രചന : നിജീഷ് മണിയൂർ ✍
ഡിസംബറിന്റെ
മഞ്ഞു പെയ്യുന്ന യാമങ്ങളിൽ
ഒരു പാട് സ്നേഹത്തിന്റെ
ആർദ്രത അപ്പോഴും ബാക്കിയുണ്ടായിരുന്നു.
പറയാതെ പോയ
ഒരു പാട് ഓർമകളുടെ ചിറകടിയൊച്ചകൾ
പിന്നെയും
കേൾക്കുന്നുണ്ടായിരുന്നു.
സൗഹൃദങ്ങളുടെ
പൂവാകകളിൽ
ഏറെ പൂക്കൾ പിന്നെയും വിടരുന്നുണ്ടായിരുന്നു.
ആർദ്ര മന്ദസ്മിതത്തിന്റെ പ്രണയാക്ഷരങ്ങൾ
പറയാതെ തന്നെ
വീണ്ടും കൂടണയുന്നുണ്ടായിരുന്നു.
ഒരിക്കലെൻ
പ്രിയകരമായിരുന്ന
ഒരു പാട് സൗഹൃദങ്ങൾ
നിലാവിന്റെ മഞ്ഞ് കൊള്ളുന്നുണ്ടായിരുന്നു.
ഏറെ തണലേകിയ
ഒരു പാട് പേർ പറയാതെ
തന്നെ വിട പറഞ്ഞകന്നിരുന്നു ,
അരുതേ എന്ന് പറയാൻ പോലും കാത്തിരിക്കാതെ.
നിനച്ചിരിക്കാതെ
അരികിലെത്തിയവർ നഷ്ടസ്വപ്നങ്ങളിൽ
ഏറെ നേരം കാവൽ നിന്നിരുന്നു.
വെറുമൊരു
കിനാവാണെന്നറിഞ്ഞിട്ടും
ഒരു പാട് നേരം
വെയിൽ കൊണ്ടിരിന്നിട്ടുണ്ട്.
ബന്ധങ്ങളുടെ
താമരനൂലിഴകളിൽ
ഓമൽ കിനാവുകൾ തളിരിട്ടിട്ടുണ്ട്.
വിടപറഞ്ഞകന്നവരുടെ സ്വപ്നങ്ങളത്രയും
എൻ്റെതുകൂടിയാണെന്നറിഞ്ഞ്
ഒരു പാട് നൊമ്പരപ്പെട്ടിട്ടുണ്ട്.
താങ്ങായും തണലായും
ഒരു പാട് പേർ പിന്നെയും
മഞ്ഞ് കൊള്ളാൻ
ഒപ്പമിരുന്നിട്ടുണ്ട്.
ഇഷ്ടമായതിന്റെ
ഓർമകളിലപ്പൊഴും
വാർമയിൽ പീലികൾ നൃത്തം ചവിട്ടിയിരുന്നു.
വസന്തത്തിന്റെ
ചക്രവാള സീമകളിൽ
പുതിയൊരു പുലരി
വിരിയുമെന്ന് ഓമൽ കിനാവുകൾ ചെവിയിൽ മെല്ലെ ചൊല്ലിയിരുന്നു.
പോയ് മറഞ്ഞതൊക്കെ എന്നന്നേക്കുമായ്
മറഞ്ഞതാണെന്ന്
ഡിസംബറിന്റെ
അവസാന രാവുകൾ
പിന്നെയും പറയുന്നുണ്ടായിരുന്നു.
അപ്പൊഴും ജനുവരിയുടെ
പുതിയ പുലരികൾ
വീണ്ടും ഉണർത്തുന്നുണ്ടായിരുന്നു
കൂടെ തുഴഞ്ഞു പോകാൻ
ഒരു പാട് ദൂരങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന്.
പുതിയ പുലരികൾക്ക് പുത്തനുണർവാണെന്ന്
പുള്ളുകൾ വീണ്ടും
പാടുന്നുണ്ടായിരുന്നു.
പുതിയ പുലരിയെയും കാത്ത് ….
ഏവർക്കും ഹൃദ്യമായ നവവത്സരാശംസകൾ…..
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും
ഒരു പാട് നല്ല സ്വപ്നങ്ങളുടെയും ,
നല്ല കാലത്തിലേക്ക് ……
താങ്ങാവട്ടെ ,തണലാകട്ടെ
പുതിയ ജനുവരിയുടെ
പുലരികൾ.
ഒത്തിരി സ്നേഹത്തോടെ…..