രചന : ഗഫൂർകൊടിഞ്ഞി✍
നിഴൽ കിഴക്കോട്ടു നീളുന്ന നേരം
പത്തടി അളന്നെടുത്താണ്
പതിവായ് ഉമ്മാമ വുളുവെടുക്കാൻ
കിണറ്റു വക്കത്തേക്ക് നടന്നിരുന്നത്.
അസറിന്റെ
അത്തഹിയ്യാത്ത് വീട്ടിയ ശേഷം
ആയത്തുൽ കുർസീ
നെഞ്ചത്തേക്കൂതി ഉമ്മാമ
ഉമ്മയോടും മൂത്തമ്മയോടും
കട്ടൻ ചായക്ക് കയർക്കും.
ഉപ്പാപ്പ പാടത്ത് നിന്ന്
പടി കയറിവരുമ്പോൾ
പുഞ്ചിരിക്കൊപ്പം
ചക്കരച്ചായ പങ്ക് വെക്കാൻ
ഉമ്മാമാക്ക് ധൃതിയാണ്.
ഉച്ചക്കഞ്ഞിക്ക് ശേഷമുള്ള
ഒഴിവ് വേളകളിൽ പതിവുള്ള
കൊത്തങ്കല്ലും കക്കും ഇട്ടെറിഞ്ഞ്
ഉമ്മയും മൂത്തമ്മയും
വടക്കിനിയിലേക്ക് കൊട്ടിപ്പിടയും.
കുണ്ടംകുടുക്ക അടുപ്പത്ത് വെച്ച്
ഉമ്മ ഓലക്കൊടി കത്തിക്കുമ്പോഴേക്കും
മൂത്തമ്മ അങ്ങേയടുപ്പിൽ
അരിവറുത്ത് തേങ്ങ ചിരകുന്നുണ്ടാവും.
ചായ കുടി കഴിഞ്ഞാൽ
വെത്തില ചെല്ലം മുന്നിൽ വെച്ച്
അവർ ഗതകാലങ്ങളിലേക്ക്
ഊളിയിട്ട് തുഴഞ്ഞ് നീന്തും
പിന്നെ പറമ്പിലേക്കിറങ്ങി
പോയ കാലത്തിന്റെ
മദ്ഹുകൾ പങ്കു വെക്കും.
ഉമ്മാമയുടെ മുഖത്ത്
മധുരപ്പതിനേഴിന്റെ
മന്ദസ്മിതം പൂക്കുമ്പോൾ
പിന്നിൽ വള്ളി ട്രൗസറിട്ട് നടക്കുന്ന
പത്ത് വയസുകാരനെ
ആര് ശ്രദ്ധിക്കാൻ !.
ഉപ്പാപ്പ പോയതിൽ പിന്നെ
ഉമ്മാമയെ കോലായിലെ
ഈട്ടിക്കട്ടിൽ ഏറ്റെടുത്തു.
യാസീന്റെ നിമന്ത്രണങ്ങൾക്കിടയിൽ
ഒരു രാത്രി ഉമ്മാമയും
ഉപ്പാപ്പക്കടുത്തേക്ക് വിരുന്നു പോയി.
അങ്ങനെയാണ് ഒരു കാലഘട്ടത്തിന്
തിരിശീല വീണത്.