രചന : ഉണ്ണി കെ ടി ✍
അച്ചിക്കോന്തനല്ലേ കൊച്ചിക്കു
പോകാന്നിക്കണത്…?
കൊച്ചികണ്ടാൽ പിന്നച്ചിവേണ്ടാത്രേ….!
വേണ്ട…,
എന്നാപ്പിന്നെ കൊല്ലോംകൂടെ കണ്ടേച്ചും
വായോന്ന് കുടുംബസ്വത്തിലതിമോഹള്ള
കുഞ്ഞിപ്പെങ്ങള്…!
അതെന്തിനാ കൊല്ലംകൂടി ന്ന്ള്ള ചോദ്യം
കണ്പീലിതുമ്പത്ത്കണ്ടപാടെ പഴഞ്ചൊല്ലിനെ
കൂട്ടുപിടിച്ചു വെറുതെ ചിരിച്ചവളലസം പറയണു…,
ഓ.. , കൊല്ലംകണ്ടാ പിന്നില്ലോം വേണ്ടല്ലോ…!
അപ്പൊ എങ്ങനാ…? അച്ചി ചോയ്ക്കണു…
ഞാൻ നിക്കണോ, അതോ പോണോ…?
ന്നാ പിന്നെ യാത്ര കാശിക്കായാലോ…?
കാല്നടയായിട്ടാ പുണ്യംന്നുകേട്ടിരിക്കുണുന്റെ ഉണ്ണ്യേന്നു
ചാവാൻകെടക്കണ മുത്തി…!
അഞ്ചാറു പുത്തനുംനീട്ടി കടംവീട്ടിക്കോ,
കാഷായംവാങ്ങിക്കോന്ന് കാർന്നോര്…!
(ഉപായത്തിലിത്തിരി പുണ്യം മൂപ്പർക്കും കിട്ട്യാലോ…?)
ഇള്ളതൊക്കെനിക്കിഷ്ടദാനായിട്ടുതന്നിട്ട്പോ
ഓപ്പേ,ന്നനിയൻ…!
ഇമ്മിണി പുളിക്കും മൂച്ചേട്ടേന്നൊരങ്കത്തിന്റെ
പടപ്പൊറപ്പാടടുക്കളപ്പുറത്തൂന്ന്…
മൂത്തോരും ഇളേതുങ്ങളും എല്ലോരൂണ്ടല്ലോ….?!
കൊണ്ടേൽക്കണുണ്ട് കുടുംബക്കാരൊക്കെ…!
ബഹുരസം ലങ്കാദഹനം…
പിന്നെ രാമരാവണയുദ്ധോം…!
എന്നാപ്പിന്നെ എന്നേങ്കൂടെ കൂട്ടടാന്നമ്മ…!
അമ്മക്കും മോനുങ്കൂട ഒറ്റക്കാവൂലേ,
കൂടെ ഞാനുങ്കൂടെ വരണുണ്ടെന്നച്ചി…!
ഇഷ്‌ടാണെങ്കിലും ഇല്ലേലും ഇപ്പോ
കൂടെവരാനോളേള്ളൂന്നായപ്പോ
ഞാനാരായി…?
ദേ പെങ്ങന്മാരും കൂട്ടക്കാരും ചേർന്ന് വിളിക്കണ്…
അച്ചികോന്താന്ന്…!!!
ഇപ്പോ ഒന്നു ചിരിക്കാൻ തോന്നണുണ്ടോ…?
ചിരിച്ചോ…!
പതിരില്ലാത്ത ഒരു പഴഞ്ചൊല്ലും കൂടെ കേട്ടോ…,
കുടുമ്മം നോക്ക്യാ കാശിക്കുപോണ്ടാ…!!!
·