രചന : കമാൽ കണ്ണിറ്റം ✍
അപ്പത്തിൻ്റെ വീട്*
ഇന്ന് മാംസത്തിൻ്റെ വീടായി …!
തിരുപ്പിറവിയുടെ പുൽകൂട്…
മാംസ ഗന്ധപ്പുകയിൽ വീർപ്പുമുട്ടുന്നു!
സമാധാനത്തിൻ്റെ ശാന്തിപ്പിറാക്കൾ ചുട്ടെരിക്കപ്പെടുന്നു.
കൊലപാതകത്തിൻ്റെ
ദംഷ്ട്രങ്ങളും നഖങ്ങളുമാഴ്ത്തി
കഴുകൻമാർ ചിറകുവീശുന്നു!
ഹാ…. ബത്‌ലഹേം…
നിൻ്റെ ഹൃദയം മുറിപ്പെടുന്നു…!
നീയിന്നൊരു യുദ്ധത്തിൻ്റെ ഭവനമായിരിക്കുന്നു…!
‘ലാമു’ദേവനും ദേവി ‘ലഹാമു’വും
അവരുടെ ക്ഷേത്രത്തിൽ നിന്നും കുടിയിറക്കപ്പെട്ടിരിക്കുന്നു ….
അവരുടെ സമാധാന ഗീതങ്ങൾക്ക് മേലെ
അശാന്തിയുടെ തിട്ടൂര ഗർജനങ്ങൾ!
ബത്‌ലഹേം!
നിൻ്റെ ഭൂതകാലം….,
നിൻ്റെ പേരന്ന് എഫ്രാത് എന്നായിരുന്നല്ലോ!
ബെന്യാമിൻ തനിച്ചായതും,
റാഹേൽ മരിച്ചതും,
അടക്കം ചെയ്യപ്പെട്ടതും
നിൻ്റെ മണ്ണിൽ …!
യഹൂദിയായിലെ
ഫലഭൂയിഷ്ട കൃഷിയിടം,
പാറുന്ന വയൽക്കിളികളുടെ
കളകളാരവങ്ങൾ…..!
കൃഷിക്കാറ്റിൻ്റെ കുളിർമകൾ…..
വിളവിൻ്റെ സുഗന്ധവും
സുഭിക്ഷതയും!
ദാവീദിൻ്റെ നഗരം..
നൈയ്തുകാരുടെ കേന്ദ്രം!
ലോഹത്തിളക്കമുള്ള ‘ബിഷ്ത’യുടേയും, ‘തക്സീര’യുടേയും
വർണ്ണവസ്ത്രത്തിളക്കം….!
പുഷ്പാലംകൃതമായ
‘തോബ് മലക്ക്’ ചേലകളുടെ
രാജകീയ വിവാഹമുദ്ര!
മാലാഖമാരുടേയും
ഇടയരുടേയും
കുഞ്ഞാടുകളുടെയും
പഥികരുടേയും ആശ്രയകേന്ദ്രം!
യേശുവിൻ്റെ ജനനക്കൂട് !
ഇരിപ്പിടാലയം!
സമാധാനത്തിൻ്റെ വെളുത്ത
പഞ്ഞി മഞ്ഞിൻ്റെ
ധവളശോഭക്കുളിർമകൾ !
ഇന്ന് പക്ഷേ ….,
എല്ലാം ഇരുട്ടിലായി …..!
കുഞ്ഞുങ്ങളുടെ കരോൾ ഗാനങ്ങൾക്ക് മേലെ,
മുഖത്ത് രക്ത ശോണിമയുടെ മുറിപ്പാടുകളാൽ പുളയുന്ന,
പിഞ്ചോമനകളുടെ
കണ്ണീർ വിലാപങ്ങൾ!
സാൻ്റയപ്പൂപ്പൻമാരുടെ
സമ്മാന വർഷങ്ങളില്ല!
ശ്മശാന മൗനങ്ങളിൽ
വീർപ്പടക്കിക്കിടക്കുകയാണിന്ന് നീ!
സയണിസത്തിൻ്റെ ഇസ്രയേൽ പിറവിയിൽ
കുരിശുമക്കൾ കുടിയിറക്കപ്പെടുന്നു…!
ജൂതപ്പിശാചിൻ്റെ
യുദ്ധവിളയാട്ടങ്ങളിൽ
ഹാ… ബത്‌ലഹേം!
നിൻ്റെ ചാരിത്ര്യവും ചരിത്രവും പിഴുതെറിയപ്പെടുന്നു….
നീയൊരു അസ്തിത്വമറ്റവളായ് …
വേരറ്റവളായ് ……
നിൻ്റെ ചരിത്ര മണ്ണിലിന്ന്
ജൂതവാസത്തിൻ്റെ
മാളിക നിലകളും…
ഇരുണ്ട ടാർ വീഥികളും നിറയുന്നു, നിരക്കുന്നു …!
ക്രിസ്തീയ വിശ്വാസവും ജീവിതവും അഭയാർത്ഥി ക്യാമ്പുകളിൽ തടിച്ച് കൂടുന്നു …!
ആരാധനാലയങ്ങളിലെ
ആഴ്ചപ്രാർത്ഥനകൾ
നെടുവീർപ്പുകളായൊടുങ്ങുന്നു…!
പുരോഹിതരുടെ അനുഗ്രഹ ഭാഷണങ്ങൾ മൗനവാത്മീകങ്ങളിലൊളിക്കുന്നു…!
ഫലസ്തീനികളുടെ രോദനങ്ങൾ ബത്‌ലഹേമിൻ്റെ കൂടി രോദനങ്ങളാണെന്ന്,
ക്രിസ്തീയരുടെ അഭയാർത്ഥി
വിലാപങ്ങളാണെന്ന്
ഇനിയെങ്കിലും ആരാണൊന്ന് വിളിച്ച് പറയുക!
ആത്മാർത്ഥത തീണ്ടിയില്ലാത്തയീ കപടലോകത്തിൽ,
ഹാ! നിശ്ചയമില്ലൊന്നിനും !