രചന : താഹാ ജമാൽ.✍️
നിനക്കോർമ്മയുണ്ടോ…?
ഇതുപോലൊരു,
ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്
കരോൾകാർ വന്നു മടങ്ങിയ രാത്രിയാണ്
നമ്മൾ താറാവിനെ കൊല്ലാൻ പോയത്
കഴുത്തിൽ കത്തിയമർന്ന പിടച്ചിലിന്റെ
ഭയപ്പാടിന്റെ മദപ്പാടിളകി
താറാവോടിയ ഓട്ടം
ഇന്നും നെഞ്ചിൽ കിതയ്ക്കുന്നുണ്ട്.
താറാവിനെ കണ്ടെടുത്തുമടങ്ങുന്ന
വഴിയിലാണ്
നിനക്ക് വിഷം തീണ്ടിയത്.
യൗവ്വനാരഭത്തിലെ നിന്റെ വളർച്ച
കണ്ണുകിട്ടിയവന്റെ മരണമാണെന്ന്
ത്യേസ്യാമ്മ പറഞ്ഞത് എന്റെ കാതിലിപ്പഴുമുണ്ട്.
നീ, വാങ്ങിയൊളിപ്പിച്ച
ബിയർ ബോട്ടിലിനു മുമ്പിൽ നിന്ന്
അപ്പച്ചൻ അലമുറയിട്ടതും
അൾത്താരയ്ക്ക് മുമ്പിൽ
അമ്മച്ചി ബോധംകെട്ടതും.
അന്നുമുതലവർ മിണ്ടാതായതും
ഞാനിന്നും കണ്ടു മരിക്കുന്നു.
വെള്ളാരം കണ്ണുകളുള്ള നിനക്കിപ്പോൾ
എന്റെ പ്രായമാണെന്ന്
എന്റെമ്മച്ചി ഓരോ
ക്രിസ്തുമസിന്റെ തലേ പാതിരാത്രിയിലും
ഓർമ്മിപ്പിക്കും.
നിന്റെ കല്ലറയിൽ
ഞാനിന്ന് നിൽക്കുമ്പോൾ
ആകാശത്ത് നക്ഷത്രങ്ങൾ ചിരിയ്ക്കുന്നു
നിന്റെ മണമുള്ള ഒരു രാത്രി കൂടി
ഞാൻ പനിയ്ക്കുന്നു.
നീയെന്നെ വീണ്ടും ഭയപ്പെടുത്തുന്നു.
ഈ പാതിരാത്രിയിൽ
സാമ്രാണിയുടെയും പനിനീരിന്റെയും
മണമാണ് വീടിനു ചുറ്റും
ഇന്നും നിന്നെ ഞാൻ ഉറപ്പു വരുത്തുന്നു
ഓരോ ക്രിസ്തുമസിനുമെന്ന പോൽ…..
………………….. ………………