രചന : ബീന ബിനിൽ✍
അരങ്ങിൽ ആടിത്തിമിർത്ത ആട്ടങ്ങൾ
അവസാനിപ്പിച്ച് തിരിച്ചെത്തിയോ നീ.
പൂനിലാവ് പരന്നൊഴുകിയ നിശതൻ യാമത്തിലും
മിഴികൾ അടയാതെ എരിയുകയായിരുന്നു എൻ ഹൃദയം.
കത്തുന്ന തീയിലേക്ക് ആവാഹിക്കുന്ന എണ്ണപോൽ
കാറ്റിലെ മൃദുതലോടൽ പോൽ
വീണ്ടുമെന്തിനായ് വന്നു നീ.
ഒന്നുമൊന്നും വ്യക്തമാവാതെ
ഒന്നുമൊന്നും പൂർണ്ണമാവാതെ താളലയ
ഗാനമാം സംഗീതസാന്ദ്രതയിൽ
പാട്ടായ് വീണ്ടും നീയെത്തിയല്ലോ.
മോഹത്തിൻ അനുരണനങ്ങൾ
മോഹഭംഗത്തിൻ മിന്നൽപിണരുകൾ
ഏതോ നിശയിലെ ഭീകരതയായ് അവശേഷിച്ചില്ലേ.
ഓരോ നിമിഷവും ഓരോ ശരീരമായ് കല്ലറയുടെ
കവാടത്തിൽ എത്തവേ ഉരുകുന്ന ഹൃദയവുമായ്
കദനഭാരത്താൽ വീണ്ടുമെത്തിയല്ലോ നീ.
ആരെന്നോ എവിടെ നിന്നെന്നോ ഞാനാരായുന്നില്ല
മനസ്സാകും നൈർമല്യത്താൽ പനിനീർ പൂഷ്പമായ്
എത്തിയതല്ലോ നീയെന്ന ഗന്ധമാം പുഷ്പം .
എരിഞ്ഞു തീരുന്ന മെഴുകുതിരിനാളം പോൽ
മനസ്സെന്ന നാലുകെട്ടിലെ നടുമുറ്റത്ത് കൊഴിഞ്ഞു
വീണു കിടക്കുന്ന ഇലകൾ തൻ നിശ്ചലത.