രചന : ബാബുരാജ് കടുങ്ങല്ലൂർ ✍
ഒരു വേനൽ?
കാടിൻ്റെ ഹൃദയം വാറ്റിയെടുത്ത്
അത് നീരാവികൊണ്ട് ഒരു
പ്രണയത്തെ പൊള്ളിക്കുന്നു!
ഇനി വേടന് അമ്പെയ്ത് ഒടുക്കുവാൻ പ്രാണനില്ലാത്ത കാട്?
കാറ്റ് കൊണ്ട് തണുത്തിട്ടും കാട്
കത്തുന്നുണ്ട് !
വേവലാതിയോടെ വെന്തുരുകിയ
അരുവികൾക്ക് വേനലിൻ്റെ നിറം?
ഉണങ്ങിയ പരൽമീനുകൾ !
പുളിരസമുള്ള മണ്ണ്?
ഇനി കാട് മുളയ്ക്കാത്തിടം ?
ഹൃദയം പൂക്കാത്തിടം ?
2
തിമിർത്തും പൂത്തും കായ്ച്ചും
കുളിര് കോരിയ വന്യതയുടെ
പൂക്കളിനിയില്ല?
ചുട്ട ശിലകൾ അക്ഷാംശങ്ങളിലൂടെ
കടന്ന് ഒരു കടലിനെ തിളപ്പിക്കുന്നു!
ആകാശത്തിനിപ്പോൾ ചത്ത
ചോരയുടെ നിറം?
ആകാശത്തിനിപ്പോൾ കത്തിയ
ശവത്തിൻ്റെ ഗന്ധം?
പട്ടട കെടുത്തി ഇരുളിൻ്റെ
വറുളിയടുക്കി ഒരു രാത്രി തളർന്നു –
റങ്ങുമ്പോൾ തലയിലേക്കിഴഞ്ഞിറ
ങ്ങിയ കവിത വെറുതേ
നിലവിളിക്കുന്നു?
ഇനി ചത്തു മലച്ച ഒരു ഋതു
ബാക്കിയുണ്ട്!
3
വരൂ? നമുക്കഷ്ടമുടി കയറാം?
എട്ടു ദിക്കും പൂട്ടി അച്ചുതണ്ടൂരി
അസ്തമയത്തിന് കൊടുക്കാം?
അക്കം തെറ്റിയ ജീവിതങ്ങളാണ്
ഇനി ബാക്കിയുള്ളത്?
വേഗമാകട്ടെ………
അകം വേവിച്ച വറുതിയിലേക്കൊരു കടൽ
പെയ്യിക്ക്!
അറം പറ്റിയ ചിരിയിലേക്കൊരു
സട കുടഞ്ഞ കാറ്റ് വീഴ്ത്ത്!
കവിതയെഴുതിയ കൈയ്യിലേക്ക്
കരുത്തിൻ്റെ ഒരു വാൾ കൊടുക്ക് !
4
അപ്പോൾ തലയില്ലാത്ത രണ്ട്
നിഴലുകൾ നിങ്ങളുടെ സ്വപ്നങ്ങളെ ഭയപ്പെടുത്തും!
നോക്കൂ ? അന്തകൻ്റെ അരമനയി-
ലാണ് ഇന്ന് നിങ്ങടെ ഊണ്?
ഉറക്കത്തിന് മുമ്പ് അവസാനത്തെ
ഒരാഗ്രഹം!
നിങ്ങളെന്ത് പറയും?
ഒരു മഴയെന്നോ? ഒരു കാറ്റെന്നോ?
പൂക്കാനറിയാത്ത കാടുകൾ?
കായ് കൊത്താത്ത കിളികൾ
ചത്തൊടുങ്ങിയ നേരം?
എങ്കിലും കാഞ്ഞ് പൊട്ടിയ വിഷ –
വിത്തിൻ്റെ വിണ്ട മണ്ണിൽ നിന്ന്
മധുരമുള്ള വീഞ്ഞിൻ്റെ ഗന്ധം!?
5
മണ്ണിൻ്റെ മുറിവിൽ നിന്ന് മഞ്ഞ –
നിറമുള്ള ഒരു ദ്രവമിറങ്ങുന്നുണ്ട്!
വിഷം തികട്ടിയ ച്ഛർദ്ദി ?
ഇപ്പോൾ തണുവും നനവും വെറും
ഓർമ്മകൾ മാത്രമാകുന്നു!
മഴ പെയ്യുന്നെന്നോ?
എങ്കിലും മഴയ്ക്ക് ചൂടാണ് !
മണ്ണിനടിയിലെ കടൽ വെള്ളത്തിന്
ആകാശത്തിൻ്റെ നീലനിറം!
മധുരാക്ഷികളുടെ വിടരാത്ത
ചിരികൾക്കിടയിലും ആ ചൂട്
പടർന്ന് കിടക്കുന്നുണ്ട്!
നോക്കൂ ?
വിശുദ്ധിയുടെ വീഞ്ഞുമായി ഒരുവൾ തെരുവിലിരിക്കുന്നുണ്ട്?
6
ഉപ്പ് കുമിഞ്ഞ് സിരകളിൽ ഉച്ചയുടെ
ഉഷ്ണഗന്ധം പേറിയോൾ!
ഒരു ശിശിരം !
അത് ചോലകളിൽ നിന്ന് പടർന്നി –
റങ്ങിയ നിഴലുകളിലേക്ക്
വീണ് കിടക്കുന്നു!
മർമ്മരങ്ങളെങ്ങോട്ടാണെന്നറിയാ –
തെയാണ് ഒരു കാറ്റ് വന്ന് പോയത്?
വേനൽ തളർന്ന് കിടന്ന ആ
ശവക്കോട്ടക്ക് മുകളിലൂടെ……
🌹🌹🌹🌹🌹🌹🌹
ഈ കവിത ചിലിയൻ കവിയായ
പാബ്ളോ നെരുദക്ക് മുന്നിൽ
സമർപ്പിക്കുന്നു🌹