രചന : രാജേഷ് കോടനാട് ✍
പെൺകുട്ടികൾക്ക്
കണ്ണാടി വേണ്ടാത്ത കാലം
മെടയാൻ മുടിയില്ല
നിൻ്റെ ചിരി
വലിയ വട്ടത്തിൽ
എൻ്റെ നെറ്റിയിൽ കുത്തും
എൻ്റെ സങ്കടം
നിന്നെ
കരിനീലിച്ച് കണ്ണെഴുതിക്കും
നിൻ്റെ മോഹങ്ങൾ
എനിക്കൊരു മൂക്കുത്തിയാവും
എൻ്റെ ചുഴലി
സ്വർണ്ണത്താൽ
നിനക്കൊരു നുണക്കുഴി പണിയും
നിൻ്റെ ക്ഷമ എനിക്കൊരു
കമ്മലുരുക്കും
എൻ്റെ പിണക്കങ്ങൾ
നിനക്ക് കരിമണിമാലകളാവും
നീ എന്നെ നോക്കി
തൂവൽ കുടയും
ഞാൻ നിന്നെ നോക്കി
ചിറക് ഞൊറിയും
ചില്ലിന് പിന്നിലെ രസം പോലെ
നീ എന്നെയും
ഞാൻ നിന്നെയും
പ്രതിഫലിപ്പിക്കും
വളരുന്തോറും
ഒറ്റ വസന്തമാവുന്ന
പല ശലഭങ്ങളാവുന്നു നമ്മൾ.