രചന : കമാൽ കണ്ണിമറ്റം ✍️
ഭാരതരാജ്യത്തെ ഇന്ത്യയാക്കീടുവാൻ
ശില്പിയായ്
നിലകൊണ്ട ഭീം,
മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്
ഭീം, അങ്ങ് ഞങ്ങളിൽ
നിറവായി, നുരയായ്
നൂപുര ജ്വാലയായ് !
നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,
ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !
ഞങ്ങളോർക്കുന്നു ..
ദുരന്തവും ദുഃഖവും കൂടിക്കുഴഞ്ഞതാമങ്ങയുടെ
ദുരിത ബാല്യത്തിനെ,
അധ:കൃത ജന്മമെന്നാട്ടിയ
സവർണബോധത്തിൻ്റെ
നീച വിചാര അസ്പർശ്യ ശാപത്തിനെ!
ഞങ്ങളോർക്കുന്നു പിന്നെയും
വിദ്യാലയ മുറിയിലെ
ചാക്ക് വിരിപ്പിലഗണ്യനായ്
മൂലയിൽ ചമ്രം പടിഞ്ഞിരു
ന്നറിവിനെ കേട്ടതും കണ്ടതും കൊണ്ടതും….
കൂട്ടാളർ കാട്ടാളരായ് ദേഹപീഢകളേറെ
സമ്മാനാമായ് മുതുകിൽ ചൊരിഞ്ഞതും…
സംസ്കൃത പാഠ പഠനമൊരുതെറ്റായ്
ഭത്സന തീവ്രമാം
തീണ്ടായ്മ ബോധം വിതച്ചതും…
മാറിടവും മുതുകും തച്ച് തകർത്തതും…..
എങ്കിലും ഭീം
അങ്ങൊരു ഫിനിക്സ് പറവായ് …
ശുന്യതയിൽ നിന്നും
ഇല്ലായ്മയിലെ വല്ലായ്മയിൽ നിന്നും
ഉയിരായ്
ഉജ്ജ്വല ജ്വാലയായ്
ഭാരതാംഭയുടെ തത്വശാസ്ത്ര
പ്രതിരൂപ പുത്രനായ്
വരേണ്യ പക്ഷത്തിനും
സവർണബോധത്തിനും
മേലെ ദളിത ശക്തമാം
വിമോചന ബിംബമായ്
അട്ടഹാസമായ്
പ്രതിരോധമായ്
പോരാട്ടമായ്…!
രാജ്യവാസികളുടെ
പ്രാണനായ് ‘സംവിധാനി’ൻ്റെ സംവിധായകനായ്..
ശില്പിയായ് …..!
ഇന്നലെയും
ഇന്നും പിന്നെ നാളെയും…
നീയൊരു അജയ്യ സിംഹാസനസ്തനായങ്ങനെ….
പുണരരുന്നു ഞങ്ങൾ
അങ്ങയെ….
എറിയുന്നു ഞങ്ങൾ സവർണ ബോധങ്ങളുടെ
ദുരമൂത്ത പരിഷകളെ ദൂരെ !
ഉയർത്തുന്നു ഞങ്ങൾ
അങ്ങയെയും പിന്നെ,
അസ്പർശ്യ ബോധങ്ങൾ വളർത്തിത്തളർത്തിയതെരുവിലെ
നിസ്സ്വരാം ഭാരത മക്കളെ….!
മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്
ഭീം, അങ്ങ് ഞങ്ങളിൽ
നിറവായി, നുരയായ്
നൂപുര ജ്വാലയായ് !
നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,
ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !
✍️