രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍
നിൻറെ സ്തുതികൾ പാടുന്നു ലോകം –
കാലിത്തൊഴുത്തിൽ പിറന്നുനീയെന്നും
മരുവിലലയുവോർക്കവിടേക്കൊരു
വെള്ളിനക്ഷത്രം വഴികാട്ടിയെന്നും
പാടുന്നുനീളെ കരോളു ലോകം
പുതിയവയെത്തുന്നു വർഷാവർഷം
അമൃതുപോൽ മധുരമവയെല്ലാമേ
എങ്കിലുമുണ്ടെനിക്കെൻറേതായി
കാരണം നിൻറെ മഹത്വം പാടാൻ
കൃസ്ത്യാനിയല്ല ഞാൻ ചെവികൊടുക്കാറില്ല
മത്സരിച്ചു വിവിധമാർഗ്ഗങ്ങളിൽ
വിശ്വാസംവിൽക്കും പ്രചാരകർക്ക്
ഉണ്ടായിരുന്നുപണ്ടെൻറെ രാജ്യത്തിന്ന്
ഉന്നതാനായോരു രാഷ്ട്രീയനായകൻ
നിൻറെ ജീവിതം നേരായുൾക്കൊണ്ടവൻ.
നിന്നെയറിഞ്ഞുപഠിച്ചുള്ള സർവ്വവും
സ്വന്തം മാർഗ്ഗത്തിൽ പകർത്തിയപുംഗവൻ
അടിമത്വജീവിതദുരിതത്തിൽമുങ്ങിടും
ഞങ്ങളെ കരകേറ്റി പാടിത്തന്നോൻ
കൃസ്തു നീ സത്യത്തിൽ ഭാരതാത്മാവിൻറെ
പുണ്യങ്ങൾകൊട്ടീടും ഹൃദ്സ്പന്ദനം
ഞങ്ങടെ രാഷ്ട്രപിതാവാണാനായകൻ
വേറൊരു മർത്ത്യനും ലോകത്തിതേവരെ
കാണിച്ചതില്ലയത്രക്കാത്മവിശ്വാസം
നിൻറെ വചനങ്ങളെ പ്രവർത്തിക്കാൻ
ഇന്ത്യ കടപ്പെട്ടിരിക്കുന്നു നിന്നോട്
സ്വന്തം നിനക്കിന്ത്യക്കാരെല്ലാം സത്യത്തിൽ
ദൈവവിളക്കേ നയിച്ചാലും ഞങ്ങളെ
ലോകം പ്രഭാമയമാക്കിമാറ്റൂ പ്രഭോ
ആഘോഷമാക്കിടാം പുണ്യപ്പിറവിയെ
ശാന്തിതൻ ദിവ്യയുഗത്തെ വരുത്തിടാം
സൃഷ്ടിസമഷ്ടിയും സന്തുഷ്ടരാകട്ടെ
കൃസ്തുവിൻ സത്യാത്മബോധവെളിച്ചത്തിൽ
ചങ്ങലയില്ലാതെ, കൈവിലങ്ങില്ലാതെ
തെല്ലുപോലും വിഭജനമില്ലാതെ
ഏകത്വം പൂക്കും പരമസമത്വത്തിൽ