രചന : ഷാജു. കെ. കടമേരി ✍
ജീവിതം ഹൃദയ രക്തം
മുക്കിയെഴുതുന്ന
വാക്കുകളുടെ
മലമടക്കുകളിൽ
നമ്മളൊന്നിച്ചിരുന്നിട്ടുണ്ട്.
സമത്വം നെഞ്ച് കീറി വരച്ചിട്ട
ഇന്നിന്റെ ,
നാളെയുടെ ,
വേറിട്ട ഒച്ചയ്ക്ക്
കാതോർത്തിട്ടുണ്ട്.
ഒരു ചോറ്റ് പാത്രം
ഒന്നിച്ച് പങ്കിട്ടിട്ടുണ്ട്.
വിപ്ലവ വസന്തത്തിന്റെ
ഇടിമുഴക്കങ്ങൾക്ക്
കാവലിരുന്നിട്ടുണ്ട്.
സ്നേഹത്തിന്റെ മണമൂറുന്ന
വരികൾക്കിടയിൽ
ഒന്നിച്ച് പെയ്തിട്ടുണ്ട്.
എന്നിട്ടും,
പ്രിയപ്പെട്ട ഷഫീക്ക്
നീയും, ഞാനും
രണ്ട് സാമ്രാജ്യങ്ങളായി
വെട്ടിമാറ്റപ്പെടുമ്പോഴും
ഖുർആനും,
ഭഗവത് ഗീതയും
ബൈബിളും
ഒന്നിച്ചടുക്കി വച്ചിരിക്കുന്ന
ഷെൽഫിനടുത്തിരുന്ന്
നമ്മൾ വാക്കുകൾ
പങ്കിട്ടെടുക്കുമ്പോൾ
എപ്പോഴാണ്
ഒരു തീപ്പന്തം
നമ്മൾക്കിടയിലേക്ക്
നുഴഞ്ഞ് കയറി
അവയെ
ചുട്ടുകരിക്കുന്നതെന്നറിയില്ല…..
” പുതുവർഷം “
അശാന്തിയുടെ
ഭ്രമണപഥങ്ങളിൽ നിന്നും
മഞ്ഞ് പെയ്യുന്ന ഡിസംബറിനോട്
വിട പറഞ്ഞ്, ചോര പടർന്ന
ദൃശ്യങ്ങളിൽ തലയിട്ടടിച്ച് പിടഞ്ഞ്
വേതാളജന്മങ്ങളിൽ നിന്നും
ഓടിയകന്ന്
ചെവി പൊട്ടിയെത്തുന്ന
ഭ്രാന്തജൽപനങ്ങളിൽ
അഗ്നി വർഷിച്ച്
കരിഞ്ചിറകടിച്ച കിനാക്കളിൽ
മുത്തുമണികൾ കോർക്കാൻ
അന്ധകാരത്തിന്റെ
കാരാഗൃഹ കവാടം
ചവിട്ടിപ്പൊളിച്ച്
അനീതിയുടെ,
.അസമത്വത്തിന്റെ
ചില്ല് കൊട്ടാരം എറിഞ്ഞുടച്ച്
ചെളി വാരിയെറിയപ്പെടുന്ന
സത്യത്തിന് ജീവശ്വാസം
കൊടുത്ത്
വെള്ളരിപ്രാവിന്റെ ചിറകിൽ
പ്രതീക്ഷയുടെ വരികൾ
കൊത്താൻ പുതുവർഷമേ
നീ വീണ്ടും……