രചന : തോമസ് കാവാലം✍
മിഴിനീർ പൂക്കൾ പൊഴിക്കുന്ന ശിശിരം
വഴിപിരിയുന്നു മമ മുന്നിലിന്ന്
തുഴയെറിഞ്ഞെങ്ങോ പോകുന്നമേഘങ്ങൾ
പൊഴിതേടിയലയുന്നു മന്നിലെങ്ങും .
ഓർമ്മതൻ ചെപ്പുമായ് വേർപിരിഞ്ഞീടുന്ന
കാർമുകിൽ കദനകഥകൾ ചൊല്ലുന്നു
നേർവഴി കാട്ടുവാൻ പുതുവർഷമെത്തി
നവയുഗ ചിന്തകൾ ചൊരിഞ്ഞു ചേലിൽ.
വേദന,വേർപാട്,ദുഃഖം, ദുരന്തങ്ങൾ
യാതനനൽകുന്ന ജീവിതപാതകൾ
പിന്നോട്ടുനോക്കി ഞാനുപ്പുതൂണാകാതെ
മുന്നോട്ടു പ്രതീക്ഷ കൊരുത്തു പോകയായ് .
ചേതനാചോരനാം മോഹമേ, നീയെന്റെ
യാതനമാറ്റുവാൻ നോക്കുന്നതെന്തിനോ?
ചുറ്റിപ്പീണയും നീ സർപ്പമോ നിർദ്ദയം
ഒറ്റപ്പെടുത്തുന്നയേകാന്തജീവനോ?
ഇനിയെന്നുകാണുമെന്നു
ചൊല്ലീടുവാൻ
പനിമതി വാനിലായുയർന്നുനിൽക്കേ
തനിയാവർത്തനമില്ലെന്നുമെല്ലെയാ-
യിനനിന്നു വിരവിൽ മൊഴിഞ്ഞുദൂരെ.
ഈ പുഴയുമതിൻ പൂന്തേനരുവിയും
ഈ ആഴി,യൂഴിയും യാത്രചൊല്ലീടവേ
എങ്ങേ നീ പോകുന്നു ജ്യോതിസ്സേ,മർത്യനായ് –
എന്നും നീ പുതുലോകം സൃഷ്ടിക്കുകില്ലേ ?
നീതന്നെയാരംഭം അന്ത്യവും ജ്യോതിസ്സേ,
നീതന്നെ കാലവും വർഷവും ഭാവിയും
നീയില്ലെന്നാകുകിലില്ല ചരാചരം
നിനയ്ക്കുവാനാകില്ലതിൻ ചന്തങ്ങളും.
മോഹമേ! നിൻ ചെപ്പിലെന്തു നീ ഒളിപ്പിച്ചു
ആരോമൽ വാസന്തമായ് പിറന്നീടുവാൻ
പൂക്കളാൽ പൂമെത്ത പാരിൽ വിരിക്കുവാൻ
പാരം നീ പ്രതീക്ഷയായ് വരികയില്ലേ?