രചന : കെ.ആർ.സുരേന്ദ്രൻ✍
ഗാസയിലെ കുട്ടികളെ
മരണഭയത്തേക്കാൾ
വിശപ്പിന്റെ
കഴുകൻ കണ്ണുകൾ
തുറിച്ചുനോക്കുന്നു.
ആമാശയങ്ങളിൽ നെരിപ്പോടുകളെരിയുമ്പോൾ
മരണം അവർക്കൊരു
വരമാകുന്നു.
എയർ റേയ്ഡ്
സൈറണുകൾ
അന്തരീക്ഷത്തിൽ
ഹുങ്കാരമാകുമ്പോൾ
മുതിർന്നവർ
വിഭ്രാന്തിയുടെ കണ്ണുകളോടെ അവരെ
നെഞ്ചോട് ചേർക്കുന്നു.
മുതിർന്നവരുടെ
കണ്ണുകളിലെ
വിഭ്രാന്തിയുടെ
പൊരുളറിയാതെ
വായിക്കുമ്പോഴും
കുട്ടികൾ
വിശപ്പിന്റെ
നെരിപ്പോടുകളെ മാത്രം
ഭയക്കുന്നു.
ഗാസയിൽ
കൊടിയ
ശൈത്യകാലമാണിപ്പോൾ.
വിശപ്പിനെ
ഭയക്കുന്ന കുട്ടികൾ
മഞ്ഞിൻ തണുപ്പിൽ
പലപ്പോഴും
ഉറഞ്ഞുപോകുന്നു.
അപ്പോൾ മാത്രം
അവർ
വിശപ്പിൽ നിന്ന്,
ശബ്ദമുയർത്താനാകാതെ
സ്വാതന്ത്ര്യം
പ്രഖ്യാപിക്കുന്നു.
മഞ്ഞ് അവർക്കായി
രക്ഷകനായി
വേഷം മാറിയെത്തുന്നു.
ശത്രു പരുന്തായി
റാഞ്ചാനെത്തുമ്പോഴേക്കും
അവർ
മറവിയുടെ മഞ്ഞിൽ
പുതഞ്ഞ്
പോയിരിക്കും.
മഞ്ഞ്
പലർക്കും,
പലയിടത്തും,
പലപ്പോഴും,
പല അവതാരങ്ങളാണ്.