രചന : ദിവാകരൻ പികെ.✍
ഏറെ ഇഷ്ടമായിരുന്ന കളിക്കൂട്ടുകാരീ
നീ എന്നെമറന്നെന്ന് ഭാവിക്കയാണല്ലേ
മണ്ണപ്പം ചുട്ടു കളിച്ച കാലം മുതൽക്കുള്ള
ഓർമ്മകളൊന്നായി ഇരച്ചുവരുന്നുണ്ട്
.
കാലത്തിൻകുത്തൊഴുക്കിൽ ഇരു കൈ
വഴികളിൽ പെട്ട് നാം വേർപിരിഞ്ഞങ്കിലും
മറവിക്ക് മായ്ക്കാനാവാത്ത ചിത്രമായി
ഹൃദയഭിത്തിയിലിന്നും മങ്ങാതിരിപ്പുണ്ട്.
സ്നേഹ ചുംബനം തന്നന്നേരം നീ
ക്രോധത്താൽനഖങ്ങളാൽപിച്ചിയപാടും
എൻകരവലയത്തിൽഅമർന്നപ്പോൾ
ചിതറിത്തെറിച്ചകുപ്പിവളതുട്ടും
മധുര നൊമ്പരമായിന്നു മെന്നിൽ ജീവിക്കുന്നു.
ഇന്ന് നീ കറങ്ങും കസേരയിൽ ശീതികരിച്ച
മുറിയിൽ ഫയൽ കൂമ്പാരത്തിനിടയിൽ,
കൃത്രിമ ഗൗരവംഭാവിച്ചിരിക്കെ കാണാമെനിക്ക്
കൺകോണിൽ ഒളിപ്പിക്കും നിൻ സ്നേഹം.
സ്നേഹത്തിൻ ആഴവുംപരപ്പും വാക്കുകൾക്കതീതമാണ്
ഉരയ്ക്കുന്തോറും മാറ്റുകൂടുന്ന വൈഡൂര്യംപോൽ
തിളങ്ങി നിൽക്കുമനശ്വരമായൊരുദിവ്യജ്യോതിസ്സാണത്.