രചന : മേരിക്കുഞ്ഞ് ✍
കൂടിയാലോചനാ യോഗത്തിൽ
കൂട്ടപ്പൊരിച്ചിൽ…
“പ്രസ്ഥാനത്തിൻ്റെ
ആന്തരികതയിലേക്ക്
നുഴത്തുകയറിയിരിക്കുന്നു
ഭീകരശത്രു; “
പുതുമലർത്തുടിപ്പുള്ള
തത്ത്വശാസ്ത്ര
നവഗന്ധവും
നിണച്ചുവപ്പില്ലാത്തൊരു
നിത്യാർദ്ര ദളച്ചന്തവും …..
വിരിയുന്നു ചെറുചെറു
കർമ്മമണ്ഡലങ്ങളിൽ.
ഓടിയടുക്കുന്നു യുവാനകം;
കൂട്ടം കൂട്ടമായ് അണിചേരുവാൻ.
കണ്ണൂർ പെരിയയിൽ
അമ്മ മാനസങ്ങൾ
പൊഴിയ്ക്കുന്നു പുഞ്ചിരി
ഉയർന്നു പാറും
ചെങ്കൊടിമരത്തണലിൽ
അപകടത്തിൻ്റെ
വെടിക്കെട്ട് ആരോ
ഒരുക്കുന്ന
ചൂരുയരുന്ന പോലെ…..
പൊട്ടിത്തെറിച്ച്
വെടിക്കെട്ടിൻ
ചുവന്ന തീയിൽ
ചാമ്പലായ് പ്രസ്ഥാനം
കത്തി…..അമരുവാൻ
ഒരുങ്ങുന്ന പോലെ.
സിരകളിലിരുൾ
പടരുന്നുവോ ?
തിരക്കിട്ടണികൾ
തെരയ്ക്കുന്നു ബീഡി ;
തിരയുന്നു തീപ്പെട്ടിയും
ചുണ്ടും.
പ്രസ്ഥാനത്തിനെതിരായ്
നുരയ്ക്കുന്ന മുളകളെരിയിക്കണം.
അത്യുന്നതൻ്റെ കല്പന!
യുവതയുടെ നീതി
ഒന്നൂതിയെടുത്തോ –
രിത്തിരികനൽ പോരും
പ്രസ്ഥാനത്തിനെതിരായ
തീ പടരുവാൻ
ശത്രു ശാസ്ത്രം വാനിൽ
പൂവമിട്ടായ് പൊട്ടുമുമ്പ്
ശത്രുകത്തിത്തീരണം.
വേഗമാകട്ടെ ….വേഗം വേഗം
ലക്ഷ്യം സാധൂകരിക്കും
മാർഗ്ഗത്തെ ….
വേഗമാകട്ടെ വേഗം :
അതിവേഗമിനിവെട്ടി
ചപ്പു നീക്കിത്തെളിയിക്കുക
ചോര ഭീതികൾ
അതിരു പാകിയ
പഴയ പാതകൾ
ജയിലറക്കുള്ളിൽ പോറ്റും
നരകത്തൊഴിലാളിയെ
പ്ലാവില കാട്ടി
കുഞ്ഞാടായ്
പുറത്തിറക്കുക;
അമ്പത്തൊന്നു
തിരുമുറിവുകളും
വെറും പ്രജ
മറക്കാതിരിക്കാം….
അവയൊക്കെ പക്ഷേ
കരിംകരുത്തിൻ്റെ
തത്ത്വശാസ്ത്രം.
ഉപ്പു ചോരയിൽ
കുതിർത്തുരുട്ടിയ
കൊലച്ചോറൂട്ടി
വയർ നിറച്ച്
സുഖസുഷുപ്തിയി-
ലേയ്ക്കവരെ
തിരിച്ചു കേറ്റാം.
തെളിവുകളിരുളിൽ
മറഞ്ഞു തീരും.
പതിവുപോൽ സൂര്യൻ
കിഴക്കുദിക്കിലു –
ദിച്ചുകൊള്ളും.
ജയ് …..പ്രസ്ഥാനം
ഇങ്ക്വിലാബ് സിന്ദാബാ…..
പാവം… വെറുമൊരു
കൃപാലുവും വെൺ-
ശരത് ലാൽ
ചന്ദ്രകാന്തിയും!
വെളുക്കുമ്പോൾ
മായാനുള്ള വെറും
ജന്മമിത്ഥ്യ….!
ചെങ്കൊടി , ചോരയിൽ
പിന്നെയും കുതിരുന്നു.
നിണമണം ലഹരിയായ്
പിന്നെയും നുരയുന്നു
ന്യായാസനത്തിൻ
വിധി ….നീട്ടി നീട്ടി
ലോകാന്ത്യത്തിലെങ്കിലും
ഉച്ചരിക്കപ്പെടുമായിരിക്കാം.
അമ്മക്കരച്ചിലുകള –
ടങ്ങാതിനിയുംമുഴങ്ങും
പല്ലു പൊട്ടുമാറിനിയും
ഞെരിയും അമർഷം.
ഹാ….ശുഭം….. ശുഭം