രചന : ഷബ്ന ഷംസു ✍
പത്ത് മണിക്ക് പത്ത് മിനിറ്റുള്ളപ്പോ കോര മീൻ പൊരിച്ചതും പയറ് ഉപ്പേരിയും കൂട്ടി വയറ് നിറയെ ചോറ് കഴിച്ചതാണ്..
അടുക്കളയിലെ അവസാനത്തെ പാത്രവും കഴുകി വെച്ച് ഡൈനിംഗ് ടേബിള് ഡെറ്റോൾ കൊണ്ട് തുടച്ച് സിങ്കും സ്ലാബും പളപളാ മിന്നിച്ച് ദോശക്കുള്ള അരിയും കടലയും വെള്ളത്തിലിട്ട് പുറത്തെ വാഷ്ബേസിന്ന് പല്ല് തേച്ച് അടുക്കളയിലെ നാല് പൊളി വാതില് കുറ്റി ഇട്ട് എല്ലാ റൂമിലും കയറി ഇറങ്ങി ലൈറ്റോഫാക്കി വാതിലടച്ച് ഞങ്ങൾടെ ബെഡ് റൂമിലെത്തി….
കോട്ട് വാ ഇട്ട കുരങ്ങനെ പോലെ പാതി തുറന്ന കണ്ണും കൊണ്ട് ആരോ നിർബന്ധിച്ച് പറഞ്ഞിട്ട് ഫോണില് നോക്കിയിരിക്കുന്ന പ്രിയപ്പെട്ട കെട്ടിയോൻ്റെ അരികില് Z പോലെ ചുരുണ്ട് കിടന്ന് പുതപ്പ് വലിച്ചിട്ട് എൻ്റെ ഫോണും കൊണ്ട് ഞാനും കിടന്നു…
ഫേസ് ബുക്കിലെ കഥകള് വായിച്ചോണ്ടിരിക്കുമ്പളാണ് പെട്ടെന്ന് എൻ്റെ ഇടത് വശത്തെ നെഞ്ചീന്നൊരു കുത്തുന്ന വേദന… നീട്ടി വലിച്ച് ഞാനൊന്ന് ചുമച്ചു… എന്നിട്ട് വലത് വശം ചെരിഞ്ഞ് കിടന്നു…
വേദന കൂടി കൂടി വരുന്നു…
ഇടത്തേ കയ്യിലേക്കും കഴുത്തിന് പുറകിലോട്ടും വല്ലാത്ത വേദന…
ആംബുലൻസിൻ്റെ മുകളിലത്തെ ലൈറ്റ് പോലെ ഹൃദയം വല്ലാണ്ട് മിടിക്കുന്നു…
മെല്ലെ എഴുന്നേറ്റ് ജഗിലെ വെള്ളം കുടിച്ചു…
ഇല്ലാ… കുറയുന്നില്ല.. വീണ്ടും വീണ്ടും ശക്തിയായി വേദനിക്കുന്നു….
ഞാൻ നിലത്തിരുന്ന് കരയാൻ തുടങ്ങി…
സഹിക്കാൻ പറ്റാത്ത വേദന….
ഇക്ക ഒരു ഗ്യാസിൻ്റെ ഗുളിക തന്നു…
“ഇയ്യ് കോര മീൻ എത്രണ്ണാ തിന്നത്…. “
“രണ്ടെണ്ണം…. പിന്നെ ങ്ങള് തിന്നതിൻ്റെ ബാക്കിയും മോളൂൻ്റെതും നുള്ളി തിന്നിനും…”
“ഗ്യാസ് കേറിയതായ്ക്കും…… ഇപ്പം മാറിക്കോളും ”
പക്ഷേ എന്നെക്കൊണ്ട് സഹിക്കാൻ പറ്റിയില്ല… മുഖവും കയ്യും കാലും വിയർക്കാൻ തുടങ്ങി…
കരച്ചിൽ പുറത്തോട്ട് വരാതെ തൊണ്ടയിൽ കുടുങ്ങി കിടന്നു…
കണ്ണ് തുറിച്ച് ശ്വാസം മേലോട്ട് വലിച്ച് ഞാൻ വേദനയെ പ്രതിരോധിച്ചു….
പെട്ടെന്നുള്ള ഭാവമാറ്റം ഇക്കാനെ പേടിപ്പിച്ചെന്ന് തോന്നുന്നു…
ഒരു ഷർട്ടെടുത്തിട്ട് സ്ഥാനം തെറ്റിച്ച് കുടുക്കിട്ട് വണ്ടിയുടെ ചാവിയെടുത്ത് ഒരു വിധത്തിലെന്നെ വണ്ടിയിലിരുത്തി….
ലൈറ്റിട്ട് ഹോണടിച്ച് 108 പോണ പോലെ സ്പീഡില് പോയി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു…
ഹോസ്പിറ്റലിൻ്റെ മുറ്റത്ത് എത്തോളം എനിക്ക് ബോധം ഉണ്ടായിരുന്നു… പിന്നെ പിന്നെ ഭാരമില്ലാതെ ശൂന്യമായ എന്തോ ഒരു അവസ്ഥ…
കൈകൾ അനക്കാനും എണീച്ച് നടക്കാനും തോന്നുന്നെങ്കിലും ഒന്നിനും സാധിക്കാത്ത ഒരു പ്രത്യേക തരം അവസ്ഥ…
ആ നിമിഷത്തിലാണ് ഞാൻ മരണപ്പെട്ടത്…
ചീറിപ്പാഞ്ഞ് വന്ന ആൾക്കാർ ട്രോളിയുന്തി എന്നെ ICU വിൽ എത്തിച്ചു…
നാഡി പിടിച്ച് ഡോക്ടർ കൈ മലർത്തി…
വാതിലിനപ്പുറം ആകെ പിടിത്തം വിട്ട് 14 കൊല്ലം എൻ്റെ താങ്ങും തണലുമായ പ്രിയപ്പെട്ട കെട്ടിയോൻ…..
ഡോക്ടറുടെ മുഖഭാവത്തിൽ നിന്ന് ജീവൻ്റെ പാതി നഷ്ടപ്പെട്ട വേദനയിൽ കസേരയിൽ അമർന്നിരുന്ന് രണ്ട് മിനുട്ട് തല തല്ലി കരഞ്ഞു…
പിന്നീട് ആരൊക്കെയോ ഫോൺ ചെയ്തു…
സെക്കൻ്റുകൾ കൊണ്ട് ഹോസ്പിറ്റൽ ആളുകള് കൂടി…
പലരും വീട്ടിലേക്ക് പോയി…
അങ്ങനെ ഹോസ്പിറ്റലിലെ നൂലാമാലകളൊക്കെ കഴിഞ്ഞ് നേരം വെളുക്കാനായപ്പോ എന്നെ വീട്ടിലെത്തിച്ചു…
വെള്ളയിൽ പുതച്ച് ഡൈനിംഗ് ഹാളിലെ ഐക്കട്ടിലിൽ നീണ്ട് നിവർന്ന് മൂക്കില് പഞ്ഞി വെച്ച് പെരുവിരല് കൂട്ടി കെട്ടി ഞാൻ കിടന്നു….
അകത്ത്ന്നും പുറത്തുന്നും അമർത്തി പിടിച്ച കരച്ചില്….തങ്കപ്പേട്ടൻ്റെ വീട് തൊട്ട് അങ്ങേ തലക്കലെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട് വരെ ഉള്ളവരൊക്കെയും എൻ്റെ മുഖം കണ്ട് പൊട്ടി കരയുന്നു….
ഹാളിലെ മൂലക്കല് ഒരു ചുമന്ന കസേരേല് ആരോ ഇരുന്ന് തല തല്ലി കരയുന്നുണ്ടല്ലോ…
എൻ്റെ ഇത്താത്തയാണ്….
ഓള് ഇട്ടത് എൻ്റെ പുത്യേ ഷാളല്ലേ… കഴിഞ്ഞ ആഴ്ച ഇക്കാൻ്റെ പേഴ്സിന്ന് അടിച്ച് മാറ്റിയ 350 ഉറുപിയക്ക് ഞാൻ വാങ്ങിയ ഷാളിലാണ് ഓള് മൂക്ക് തുടക്കുന്നത്…..
കുരിപ്പ്… മരിച്ച പൊരേന്നെങ്കിലും സ്വന്തം ഷാൾ ഇട്ടൂടേ…
ഓളെ രണ്ട് മക്കളേടെപ്പോയി…
രണ്ടാളും ടേബിളില് തല വെച്ച് കരയുന്നുണ്ട്…
ഇനീപ്പോ എൻ്റെ അലമാരേലെ ചുരിദാർ മുയുവനും ഓര് കൊണ്ടോവും…
ജീവിച്ചിരിക്കുമ്പളേ ചുരിദാറിൻ്റെ പേരും പറഞ്ഞ് രണ്ടാളും ഇനിക്ക് സ്വൈര്യം തരലില്ല…
എനിക്കൊരു ആങ്ങള ണ്ടായിനല്ലോ… ചെറുപ്പത്തില് ചോറും കൂട്ടാനും വെച്ച് കളിക്കുമ്പോ ഓൻ്റെ ചിരട്ടേലെ മണ്ണിൻ്റെ ചോറ് ഞാൻ തട്ടി തെറിപ്പിച്ചൂന്നും പറഞ്ഞ് എന്നെ കുനിച്ച് നിർത്തി കയ്യിൻ്റെ മുട്ടോണ്ട് കൂമ്പിനിട്ട് ഇടിച്ച വേദന ഇപ്പളും ണ്ട്… അന്ന് തൊട്ടാ നടക്കുമ്പോ എനിക്ക് ലേശം വളവ് വന്നത്…
ഓനല്ലേ വളഞ്ഞോണ്ട് നിന്ന് അപ്പുറത്ത്ന്ന് മുഖം പൊത്തി കരയുന്നത്….
വെളത്ത്ന്ന് കരയിൽ കേറി കിടക്കുന്ന മുതലേൻ്റെ പോലെ ഒരു വികാരവും ഇല്ലാണ്ട് തട്ടം കടിച്ച് പിടിച്ച് വാപ്പാൻ്റെ കട്ടിലില് ഇരിക്കുന്നത് ആരാണ്…. അത് ൻ്റെ അമ്മായ്മ അല്ലേ…
നസീമാൻ്റെ വീട്ടിൽത്തെ അങ്ങനത്തെ മിക്സി വാങ്ങിയാ മതി… ഈ കുന്ത്രാണ്ടം എങ്ങനാ അരക്കാന്ന് ഇനിക്കറിയൂലാന്ന് ഇന്നലേം കൂടി ഉമ്മ പരാതി പറഞ്ഞതാ…
ഇന്നലെ വെള്ളത്തിലിട്ട അരി എങ്ങനെ അരച്ചെടുക്കുംന്നുള്ള ബേജാറ് ഉമ്മാൻ്റെ മുഖത്ത് നല്ലോണം ണ്ട്..
അല്ലാ…ഷംസുക്കാനെ കാണാൻ ഇല്ലാലോ… അകത്തേ മുറിയിലാന്ന് തോന്നുന്നു… ആണുങ്ങളൊക്കെ അങ്ങോട്ട് പോവുന്നുണ്ട്…
ഇയ്യി മരിച്ചാ നാല്പത് കയ്യാണ്ട് ഞാൻ കെട്ടൂലാന്നും ആരെ കെട്ടുംന്ന് നറുക്കിടേണ്ടി വരുമല്ലോ ന്നോർത്തും ആണ് എൻ്റെ ടെൻഷൻ ന്ന് മൂപ്പര് എപ്പളും പറയൽ ണ്ട്..
ആരാണത്…. BG M ഇട്ട് കരയുന്നത്…. എൻ്റെ മുറീന്നാണല്ലോ……
നസിയ… മൂത്തമ്മാൻ്റെ മോള്… ഗസൽ സിംഗർ… കട്ട ചങ്ക് കസിൻ….
ഇന്നലെ രാത്രീം കൂടെ ഓള് വിളിച്ചതാ… മാലിക്കിലെ തീരമേ എന്ന പാട്ട് പാടി തരോന്ന് ചോയ്ച്ച്… ഞാൻ പാടിയും കൊടുത്ത്… രാവിലായപ്പോ മരിച്ചൂന്നാ കേൾക്കണത്… ഞമ്മളിത് എവിടെ വെച്ച് സഹിക്കും രഹനാന്നും പറഞ്ഞ് ഹാർമോണിയം വായിക്കുന്ന പോലെ രഹനൻ്റെ കൈ മുറുക്കി പിടിച്ച് കരയുന്നുണ്ട്……. എൻ്റെ മയ്യത്ത് എടുത്ത് കയിഞ്ഞാ ആദ്യം ഓള് രഹനനോട് ചോയ്ക്കും… അൻ്റെ ഈ വാച്ച് ഓൺലൈനില് വാങ്ങിയതാണോന്ന്…..
മുറ്റത്തൊരു ജീപ്പ് നിർത്തിയല്ലോ….. ആരാണത്…..
എൻ്റെ ഹോസ്പിറ്റലിലെ ജീപ്പ്… ബ്രിട്ടീഷുകാരുടെ കാലത്തുള്ള പുഷ്പേട്ടൻ്റെ സ്വന്തം ജീപ്പ്…
സൂപ്രണ്ട് സാറും വേറെ ആരൊക്കെയോ ണ്ട്…
ഈ ഷംസുക്ക ഇതെവിടെ പോയി..ഓരോക്കെ ആദ്യായിട്ടാ ഞമ്മളെ വീട്ടില് വരണത്….
മുൻവശത്തെ അയലില് ജട്ടി ഉണക്കാനിട്ട പോലെ ങ്ങള് മറയത്ത് പോയി നിക്കല്ലി… ഓരെ സ്വീകരിക്കാൻ ചെല്ലി….
ചായ കൊടുക്കണല്ലോ റബ്ബേ…. ഫ്രിഡ്ജില് പാല്ണ്ട്…. ബേക്കറി ണ്ട്… എൻ്റെ അടുക്കള… എൻ്റെ സ്വന്തം സാമ്രാജ്യം…. ഇനി എനിക്ക് അതില്ലാലോ….
പാലമരം നഷ്ടപ്പെട്ട കുട്ടിച്ചാത്തനെ പോലെ അതിന് ചുറ്റും പറന്ന് നടക്കാനല്ലേ എനിക്ക് പറ്റുള്ളൂ….
സാറ് വന്നു… ദുഖം തളം കെട്ടിയ മുഖത്തോടെ എന്നെ നോക്കി നിന്നു… കഴിഞ്ഞ ആഴ്ച ആയ്നു ഞങ്ങൾടെ ഹോസ്പിറ്റലിൽ ഓണം സെലിബ്രേഷൻ…അന്ന് സദ്യ കഴിച്ചോണ്ടിരിക്കുമ്പളാണ് സാറിൻ്റെ മുഖം ആദ്യമായി കാണുന്നത്… ഇത്രേം നല്ല മോറ് മാസ്ക്ക് കൊണ്ട് മറച്ച് വെക്കുന്നതിലും വലിയ സങ്കടം അല്ലല്ലോ സർ ഇത്….
സാറിൻ്റെ പുറകിന്ന് ഒരു മൂളല് കേൾക്കുന്നുണ്ടല്ലോ… എനിക്ക് നല്ല പരിചയം ഉള്ള മൂളക്കം…. ഹരീഷ് ഡോക്ടറാണല്ലോ അത്…. എൻ്റെ കഥകളിലെ സ്ഥിരം കഥാപാത്രം…എൻ്റെ പൊന്ന് സാറേ…. മരണ വീട്ടില് വന്നാലെങ്കിലും മൂളാണ്ട് നിന്നൂടേ…. ഇനീപ്പോ ങ്ങക്ക് നല്ല സുഖായീലേ… ധൈര്യായിട്ട് ഫാർമസില് വരാ… കഥ എഴുതുന്ന ആള് പോയി…. സാറിൻ്റെ തൊട്ടടുത്ത് സുബിൻ ഡോക്ടറും ണ്ടല്ലോ… കൈകള് കൂട്ടിത്തിരുമ്മി സാറെന്തോ തിരയുന്നുണ്ട്….
ശൂ…ശൂ….സാറേ….ദാ… ആ സിറ്റൗട്ടിലെ തൂണിൻ്റെ മറവില്ണ്ട് സാനിറ്റൈസർ… ഉറങ്ങുമ്പോ വരെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന ഒരേ ഒരു ഡോക്ടറാണ്…. വിവേക് സാറ് പോവുമ്പോ ആരേലും ഒന്ന് സാറെ കയ്യ് നോക്കണേ…. ഞാൻ അകത്തും പുറത്തുമായി നട്ട് പിടിപ്പിച്ച ചെടികളുടെ കൊമ്പ് സാറ് ഒടിച്ചോണ്ട് പോവും…..
തവളൻ്റെ കാലില് ചവിട്ടിയ പോലെ ആരാണാ മുക്കറയിട്ട് കരയുന്നത്….
ശില്പ….. എൻ്റെ ജീവാത്മാവും പരമാത്മാവും… ഫാർമസിയിലെ രണ്ട് കറങ്ങുന്ന കസേരയിൽ ഒന്നിൻ്റെ അവകാശി…. എൻ്റെ മരണ ശേഷം പുരുഷ കേസരിമാർക്കിടയിലെ ഒരേയൊരു പെൺതരി…
ഇനി എൻ്റെ ശില്പ മാത്രം.. ചുരിദാറിൻ്റെ കളറ് പറയാനും കുറ്റം പറയാനും ഓൾക്കിനി കൂട്ടില്ല….
സിറ്റൗട്ടിലെ കസേരയിലിരുന്ന് ആരോ നിർത്താണ്ട് ചുമക്കുന്നുണ്ടല്ലേ…..
അള്ളാ…. അതെൻ്റെ ഉപ്പയല്ലേ…. പത്ത് വയസ് വരെ ഞാൻ കിടന്നുറങ്ങിയ നെഞ്ചിൻ കൂടല്ലേ ആ വിങ്ങിപ്പൊട്ടുന്നത്…
ശ്വാസം തിങ്ങി മുറിഞ്ഞ് പോയ കഫം ആഞ്ഞ് ചുമച്ച് തുപ്പുമ്പോ മുളന്തൂമ്പ് ചീന്തിയ പോലെ ഒരു കരച്ചില് കേൾക്കുന്നുണ്ടല്ലോ…
ഗൗരവം നിറച്ച കണ്ണ്കള് രണ്ടും കരഞ്ഞ് വീർത്ത് കലങ്ങിയിട്ടുണ്ടല്ലോ…
ഒരു ഉരുള ചോറ് പോലും കണ്ണീരിൻ്റെ നനവില്ലാതെ എൻ്റെ ഉപ്പാക്കിനി ഇറക്കാൻ പറ്റ്വോ…. ഓരോ നിമിഷവും എന്നെ ഓർത്ത് നെഞ്ച് നീറി നീറി ശ്വാസം തിങ്ങി….
റഹ്മാനായ റബ്ബേ… എൻ്റെ ഉപ്പാക്ക് നീ ക്ഷമയെ കൊടുക്കണേ…
എനിക്കെൻ്റെ ഉമ്മാനെ കാണണം… എൻ്റെ ഉമ്മയെവിടെ…… എൻ്റെ മുറിയിലെ കട്ടിലിൽ മുഖം പൊത്തി തളർന്ന് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും കെട്ടടങ്ങിയ പോലെ കിടക്കുന്നത് എൻ്റെ ഉമ്മയല്ലേ….
മുലപ്പാലിൻ്റെ മണം തൊട്ട് കഴിഞ്ഞ ആഴ്ച അവസാനമായി കണ്ടപ്പോ സലാം പറഞ്ഞ് കുട്ടിപ്പിടിച്ച് ഉമ്മ തന്നപ്പോ വരെയുള്ള ഓർമകള് പേറി എങ്ങനെ എൻ്റെ ഉമ്മ ഇനി ജീവിക്കും…
എൻ്റെ ഉമ്മാൻ്റെം ഉപ്പാൻ്റെം സങ്കടം ഇനിയും എനിക്ക് കാണാൻ വയ്യ…
മതി കിടന്നത്…
എന്നെ പള്ളിക്കാട്ടിലേക്കെടുക്കൂ…
എന്നെ എടുക്കൂ
എന്നെ എടുക്കൂ
തല ഉരുട്ടി ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു….
പെട്ടെന്ന് ബലിഷ്ഠമായ കൈകൾ കൊണ്ട് എൻ്റെ നടും പുറത്താരോ ആഞ്ഞടിച്ചു…
കണ്ണീന്ന് പൊന്നീച്ച പറന്നു..
ഞാൻ ഞെട്ടി എണീച്ചു…
കൈയ്യിലെ ഫോൺ താഴെ വീണു…
നോക്കുമ്പോ എന്നെ തന്നെ നോക്കി നിക്കുന്ന ഉറക്കച്ചടവ് മാറാത്ത തീക്ഷ്ണമായ രണ്ട് കണ്ണുകൾ…
ഇയ്യാരോടാ ഈ നട്ടപ്പാതിരാക്ക് അന്നെ എട്ക്കാൻ പറീണത്… ആരോടാടീ…..
“ഹിക്കാ…”
അപ്പോ…. അപ്പോ ഞാൻ മരിച്ചില്ലേ… എവിടെ എൻ്റെ മൂക്കിലെ പഞ്ഞി…. പെരുവിരലിലെ കെട്ടെവിടെ… എൻ്റെ കഫൻ പുടവ എവിടെ…
350 ഉറുപിയൻ്റെ ഷാളെവിടെ…
പറ്റിക്കാനാണെങ്കിലും ഇങ്ങനൊന്നും സ്വപ്നം കാണിക്കല്ലേന്ന് പറയണേ സാറേ….
❤️