പൊൻ തളിരാൽ
കൊള്ളാതിരിക്കുമോ എന്നെ നിൻ മാനസം
കള്ളമില്ലാത്തയെൻ സ്പർശമൊന്നാൽ
എത്രയാവർത്തിവാടിയാലും നിവർന്നു
മാത്രനേരത്തിലുഷാറാകുന്നു
ഓർമ്മപ്പെടുത്തലായെത്തുന്നനുസ്യൂതം
കർമ്മകാണ്ഡത്തിലെ സ്നേഹമായി.