വീഴാതെ
ഒറ്റക്കാലിൽ നടക്കുവാൻ പാടുപെടുന്ന
ഒരു പാവം മൈന.
മൂന്നു കാലുകളാൽ
മെല്ലെ മെല്ലെ ഓടിപ്പോകുന്ന
നായ.
സമാനമായ ദോഷങ്ങൾ വന്നുപെട്ട
മനുഷ്യർ.
ഇന്നലെവരെ
പാലൂട്ടി താലോലിച്ചിരുന്ന
അരുമക്കുഞ്ഞുങ്ങളെ
നായ കൊണ്ടുപോയതറിയാതെ
കരഞ്ഞു വിളിക്കുന്ന
തള്ളപ്പൂച്ച .
കത്തുന്ന വിശപ്പുമായ്
ഭക്ഷണം കിട്ടാതലയുന്ന
നായ്ക്കൾ .
വിശപ്പും ദു:ഖവും ദേഷ്യവും സഹിക്കാതെ
അവ ചിലപ്പോൾ
പരസ്പരം കടിക്കുന്നു.
അല്ലലറിയാതെ
താലോലിച്ചു വളർത്തിയ മക്കൾ
പ്രലോഭനങ്ങളിൽ കുരുങ്ങി
നശിക്കുന്നതു കണ്ട്
ഹൃദയം നുറുങ്ങുന്ന
വേദന തിന്നുന്ന
മാതാപിതാക്കൾ .
എല്ലാം നേടിയെന്ന്
കരുതിയിരിക്കവെ
മാറാരോഗം വന്ന്
നരകയാതനയനുഭവിക്കുന്നവർ .
പതിരായ് മാറിയ
പ്രയത്നങ്ങൾ
പറന്നു പോകുന്നതു കണ്ട്
പലരും
പരിതപിച്ചു.
പതിരിനൊപ്പം
പറന്നകലുവാനും
പലരും
തയ്യാറായി.
ഇത്
മനോഹരമായ ജീവിതത്തിന്റെ
ഉത്തരകാണ്ഡത്തിന്റെ ചില ദൃശ്യങ്ങൾ.
ഇവിടെ വൈരുദ്ധ്യങ്ങൾ
നിയന്താവായും
നിയതിയുടെ
നിശ്ചയങ്ങളായും
നിലനില്ക്കുന്നു.
എന്നാൽ
അവയെ നിഷ്പ്രഭമാക്കിക്കൊണ്ട്
കാലങ്ങൾക്കപ്പുറം
കാതങ്ങൾക്കപ്പുറം
ജ്ഞാനിയായ ഒരവധൂതൻ,
ഉച്ചവെയിലത്ത്
കഠിനമായ് പ്രയത്നിച്ച്
വലിയ പാറക്കല്ലുകൾ
മലമുകളിലേക്കുരുട്ടിക്കയറ്റിയ ശേഷം
മലയുടെ നെറുകയിൽ നിന്നും
അവ താഴേക്കു തള്ളിയിട്ട്
ഉരുണ്ടു പതിക്കുന്നതു നോക്കി
ഉറക്കെ കൈകൊട്ടിചിരിക്കുന്നു.
ചിലർ കാര്യവും കഥയുമറിയാതെ പുലമ്പി
” ഭ്രാന്തൻ, നാറാണത്തുഭ്രാന്തൻ “
പലരും അതേറ്റു പറഞ്ഞു.
അകലെ നിന്നും
ഉച്ചഭാഷിണിയിലൂടെ
ഗീതാസൂക്തം ഒഴുകി വരുന്നു
” തസ്മാദസക്ത: സതതം
കാര്യം കർമ്മ സമാചര
അസക്തോ ഹ്യാചരൻ കർമ്മ
പരമാപ്നോതി പൂരുഷ: “
(അർത്ഥം: അതുകൊണ്ട് എപ്പോഴും ഫലാപേക്ഷ കൂടാതെ കർത്തവ്യമായുള്ള കർമ്മത്തെ ആചരിച്ചാലും. നിഷ്ക്കാമമായി കർമ്മം ചെയ്യുന്നവൻ പരമപദം പ്രാപിക്കുന്നു.)

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *