രചന : മംഗളാനന്ദൻ✍️
എനിക്കിന്നുമുണ്ടെന്റെ ചിത്തത്തിനുള്ളിൽ
നിനയ്ക്കാതെ കത്തിജ്ജ്വലിക്കുന്ന സ്വപ്നം,
ഘനശ്യാമവർണ്ണം മറച്ചാലുമെന്നും
മനസ്സിന്റെയുള്ളിൽ കിളിർക്കും കിനാക്കൾ.
കഴുത്തിന്റെ മേലേ ചവിട്ടുന്നു ധാർഷ്ട്യം
മുഴുത്തോരു വർണ്ണാധിപത്യങ്ങളിന്നും.
കരുത്തുള്ള നാട്ടിൽ കറുത്തോരുപൗരൻ
നിരത്തിൽ പിടയ്ക്കുന്നു ശ്വാസത്തിനായി.
കറുപ്പിന്റെ നേർക്കിന്നുമെയ്യുന്നു നിങ്ങൾ,
വെറുപ്പിന്റെ ചൂരുള്ളതാംതത്വശാസ്ത്രം
കുറച്ചൊന്നുമല്ലെന്നെ നീറുന്ന സത്യം
ഉറക്കം കെടുത്തുന്നതീ വന്യരാവിൽ.
നിരത്തിൽ കിടന്നൂർദ്ധശ്വാസം വലിച്ചു
മരിക്കാൻ തുടങ്ങുന്നു സത്യങ്ങളേറെ.
ഭരിക്കുന്ന രാജാധിരാജന്റെ ഖഡ്ഗം
അരിഞ്ഞിന്നു വീഴ്ത്തുന്നെതിർപ്പിൻസ്വരത്തെ.
പടപ്പാട്ടു പാടിപ്പുറപ്പെട്ട,ഞങ്ങൾ-
ക്കൊടുക്കം ലഭിക്കുന്നു കാരാഗൃഹങ്ങൾ.
അനീതിക്കു മാർഗ്ഗങ്ങളൊട്ടേറെയുണ്ടീ-
കിനാവിന്റെ പക്ഷങ്ങളെച്ചീന്തി മാറ്റാൻ.
എനിക്കുള്ളിൽ മോഹം കുരുക്കുന്നുവല്ലോ
മനുഷ്യത്വമീമണ്ണിലെന്നും വളർത്താൻ.
മൃഗത്തോളമീ ഭൂമിയെപ്പുൽകി വാഴാൻ,
ഖഗംപോലെയെങ്ങും പറന്നുല്ലസിക്കാൻ.
വെറും സ്വപ്നമുണ്ടിട്ടുറങ്ങാൻ കിടന്നാൽ
പിറക്കില്ല പുത്തൻ വിഭാതങ്ങളെങ്ങും.
ഭയം തെല്ലുമില്ലാതെ മൃത്യുഞ്ജയത്തിൻ
നയം നല്ലതായാചരിക്കേണമത്രേ!
എനിക്കുണ്ടു മോഹങ്ങൾ വീണ്ടും മനുഷ്യ-
മനസ്സിന്റെയുള്ളിൽ കിനാക്കൾ വിതയ്ക്കാൻ.
നരൻ സ്വാർത്ഥമോഹങ്ങൾ മൂലം നടത്തും
വരുംകാല യുദ്ധങ്ങളില്ലാതെയാക്കാൻ.