ആരായിരുന്നു ഈ ഭൂമിയിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത്? നാഗരികതകൾക്ക് തുടക്കമിട്ട മെസപ്പൊട്ടേമിയക്കാർ തന്നെ. അതായത് വേട്ടക്കാരൻ, നാടോടി, കൃഷിക്കാരൻ, എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ നിന്നൊക്കെ മാറി, നഗരങ്ങൾ സ്ഥാപിച്ച്, മനുഷ്യൻ പതിയെ പരിഷ്കാരിയാവാൻ തുടങ്ങിയ അന്നു മുതൽ പുതുവത്സരാഘോഷവും തുടങ്ങിയെന്നർത്ഥം. അങ്ങനെ നാലായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യൂഫ്രട്ടീസിന്റേയും ടൈഗ്രിസിന്റെയും കരകളിൽ, കൃത്യമായി പറഞ്ഞാൽ സാക്ഷാൽ ബാബിലോണിലായിരുന്നു മനുഷ്യന്റെ ആദ്യത്ത പുതുവത്സരാഘോഷങ്ങൾ.

അതു പക്ഷെ, ഇന്നത്തെപ്പോലെ ജനുവരി ഒന്നിനൊന്നുമായിരുന്നില്ല. എന്തിന്, അക്കാലത്ത് ജനുവരി മാസം പോലുണ്ടായിരുന്നില്ല. ആകാശത്തെ നക്ഷത്രങ്ങളേയും സൂര്യചന്ദ്രഗ്രഹങ്ങളേയും ഉറ്റുനോക്കിയിരുന്ന അവരെ സംബന്ധിച്ചിടത്തോളം സൂര്യൻ ഉത്തരാർദ്ധഗോളം വിട്ട് തെക്കോട്ടുള്ള പാതയിൽ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്ന വസന്തവിഷുവദിനം അഥവാ വസന്തഋതുവിൽ ദിനരാത്രങ്ങൾ തുല്യമായി വരുന്ന ദിവസം കഴിഞ്ഞുള്ള ആദ്യത്തെ അമാവാസിനാളിലായിരുന്നു വർഷാരംഭം. പുതുചന്ദ്രികയുടെ പിറവി എക്കാലവും പ്രത്യേകിച്ച്, മധ്യപൗരസ്ത്യദേശാചാരങ്ങൾ പ്രകാരം മംഗളദായകമായിരുന്നല്ലോ.


മെസപ്പൊട്ടേമിയയിൽ അന്നത് ആദ്യമാസപ്പിറവിയാണ്. നിസാൻ എന്നായിരുന്നു മാസത്തിന്റെ പേര്. അതായത്, ഇന്നത്തെ ജനുവരി ഒന്നിന്റെ പ്രാധാന്യം അന്ന് നിസാൻ ഒന്നിനായിരുന്നു എന്ന്. പക്ഷെ, ഇന്നത്തെപ്പോലെ സൂര്യനല്ല അടിസ്ഥാനം ചന്ദ്രോദയമായിരുന്നു എന്നു മാത്രം. പക്ഷെ, ആഘോഷങ്ങൾ ഒറ്റദിവസത്തിൽ ഒതുങ്ങുമായിരുന്നില്ല. പതിനൊന്നു ദിനങ്ങളാണ് ബാബിലോണിയക്കാരും അസ്സീറിയക്കാരും ആടിപ്പാടിത്തിമിർത്തുകൊണ്ട് പുതുവർഷത്തെ വരവേറ്റിരുന്നത്.
അകീത്തു അല്ലെങ്കിൽ അകീത്തൂം എന്നായിരുന്നു ഈ ആഹ്ലാദദിനങ്ങളുടെ പേര്.
സുമേരിയക്കാർ സാഗ്മൂക്ക് എന്നു വിളിച്ചിരുന്ന ആഘോഷവും ഇതു തന്നെ. ബാർലി വിതയ്ക്കലായിരുന്നു ആ വേളയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി.


പ്രപഞ്ചത്തിന്റെ കോലാഹലങ്ങൾ നിറഞ്ഞ ക്രമരാഹിത്യത്തിൽ നിന്ന് അടുക്കും ചിട്ടയുമുള്ള ദിവ്യലോകത്തിലേക്കുള്ള ചുവടുമാറ്റം അല്ലെങ്കിൽ ദൈവങ്ങളുടെ വിജയം ആയിരുന്നു ആ പുതുവത്സരകാലത്തിന്റെ സങ്കല്പം. ലോകത്തിനെ ശുദ്ധീകരിച്ചെടുക്കൽ കൂടിയാണത്. ഭൂമിദേവി പുഷ്പിണിയായി മാറുന്ന കാലം. വസന്തദേവത നൃത്തച്ചുവടുകൾ വെയ്ക്കാനൊരുങ്ങുന്ന സമയം. ഋതുമനോഹാരിതയുടെ വർണ്ണാഭയിൽ മനംമയങ്ങി മനുഷ്യർ പ്രകൃതിയെ വണങ്ങിപ്പോവുന്നതിൽ അത്ഭുതം കൂറേണ്ടതില്ലല്ലോ. ശീതാന്ധകാരപ്പൊറുതിയിൽ നിന്നുള്ള പുനർജ്ജന്മം കൂടിയായിരുന്നു മനുഷ്യർക്കത്.


ലോകത്തെ ശുചീകരിച്ചെടുക്കുന്നതിനൊപ്പം നാടുഭരിക്കുന്ന നാടുവാഴികളും അവരുടെ സ്ഥാനമാനങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചുഴിഞ്ഞിടേണ്ടതുണ്ട്. മെസപ്പൊട്ടേമിയക്കാർ ലോകത്തിന്റെ പിതൃസ്ഥാനം കല്പിച്ചു കൊടുത്തിരുന്നത് മാർദൂക് എന്ന ദേവനായിരുന്നു. സൂര്യന്റെ കുഞ്ഞാടാണ് മാർദൂക്. സൂര്യൻ അരുമയോടെ ഭൂമിയിലേക്കു ചൊരിഞ്ഞിടുന്ന പ്രകാശരശ്മികൾ തന്നെ ആ കുഞ്ഞാട്. സൂര്യനില്ലെങ്കിൽ മാർദൂക്കില്ല , മാർദൂക്കില്ലെങ്കിൽ ഈ ലോകവുമില്ല. ഇന്നും എത്ര സത്യമായ കാര്യം. ജീവസ്രഷ്ടാവാണ് മാർദൂക്. അവന്റെ കനിവിലേ ഇവിടെ ജീവൻ നാമ്പെടുക്കൂ, വിളയൂ.


എസാഗില എന്നൊരു സ്ഥലമുണ്ട് ബാബിലോണിൽ. അവിടെയാണ് മാർദൂക്ക് ദേവന്റെ ക്ഷേത്രം. അവിടത്തെ മാർദൂക്കിന്റെ പ്രതിഷ്ഠയുടെ മുന്നിലാണ് പുതുവത്സരാഘോഷങ്ങൾ.
യൂഫ്രട്ടീസിൽ മുങ്ങിക്കുളിച്ച് ശുദ്ധിയായി പുരോഹിതന്മാർ വരും. പിന്നാലെ രാജാവും. തുടർന്ന്, എസാഗിലൻ രഹസ്യം എന്നൊരു പ്രാർത്ഥന പുരോഹിതൻ മന്ത്രിക്കും. വിസ്തരഭയത്താൽ ആ രഹസ്യം ഞാനിവിടെ ചേർക്കുന്നില്ല.
പിന്നെ രാജ്യാധിപൻ തന്റെ രാജാലങ്കാരങ്ങൾ ഊരിവെയ്ക്കും. സ്രഷ്ടാവിനുള്ള സമർപ്പണമാണത്. എല്ലാം അഴിച്ചുവെച്ചശേഷം അദ്ദേഹം ഒരു പ്രതിജ്ഞയെടുക്കും. തന്റെ നാടിനേയും നാട്ടുകാരേയും വേണ്ടപോലെ നോക്കി പരിപാലിച്ചോളാം എന്ന പരസ്യവാഗ്ദാനം. ഇന്നത്തെ മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ ഒന്ന്. പക്ഷെ, ഇതു വർഷാവർഷം ആവർത്തിക്കണമെന്നു മാത്രം.


അതു കഴിഞ്ഞിട്ടുള്ള കാര്യമാണ് ഏറ്റവും രസകരം. മാർദൂക്കിനെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യപുരോഹിതന്റെ ഒരു വരവുണ്ട്. രാജാവിന്റെ അടുത്തേക്ക്. അതുപോലൊരു അവസരം പിന്നൊരിക്കലും കിട്ടിയെന്നു വരില്ല.
മുഖ്യപുരോഹിതൻ രാജാവിനെ ചെവിക്കുപിടിച്ച് വിഗ്രഹത്തിന്റെ മുന്നിൽ മുട്ടുകുത്തിക്കും. രാജാവ് എന്നിട്ട് കഴിഞ്ഞ കൊല്ലം ചെയ്ത തെറ്റുകൾക്കും കൃത്യവിലോപങ്ങൾക്കും പാലിക്കാഞ്ഞ വാഗ്ദാനങ്ങൾക്കും മാപ്പു പറയണം. എന്താലേ…
അതിനുശേഷമുള്ള കാര്യം അതിലും ഭയങ്കരമാണ്. എല്ലാ ഉറപ്പുകളും ആണയിട്ടു പറഞ്ഞതിനു ശേഷം പുരോഹിതൻ രാജാവിന്റെ ചെപ്പക്കുറ്റിക്ക് ഒരൊറ്റയടിയാണ്. ചെറുതൊന്നുമില്ല. കൈതുറന്നു പിടിച്ച് നല്ല ചുട്ടയടി. രാജാവിന് ദേഷ്യപ്പെട്ടു അട്ടഹസിക്കാനോ, പുരോഹിതനെ ശിക്ഷിക്കാനോ, ഇനി അതുമല്ല അഭിമാനവും ശൂരതയും മുറുകെപ്പിടിച്ച് സഹിച്ചുനില്ക്കാനോ പറ്റില്ല. അദ്ദേഹം കരഞ്ഞോളണം. ഏങ്ങിക്കരഞ്ഞേ പറ്റൂ. കണ്ണീരു കണ്ടേ പറ്റൂ. എന്നാലേ മാർദൂക് ദേവൻ തൃപ്തനാവൂ. അതാണ് ആചാരം. രാജാവിന് അത് തെറ്റിക്കാനാവില്ല. സത്യത്തിൽ ആ അടിയിൽ കണ്ണിൽ നിന്ന് പൊന്നീച്ച തന്നെ പാറിയെന്നു വരും. പിന്നെയല്ലേ കണ്ണീര്.

എനിക്കറിയാം നമ്മളിൽ പലർക്കും ഇത്തരമൊരു ആചാരം ഇപ്പോഴുമുണ്ടാവണമെന്നും, നമ്മുടെ ഭരണാധികാരികളെ ഒന്നു പൂശണമെന്നുമുള്ള ആഗ്രഹവുമുണ്ടെന്ന്. സത്യമല്ലേ…
കരിച്ചിലിനു ശേഷം രാജ്യവിനെ വീണ്ടും അലങ്കരിച്ചണിയിച്ച്, കീരീടം ധരിപ്പിച്ച്, സിംഹാസനസ്ഥനാക്കും. അടുത്ത ഒരു കൊല്ലത്തേക്ക് മാർദൂക്ക് ദേവന്റെ പ്രതിനിധിയായി രാജ്യം ഭരിക്കാനുള്ള അനുമതിയാണത്.
തുടർന്നങ്ങോട്ടാണ് ആഘോഷങ്ങൾ. ജനങ്ങൾ ആടുകയും പാടുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളിലെന്ന പോലെ വലിയ കോലങ്ങളുണ്ടാക്കിക്കത്തിക്കും. കാട്ടകമ്പാലിലെ കാളിദാരികയുദ്ധം പോലെ വേഷം കെട്ടി കളിപ്പോരുകൾ അരങ്ങേറും.


ഏഴാം ദിവസം മാർദൂക് ദേവൻ ഉണ്ടാവില്ല. മൂപ്പർ തിയാമത് എന്ന ദുർദേവതയുമായി പോരിനു പോകുന്നതാണ്. പിന്നാലെ മറ്റു ദൈവങ്ങളും പോകും. അതു വേറൊരു കഥയാണ്. പിന്നൊരിക്കൽ പറയാം.
എട്ടാം ദിവസം ദേവനാഥൻ തിരിച്ചെത്തും. അടുത്തനാൾ മാർദൂക്കും രാജാവും ചേർന്നാണ് ഘോഷയാത്രകൾ. ആ ഘോഷയാത്ര ചിത്രത്തിൽ കാണുന്നപോലെ ഇഷ്താർ കവാടം വഴി നഗരത്തിലേക്കു പോകും. ജനം മുഴുവനുണ്ടാവും പിന്നാലെ.
പത്താം ദിവസവും ആഘോഷം തുടരും. പതിനൊന്നിനു ദൈവങ്ങളുടെ സമ്മേളനമാണ്. ഉപ്ഷു ഉക്കീന എന്നാണതിന്റെ പേര്. മനുഷ്യൻ ദൈവത്തെ സേവിക്കുന്നിടത്തോളം കാലം, ദൈവം സ്വർഗ്ഗവും ഭൂമിയും ഒരുമിച്ചുചേർത്ത് മനുഷ്യനൊപ്പം നില്ക്കുന്നു.


മനുഷ്യന്റെ സന്തോഷമില്ലാതെ ദൈവത്തിനുമില്ല സന്തോഷം. ഇതായിരുന്നു അക്കാലത്തെ ദർശനം. അപ്പോൾ ആ സന്തോഷം നിലനിർത്താൻ മനുഷ്യരും ദൈവവും ഒന്നിച്ച് കൊണ്ടുപിടിച്ച് ഉത്സാഹിച്ചല്ലേ പറ്റൂ.
എന്തൊരു ആഘോഷവേളയായിരുന്നിരിക്കണം അതെല്ലാം. പിന്നീട്, ഈ സ്ഥലമെല്ലാം പേർഷ്യൻ സാമാജ്യത്തിന്റെ കീഴിലും, പിന്നെ അലക്സാണ്ടറുടേയും സെല്യൂക്കസിന്റേയും കീഴിലും ആയപ്പോഴും അകീത്തു എന്ന നവവത്സരാഘോഷങ്ങൾ തുടർന്നു. അതു പിന്നെ ഗ്രീസിലും റോമൻ സാമ്രാജ്യത്തിലുമെത്തി. പിന്നെയാണ് ജനുവരി മാസമൊക്കെ പിറക്കുന്നത്.


ഇന്നും ഇറാക്കിലെ ചിലയിടങ്ങളിൽ ഈ അക്കീത്തും ഉത്സവത്തിന്റെ ചെറുപതിപ്പുകൾ ആഘോഷിക്കപ്പെടുന്നുണ്ട്.
ഈ പുതുവത്സരദിനത്തിൽ അകീത്തും ആഘോഷങ്ങളെക്കുറിച്ച് ആലോചിച്ചു സങ്കല്പിച്ചപ്പോൾ ഒരു രസം തോന്നി. അതാണ് നിങ്ങളോടു പങ്കുവെയ്ക്കണമെന്നു തോന്നിയത്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംശകൾ.
ഹാവ് എ ഗ്രേറ്റ് ഡേ ആന്റ് എ സൂപ്പർ ന്യൂ ഇയർ
❤️❤️

ഡോ. ഹരികൃഷ്ണൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *