രചന : ജയരാജ് പുതുമഠം.✍️
ഹൃദയത്തിൻ മിഴിവാതിൽ
ഒരുങ്ങിനിൽപ്പൂ
നിൻ ദിവ്യദീപ്തി കണ്ടുണരാൻ
കാതോർത്തു മാനവർ
നെഞ്ചിൽ തളിർത്ത ചന്ദനക്കൂടുമായ്
സ്നേഹരാഗത്തിൻ
താരകപ്പൂക്കൾക്കായി
തമ്പേറ് കേൾക്കുന്നു
ദിവ്യനിശയുടെ
കുന്തിരിക്കഗന്ധം പൊങ്ങി വാനിൽ
ആധികൾ പൂക്കുന്ന ജീവിതവാരിധി
ദാനമായ് നൽകിയ വ്യാധികളേറി
ഞങ്ങളും നിൽപ്പുണ്ട്
അന്ധകാരദ്വീപ്യിൻ അങ്കണത്തിൽ
ജെറുസലേം മണ്ണിലെ ഉണ്ണികളേറെ
നൊന്തുകരിഞ്ഞതിൻ
ഗന്ധഗോപുരം കുന്തിരിക്കപ്പുകയിൽ
മറയ്ക്കാനാകുമോ
സഹന നാഥാ…
നിന്റെ ശിരസ്സിൻ മുറിവിനെ
വിനോദമായ് കാണും
ലോകരാക്ഷസ മാനസത്തിൻ
ആയുധപ്പുരകൾക്കാകുമോ
യുദ്ധവീഥിയിലെരിഞ്ഞ
ഉടലിന്റെ നിലയ്ക്കാത്ത
കരിം പുകകളുടെ വിലാപതാളം
കരുണയുടെ പ്രാവുകളുമായ്
ഒഴുകിവരൂ നക്ഷത്രരഥമേറി
മണ്ണിലെ ആരാമമുറ്റത്ത്
തിരുപ്പിറവിതൻ ശാന്തിഗീതവുമായ്.