രചന : ബിനോ പ്രകാശ് ✍️
ഒലിവ്മരങ്ങൾ പൂത്തുലഞ്ഞു സീയോൻ മലനിരകളിൽ പരിമളം പരത്തി.
ശാരോൻ താഴ്വാരങ്ങളിലെ താമരകൾക്കിടയിൽ കുഞ്ഞാടുകൾ മേഞ്ഞുകൊണ്ടിരുന്നു.
യോർദ്ദാൻ നദിയിലെ കുഞ്ഞോളങ്ങൾ സ്നേഹ സങ്കീർത്തനങ്ങൾപ്പാടി.
ദൈവപുത്രന്റെ തിരുപിറവിയിൽ ആഹ്ലാദചിത്തരായ് നീലാകാശത്തിലെ ദിവ്യനക്ഷത്രത്തിനു ചുറ്റും മാലാഖമാർ ഗ്ലോറിയ പാടികൊണ്ടിരുന്നു.
കഴിഞ്ഞതവണ പപ്പായോടും മമ്മിയോടുമൊപ്പം ഇവിടെ വന്നപ്പോൾ വലിയപ്പച്ചനുണ്ടായിരുന്നിവിടെ.
ട്രീ ഉണ്ടാക്കി അതിൽ നക്ഷത്രം തൂക്കിയിട്ടതും.
മാലാഖയുടെ ഉടുപ്പ് വാങ്ങി തന്നതും വല്യപ്പച്ചനായിരുന്നു.
ഈ തവണ വന്നപ്പോൾ വല്യപ്പച്ചൻ ഇവിടെയില്ല.
ഇവിടെയെങ്ങും വല്യപ്പച്ചനെ കാണാനേയില്ല.
അതുകൊണ്ട് ഒരു രസവുമില്ല.
ടിന്റുവും മീനുവും ജെയ്സനും ഗ്ലോറിയുമൊക്കെ താഴെ പടക്കങ്ങൾ പൊട്ടിക്കുന്ന തിരക്കാണ്.
അവരാരും വലിയപ്പച്ചനെ കുറിച്ച് ഒന്നും പറയുന്നില്ല.
പാവം സാന്റാക്ലോസിനെപ്പോലെയുണ്ട്.
മഞ്ഞു പൊഴിയുന്ന രാത്രിയിൽ അവൾ തന്റെ ജാലകം പുറത്തേക്ക് തുറന്നു.
ധനുമാസത്തിന്റെകുളിർ, മേനിയിൽ വിറയലുണ്ടാക്കിയപ്പോൾ ഒരു കമ്പിളി എടുത്തു പുതച്ചു.
വീഥികളിലും വിശാലസ്ഥലങ്ങളിലും ക്രിസ്മസ് ഗാനങ്ങൾ കേൾക്കാം.. വർണ്ണപ്പകിട്ടാർന്ന നീല നിറമുള്ള രാത്രി. ഇത്രയും സുന്ദരമായി ഇതുവരെയും രാത്രിയെ ഞാൻ കണ്ടിട്ടില്ല. നക്ഷത്രങ്ങൾ വിരിയുന്ന ക്രിസ്മസ് ട്രീയിൽ തൂങ്ങിയാടുന്ന സാന്റാക്ലോസിനെ അവൾ നോക്കി…
വെളുത്ത താടിമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള ചിരിക്കുന്ന മുഖവുമായി കുഞ്ഞുങ്ങൾക്ക് സമ്മാനവുമായെ ത്തുന്ന സാന്റാക്ലോസ്..
ഞങ്ങൾ ക്രിസ്മസ് അപ്പൂപ്പൻ എന്നും വിളിക്കാറുണ്ട്.
കലമാനുകൾ വലിച്ചു കൊണ്ടു വരുന്നു സ്വർണ്ണരഥത്തിൽ മഞ്ഞുപാളികൾക്കിടയിലൂടെ സ്നേഹം പകരാൻ പറന്നു വരുന്ന പാവം സാന്റാക്ലോസ്
മോളെ തണുക്കും ജനൽ അടച്ചിട്ടു താഴേക്ക് വാ. എല്ലാരും കേക്ക് മുറിക്കാൻ കാത്തിരിക്കുന്നു.
മമ്മി മുറിയിൽ വന്നു പറഞ്ഞു.
മമ്മിയോടൊപ്പം സ്റ്റെയറുകൾ ഇറങ്ങുമ്പോൾ അവൾ ചോദിച്ചു.
മമ്മി ഈ സാന്റാക്ലോസിന്റെ വീടെവിടെയാ?
അങ്ങ് നീലാകാശത്തിനപ്പുറത്തുള്ള . മാലാഖമാരുടെ നാട്ടിൽ.
എല്ലാ ക്രിസ്മസ് ദിവസങ്ങളിലും മാലാഖമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ സമ്മാനങ്ങൾ സാന്റാക്ലോസിനെ ഏല്പിക്കും. മഞ്ഞുപൊഴിയുന്ന രാത്രിയിൽ സാന്റാക്ലോസ് എല്ലാരുടെയും വീട്ടിൽ കൊണ്ടു വന്നു സമ്മാനങ്ങൾ കൊടുക്കും.
ഇന്നും സാന്റാക്ലോസ് വരുമോ?
പിന്നേ വരും.
അവർ താഴെ വിശാലമായ ഹാളിൽ എത്തിയപ്പോൾ എല്ലാവരും ഹാപ്പി ക്രിസ്മസ് പാടുന്നുണ്ടായിരുന്നു..
തിരക്കുകൾക്കിടയിൽ നിന്നും അവൾ മുറ്റത്തെ ക്രിസ്മസ് ട്രീയുടെ അരികിൽ ഇരുന്നു.
ബലൂണുകളും നക്ഷത്രങ്ങളും കായ്ക്കുന്ന മരം അവൾക്ക് അത്ഭുതം തോന്നി.
പെട്ടന്ന് പഞ്ഞിപോലുള്ള ഒരു കൈ അവളെ കോരിയെടുത്തു…
സന്തോഷത്തോടെ നോക്കുമ്പോൾ സന്റാക്ലോസ്.
ഹാപ്പി ക്രിസ്മസ് മോളു…
ഹാപ്പി ക്രിസ്മസ് അവളും തിരിച്ചു പറഞ്ഞു…
തിളക്കമുള്ള റിബൺ കെട്ടിയ ഒരു സമ്മാനം സാന്റാക്ലോസ് അവൾക് നേരെ നീട്ടി..
താങ്ക് യു..
അവൾ അയാളെ കെട്ടിപിടിച്ചു.
സാന്റാക്ലോസിന്റെ വീട്ടിൽ എന്നെയും കൊണ്ടു പോകാമോ? ഞാനും വരട്ടെ അവിടെ മാലാഖമാരെ കാണാൻ.
അവൾ ചോദിച്ചു..
വേണ്ട മോളെ..
പ്രായമാകുമ്പോഴേ അവിടെ പോകാൻ പറ്റുകയുള്ളൂ.
ആർക്കും വേണ്ടാത്തവരെയേ അവിടെ ചേർക്കുകയുള്ളൂ.
സാന്റാക്ലോസിന്റെ വീടിന്റെ പേരെന്താ അവൾ ചോദിച്ചു..
വൃദ്ധസദനം.. എന്നാണ് അതിന്റെ പേര്.
അവിടെ പ്രായമായവർ മാത്രം.
അവൾക്കൊന്നും മനസിലായില്ല.
ആ കൈകളിൽ ഉമ്മ വെക്കുമ്പോൾ അവൾ കണ്ടു സന്റാക്ലോസിന് കണ്ണുനീർ വരുന്നു.
അയ്യോ സാന്റാക്ലോസ് കരയുകയാണോ?
അല്ല മോളെ..,സ്നേഹം കൊണ്ട് കരഞ്ഞതാണ്.
അവൾ നോക്കി നിൽക്കെ സാന്തക്ലോസ് നിലാവിൽ മറഞ്ഞു.
സാന്റാക്ലോസ് നൽകിയ ക്രിസ്മസ് സമ്മാനം അവൾ തുറന്നു...
താൻ വലിയപ്പച്ചന്റെ മടിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ.
അവൾ അതു നെഞ്ചോട് ചേർത്ത് അകലേക്ക് നോക്കി.
നക്ഷത്രങ്ങളുടെ നടുവിലൂടെ സാന്തക്ലോസ് വൃദ്ധസദനത്തിലേക്ക് നടക്കുന്നുണ്ടായിരുന്നു..