രചന : ജിൻസ് സ്കറിയ ✍
ഏഴു ലോകാതിശയങ്ങളിൽ ഒന്നായി അംഗീകരിച്ച ഈഫൽ ഗോപുരത്തിന്റെ ശില്പി അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.
1880-കളുടെ അവസാനം, ഒന്നര കൊല്ലം കൊണ്ട്, മികച്ച ക്രെയിൻ പോലും ഇല്ലാത്തൊരു കാലത്ത്, വൈദ്യുതിയുടെ ബന്ധം പോലും ചൊവ്വേ നേരെ കിട്ടുവാൻ സാദ്ധ്യമല്ലാതിരു അത്കാലത്ത്, വെറും ഹൈഡ്രോളിക് സംവിധാനത്തിലൂടെ മാത്രം കൂറ്റൻ ഇരുമ്പുപാളികൾ മുകളിലേക്ക് വലിച്ചു കയറ്റി അന്നത്തെ ലോകത്തെ ഏറ്റവും വലിയ അത്ഭുതം സൃഷ്ടിച്ചത്, ചരിത്രം അറിയുന്നവർക്ക് ഇന്നും മഹാത്ഭുതം തന്നെയാണ്.
ഫ്രാൻസിലെ ഡിജോണിൽ 1832 ഡിസംബർ 15-ന് ജനിച്ചു. സെൻട്രൽ സ്‌കൂൾ ഓഫ് മാനുഫാക്ചറിങ് ആർട്‌സിൽ നിന്ന് എൻജിനീറിംഗ് പഠനം പൂർത്തിയാക്കി. വൻകിട പാലങ്ങൾ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതിൽ ആയിരുന്നു ഈഫലിന് താത്പര്യം. പോർച്ചുഗലിലെ ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ് എന്നിവ ഇദ്ദേഹം രൂപകല്പന ചെയ്തതാണ്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണി രൂപകല്പന ചെയ്തതും ഗുസ്താവ് ഈഫലായിരുന്നു. 1912-ൽ ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാലയും സ്ഥാപിച്ചു. ആ വർഷം തന്നെ വിൻഡ് ടണലും രൂപകല്പന ചെയ്തു.
ഈഫൽ ടവർ 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരമാണിത്. ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്, പാരീസിലെത്തിച്ച്, കൂട്ടിയോജിപ്പിക്കുകയായിരുന്നു.
1889-ൽ ഗോപുരം നിർമ്മിയ്ക്കപ്പെട്ടപ്പോൾ മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റർ ഉയരമുണ്ടായിരുന്നു. 1991-ൽ റേഡിയോ സംപ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫൽ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്.
1923 ഡിസംബർ 27-ന്, 91-ാം വയസ്സിൽ അന്തരിച്ചു.