ഹാളിൻ്റെ ചുവരിൽ
തൂങ്ങി നിൽപ്പുണ്ടൊരു
ദിനങ്ങളാഴ്ചകൾ
മാസങ്ങളോതും കാല
ഗണിത കലണ്ടറൊന്ന്.
ജനുവരിയായ് ജനിച്ചു
ഏപ്രിൽ ജൂണൊക്ടോബറായി
വളർന്നൊടുവിൽ
നരച്ചുകുമ്മിയ ഡിസംബർ
ഒത്തിരി സ്വപ്നങ്ങളും
പ്രതീക്ഷകളും കണ്ണീരും
കലർന്നൊരോർമകൾ
തന്നെന്നെ തനിച്ചാക്കി
വിട പറഞ്ഞുറങ്ങിയുണർന്നു
പുതുവർഷ പുലരിയായ്
ആവേശമായാനന്ദമായി
ലഹരിയായാഘോഷമായി
ലോകം വരവേൽക്കുവാൻ
അണിഞ്ഞൊരുങ്ങി.
തിന്നും കുടിച്ചും മദിച്ചും രമിച്ചു
മാഹ്ലാദിക്കേ,പതിവുപോൽ
തൂമഞ്ഞിൻപുതപ്പു വകഞ്ഞുമാറ്റി
കുങ്കുമപ്പൊട്ടണിഞ്ഞുഷസ് വന്നു
പുതുവർഷ പൊൻപുലരി.
ഹാളിൻ്റെ ചുവരിൽ ഞാൻ
മറ്റൊരു കാലഗണിത കലണ്ടർ
തൂക്കിയതിൽ ജനുവരി മാസം
എന്നെ നോക്കിച്ചിരിച്ചു
മെല്ലെ പറഞ്ഞു ‘വയസ്സൊന്നു
കൂടിയായുസ്സൊന്നു കുറഞ്ഞു
തരാനൊന്നുമില്ലെൻ്റെ കയ്യിൽ
നിസ്വനാണു ഞാൻ!
എന്നിൽ പ്രതീക്ഷയർപ്പിച്ചെന്നെ
വരവേൽക്കുവാൻ ഞാനാര്?
എൻ്റെ ജനന മരണങ്ങളിൽ
കാലത്തിൻ്റെ ദിനക്രിയകൾ
അവിഘ്നം തുടരുന്നു.
സൂര്യൻ മലനിരകളിലുദിച്ചാഴിയിൽ
മുങ്ങി നഷ്ട തേജസാർന്ന്
പുനർജനിക്കുന്നു.
രാപ്പകൽ പിറാവുകൾ
വന്നു പോകുന്നു.
മരങ്ങൾ പൂക്കുകയും കായ്ക്കുകയും
കൊഴിയുകയും ചെയ്യുന്നു.
മാനം കരയുകയും
ചിരിക്കുകയും ചെയ്യുന്നു.
ജലാശയങ്ങൾ ദാഹിച്ചു മരിച്ചു
പുനർജനിക്കുന്നു മൃതി പൂകാൻ.
കാലത്തിൻ്റെ ഘടികാരമായി
ഞാൻ നിങ്ങളിൽ വർത്തിക്കുന്നു.
ചിന്തയും ബുദ്ധിയും ബലവു
മുണ്ടല്ലോ നിങ്ങൾക്കു, നേടുവാൻ;
എനിക്കിതൊന്നുമില്ല എങ്കിലും
എനിക്കുവേണ്ടി നിങ്ങൾ
പാഴാക്കുന്നതോ ശതകോടികൾ
‘ഞാൻ’ ‘നീ’ യെന്ന ഭാവം വെടിഞ്ഞു
‘നമ്മളെ’ന്നോർത്തൊരുമയോടെ
ഇവിടുള്ളതെല്ലാം പങ്കിട്ടെടുത്ത്
നിങ്ങൾ ജീവിതം ധന്യമാക്കുക!
ചിന്തകൾ തന്നഗ്നിയിൽ
വിവേകത്തിൻ്റെ അയിരിനെ
ബുദ്ധിയുടെ മൂശയിലുരുക്കി
തങ്കമാക്കിയ വാക്കുകളും
പ്രവൃത്തികളും കൊണ്ട്
നാവിനെ ബന്ധിച്ച ചങ്ങലകൾ
തച്ചുടച്ചു ലോകത്തെയുണർത്തുക
‘ചൂഷണമാണിന്നിൻ്റെ നാശം
ചൂഷകരാണിന്നിൻ്റെ ശാപം’
മതത്തിൻ്റെ പേരിൽ ദേശ-
സ്നേഹത്തിൻ്റെ പേരിൽ
രാഷ്ട്രീയാധിപത്യത്തിൻ പേരിൽ
ചൂഷണമില്ലാത്ത മേഖലയുണ്ടോ?
ഈ ചൂഷണമല്ലേ ദാരിദ്രരെ
സൃഷ്ടിക്കുന്നത് സമ്പന്നതയേയും
ഉയരട്ടെ മുഷ്ടികൾ വാക്കുകൾ
നാശ ശാപ മുക്തമാക്കുക വിശ്വത്തെ
ഇതാകട്ടെ നിങ്ങൾക്കുള്ള
എൻ്റെ പുതുവത്സര സമ്മാനം’.

By ivayana

Leave a Reply

Your email address will not be published. Required fields are marked *