രചന : എം പി ശ്രീകുമാർ✍
ധനുമാസപ്പുലരിയിൽ
വിരിയുന്ന പൂവിൻ്റെ
ധന്യതയാർന്നാ ചിരിയിൽ മുങ്ങി
നറുനിലാവൊഴുകുന്ന
സുസ്മിതം തൂകി
നവ്യാനുരാഗത്തിരകൾ ചിന്നി
നിർന്നിമേഷം
നില്ക്കുന്നതാരൊ
നീരാഞ്ജനപ്പൊൻദീപം പോലെ !
കുളിരാർന്ന കുഞ്ഞിളം
തെന്നലൊതുക്കുന്ന
യളകങ്ങൾ പിന്നെയുമിളകി വീണു
തളിരാർന്ന മോഹങ്ങൾ
തളരാതെ പിന്നെയും
പാറിപ്പറന്നുയരുന്ന പോലെ !
ഇളംസൂര്യനാളങ്ങൾ
നഖചിത്രമെഴുതുമ്പോൾ
പൂക്കുന്ന പുണ്യപുലർകാലത്തിൽ
നിലയില്ലാ സ്വപ്ന-
ക്കയത്തിലേക്ക്
നറുകാവ്യം പോലാരു തുഴഞ്ഞുവന്നു
ധനുമാസപ്പുലരിയിൽ
വിരിയുന്ന പൂവിൻ്റെ
ധന്യതയാർന്നാ ചിരിയിൽ മുങ്ങി
നറുനിലാവൊഴുകുന്ന
സുസ്മിതം തൂകി
നവ്യാനുരാഗത്തിരകൾ ചിന്നി
നിർന്നിമേഷം
നില്ക്കുന്നതാരൊ
ന്നീരാഞ്ജനപ്പൊൻ ദീപം പോലെ!