രചന : ജിഷ കെ ✍
ഉപേക്ഷിച്ചു കളയുന്നതിനും മുൻപേ
ഉടൽ
ഭിക്ഷുക്കൾ വന്ന് പോകുന്ന
ഇടമായിരുന്നിരിക്കണം
ബുദ്ധന്…
അത് നിരന്തരം
വിട്ട് പോകലുകളുടെ
ഭാഷയിൽ
സംവദിച്ചു…..
എടുത്തു ചാട്ടം ഉടൽ അതീവ
കൗശലത്തോടെ
ഒളിപ്പിച്ചു വെച്ച
ഒരു മറുക്..
അതും ബുദ്ധമന്ത്രങ്ങളുടെ
കൊടും കാറ്റുകൾ
അടക്കം ചെയ്തത്…
നിശബ്ദത കൊണ്ട് കെട്ടാവുന്ന ഒരു പായ്ക്കപ്പൽ
ഉടൽ ചുറ്റിലും
വലിച്ച് കെട്ടും വരെയും
ബുദ്ധൻ
ഒരു കടൽ കൊള്ളക്കാരനായിരുന്നിരിക്കണം…
കടൽ
കൂടുതൽ ഉപ്പ് ചേർത്ത്
നിർമ്മിക്കുന്ന
സങ്കടങ്ങൾ
നങ്കൂരമെന്ന പോലെ
അപായങ്ങളുടെ കിടങ്ങുകൾ
വലിച്ച് പുറത്തിട്ട്
അതിൽ വിശ്രമിക്കുന്ന
ഒരു നെടു വീർപ്പാകും
ബുദ്ധനെ
എന്നും വിളിച്ചുണർത്തുന്നുണ്ടാവുക…
അങ്ങനെയെങ്കിൽ
ബുദ്ധന്റെ പ്രഭാതങ്ങൾ
ആത്മഹത്യകളുടെ
മുനമ്പുകളിൽ
ചെന്ന്
അഭിവാദ്യങ്ങൾ അർപ്പിക്കുമായിരിക്കും..
ഒരിക്കൽ വേണ്ടായെന്ന് വെച്ച
ഒരു ആത്മഗതവും ചുമന്ന്
ബുദ്ധനെ കടന്ന് പോകുന്നുണ്ട്
എന്റെ തുമ്പി….
പരസ്പരം കണ്ടില്ലെന്ന
ഒരു ദീർഘ നിശ്വാസം
ഞങ്ങൾ അതി വിദഗ്ദമായി
ഒളിപ്പിക്കുന്നു…
പ്രണയിക്കും നേരം
ബുദ്ധൻ തൊടുന്ന
ചിന്തകൾ
തീവ്ര വാദികളായ
ശലഭങ്ങൾ
എന്ന് ഞാൻ സംശയിക്കുന്നു…
ഒരിക്കൽ വന്നു പോയതിൽ പിന്നെ
എന്റെ ഉദ്യാനമോ
പൂക്കളോ തന്നെയും
അപ്രത്യക്ഷമായിരിക്കുന്നു…
ആളുകൾ
ദിനം പ്രതി എന്നെ കടന്ന് പോകുമ്പോഴൊക്കെ
പൂക്കളുടെ സുഗന്ധത്തെക്കുറിച്ചും
ഋതുക്കളുടെ
കടന്ന് കയറ്റത്തെ ക്കുറിച്ചും എന്നോട്മാത്രം
വാചാലരാവുന്നുവെങ്കിൽ പ്പോലും…
അടഞ്ഞ കണ്ണുകൾ
ഒരു മേൽ വിലാസമാവുമെങ്കിൽ
ബുദ്ധൻ
എനിക്ക് നിരന്തരം
കത്തുകൾ അയക്കുന്നുണ്ട്..
ലിപികൾ കണ്ടെത്തി
ഞാൻ സൃഷ്ടിക്കുന്ന ഭാഷ
ഉടലിന്
പുറത്ത്
കാത്തുനിൽക്കുന്നു…
എല്ലാ വൈകുന്നേരങ്ങളിലും
ബുദ്ധൻ ചെന്ന് കയറുന്ന ഇടം
ഉടൽ തട്ടി ക്കുടഞ്ഞ്
നിശബ്ദതവിരിക്കുന്നു…
ഞാൻ ആ വീടിന് കാവൽ നിൽക്കുന്ന
തല തെറിച്ച
ഒരു കാത്തിരിപ്പാണെ ന്ന് പറഞ്ഞാൽ
വിശ്വസിക്കുമോ നിങ്ങൾ💓