രചന : ബിനോ പ്രകാശ്✍️
എന്റെ ഭാര്യ പൂർണ ഗർഭിണിയാണ്. പ്രസവസമയമാണ്.
അവൾ പേറ്റുനോവനുഭവിക്കുകയാണ്
ദയവായി ആരെങ്കിലും അല്പം സ്ഥലം അവൾക്കു വേണ്ടി തരുമോ?
ജോസഫ് ഒരു ഭ്രാന്തനെ പോലെ ഓരോ വാതിലുകളും ഓടി നടന്നു മുട്ടിക്കൊണ്ടിരുന്നു.
ആരെങ്കിലും ദയവു കാണിക്കണേ.
അല്പമകലെയായി മറിയ വേദന കൊണ്ടു പുളയുകയാണ്.
ആരും വാതിലുകൾ തുറക്കുന്നില്ല.
അവൻ വഴിയമ്പലങ്ങളിലേയ്ക്ക് ഓടി.
ദയവു ചെയ്തു അല്പം ഇടം തരുമോ..?
അവൻ കെഞ്ചി എല്ലാരും അയാളെ അത്ഭുതത്തോടെ നോക്കി.
ചിലർ അയാളെ കുറ്റപെടുത്തി
വിഡ്ഢി ഗർഭിണിയെ വീട്ടിൽ ഇരുത്താ മായിരുന്നില്ലേ. ഈ തണുപ്പത്ത് പൂർണ്ണ ഗർഭിണിയായവളെയും കൊണ്ട് യാത്ര പുറപ്പെട്ടവൻ.
മനുഷ്യത്വം ഇല്ലാത്തവൻ.
എന്നിട്ട് ഇപ്പോൾ ഓടിനടക്കുവാ.
ചിലർ സഹതപിച്ചു.
ഓരോ സത്രങ്ങളിലും അയാൾ കയറി
എങ്ങും ഇടമില്ല.
ലോകരക്ഷകനാണ് ജനിക്കാൻ പോകുന്നത്.
ജനങ്ങളെ പാപങ്ങളിൽ നിന്നും രക്ഷിക്കേണ്ടവൻ.ദൈവദൂതൻ സ്വപ്നത്തിൽ തന്നോട് സംസാരിച്ചത് ജോസഫ് ഓർത്തു.
അവനുവേണ്ടി ഒരിടമില്ല.
ഒച്ചയും ബഹളവുമുള്ള ഒരു മുറിയിൽ അയാൾ നോക്കി..
ആ മുറിയിൽ ബീവറേജു നടത്തുകയാണ് നിറയെ കുപ്പികൾ അവിടെ വൻ തിരക്കാണ്. അതിനിടയിൽ ആ സ്ഥലം ആര് തരാനാ.
അയാൾ അടുത്ത റൂമിലേക്ക് ഓടി..
അവിടെ നിറയെ യുദ്ധ സാമഗ്രികൾ നിറച്ചു വെച്ചിരിക്കുന്നു
ആറ്റം ബോംബും അണുമ്പോബും
അങ്ങനെ പലതും നിറച്ചു വെച്ചിരിക്കുന്നു അവിടെയും ലോകരക്ഷകന് ഇടമില്ല.സങ്കടത്തോടെ അടുത്ത മുറിയിലേക്ക് ഓടി.. അവിടെ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു.
ഒരുപാട് പേർ പരസ്പരം മിണ്ടാതെ മൊബൈൽ ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നു. എന്റെ ഭാര്യയ്ക്ക് ഒന്ന് പ്രസവിക്കുവാൻ ഇവിടെ അല്പം ഇടം തരുമോ? അയാൾ ഉറക്കെ ചോദിച്ചു.ആരുമത് കേട്ടതായി പോലും.. നടിക്കുന്നില്ല.
,ഈ ലോകരക്ഷന് വേണ്ടി ആര് അല്പം സ്ഥലം തരും?
പെട്ടന്ന് അയാൾ കേട്ടു കുറെ സ്ത്രീകളുടെ ശബ്ദം.
സ്ത്രീക്കല്ലേ മറ്റൊരു സ്ത്രീയുടെ വേദന മനസിലാക്കാൻ കഴിയു അയാൾ ആശയോടെ അവിടെയ്ക്ക് ഓടി.
വാതിലിൽ മുട്ടി. ഒന്ന് തുറക്കണേ ജോസഫ് ഉറക്കെ പറഞ്ഞു.
ആരും തുറക്കുന്നില്ല.
വീണ്ടും അയാൾ മുട്ടികൊണ്ടിരുന്നു. നാശം! എന്നു പറഞ്ഞു ഒരു സ്ത്രീ വാതിൽ പകുതി തുറന്നു.
അയാൾ വിവരം പറഞ്ഞു..
ഛെ.. ഇവിടെ ഇടമില്ല.
ഞങ്ങൾ സീരിയൽ കാണുകയാണ്. ദയവു ചെയ്തു. വേറെ വല്ലയിടത്തും ചോദിക്ക്.സീരിയൽ ഭ്രാന്തി വാതിൽ വലിച്ചടച്ചു..
ദൈവമേ! അയാളുടെ നെഞ്ചുരുകി.
നടു റോഡിൽ എന്റെ ഭാര്യ പ്രസവിക്കേണ്ടി വരുമോ?
എങ്കിൽ അതു ലൈവ് ആയി.. ആൾക്കാർ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ ഇടും. ജനിക്കുന്നത് ലോക രക്ഷകൻ ആണെന്നൊന്നും ആരും നോക്കില്ല. പോസ്റ്റ് വൈറൽ ആയാൽ മതി.
അയാൾ വീണ്ടും സത്രങ്ങളുടെ വാതിലിൽ മുട്ടി കൊണ്ടിരുന്നു.
അയ്യോ, ഇവിടെ ഷൂട്ടിംഗ് നടക്കുവാ.. ഇവിടെ സ്ഥലമില്ല സിനിമ ഭ്രാന്തന്മാർ പറഞ്ഞു.
അടുത്ത മുറിയിലേക്ക് ഓടി..
അവിടെ നിറയെ രാഷ്ട്രീയക്കാർ.. തങ്ങളുടെ പുകഴ്ച് പറയുന്നു.
ഓക്കേ, ലോക രക്ഷകന് പിറക്കാൻ അല്പം സ്ഥലം മതിയില്ലേ.
അടുത്ത ഇലക്ഷൻ വരെ കാത്തു നില്ക്കു ഞങ്ങളുടെ പാർട്ടി ജയിച്ചാൽ അല്പമല്ല കുറെയേറെ സ്ഥലം തരാം.
അവരുടെ പാഴ് വാഗ്ദാനം കേൾക്കാൻ അയാൾ നിന്നില്ല.
മുന്നോട്ട് ഓടി..
ദൈവപുത്രന് പിറക്കാൻ ഈ ഭൂമിയിൽ ഇടമില്ലേ.?അയാൾ പൊട്ടികരഞ്ഞു…
ഏയ്.. എന്തു ദൈവപുത്രൻ?
എടോ മനുഷ്യാ,ഇവിടെ ഒരു ദൈവപുത്രനും ജനിക്കേണ്ട. ഇതു കാശും പണവുമൊക്കെയുള്ളവർക്ക് മാത്രമാണ്. തിന്നും കുടിച്ചും ആനന്ദിക്കാനുമുള്ള സമയത്താ അവന്റെയൊരു ദൈവപുത്രനും തിരുപ്പിറവിയും.ധനികനായൊരുവൻ അയാളെ പരിഹസിച്ചു.
നിങ്ങൾ ദാ അവിടെ കാണുന്ന പശുതൊഴുത്തിൽ പോകു ആരോ ഒരാൾ പറഞ്ഞു.
ജോസഫ് ഓടി തന്റെ ഭാര്യയെ പിടിച്ചു കൊണ്ടു മെല്ലെ അവിടേക്ക് നടന്നു.
നീളമുള്ള കൊമ്പുകൾ ഉള്ള പശുക്കൾ.ദൈവമേ!കുത്തുന്ന പശുക്കളാണോ അയാളുടെ ഉള്ളൊന്നു കാളി.
എന്നാൽ പശുകളെന്ന മിണ്ടാപ്രാണികൾക്കു അവിടെ ജനിക്കാൻ പോകുന്നവൻ ആരെന്നു മനസിലായി.
അവർ കരഞ്ഞില്ല,
ചാണകം ഇട്ടില്ല.
തമ്മിൽ തമ്മിൽ കുത്തിയില്ല
അവ തിരുപ്പിറവിക്കു സാക്ഷികൾ ആയി.
ആകാശത്തു താരം വിരിഞ്ഞു.
മാലാഖമാർ ഗ്ലോറിയ പാടി..
യോർദ്ധാൻ നദിയിൽ നിന്നും കുളിർ കാറ്റ് വീശി..
അപ്പോഴും മനുഷ്യ മനസുകളെന്ന സത്രങ്ങൾ ഇടമില്ലാതെ ലോക ചിന്തകളുമായി തിങ്ങി നിറഞ്ഞു കൊണ്ടിരുന്നു.