രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍
ഒരു സ്വപ്നദ്വീപിനു സമീപം
ഞാൻ തുഴഞ്ഞ് നിൽക്കുന്നു
ഇന്നലെകൾ പാപ കല്ലുകൾ
ഏറിയാത്ത കാഴ്ച മാത്രം
ഇന്ന് രാവിലെ
കാറ്റ് പറഞ്ഞ കഥകൾ
പറയുന്നത് കേൾക്കുന്ന
കപ്പൽ ചെവികൾ
ഓളത്തിൽ അലയാത്ത
തുഴ മനസ്സ്
മുന്നിലെ ചെറുദ്വീപ്
ഒരു മഞ്ചാടി തീരം
വിതറി വിളിക്കുന്നു
നിലാ മണൽ
തിളക്കത്തിൽ
പ്രതീക്ഷ നിഴൽതെയ്യം
ആടുന്നു.
ദ്വീപ് മുങ്ങാം പൊങ്ങാം
അടുക്കാം അകലാം
നമ്മളെ അതിൽപെടുത്താം
കഴുത്ത് മുറുക്കികെട്ടി
നാളേ എന്ന വർണ്ണപ്പകിട്ട്
മാരീചകൻ്റെ പട്ടം പോലെ
ചിരിച്ചു മയക്കി
പറക്കും
നമ്മൾ അതിനു പിന്നാലേ
പറവകൾ പോലെ
വിടരാൻ ശ്രമിക്കണം
ആകാശംതൊട്ട്
മലർന്നു പതിക്കാൻ
പുതുവത്സരങ്ങൾ പിറന്നു മരിക്കട്ടെ
നമ്മുടെ ചിറകിൽ പൊഴിയുന്ന
തൂവ്വലിന് പുതുത്തൂവൽ ചേർക്കാം
മരണം പെയ്തു നിരത്തി
മണ്ണ് നമ്മളെ അടക്കിവാഴും വരെ
@