രചന : ഡോ. ഹരികൃഷ്ണൻ✍
പക്ഷികളെ ഒരു ജന്തുവിഭാഗമെന്ന നിലയിൽ പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിവസം.
ഇന്ന് പക്ഷികൾ നേരിടുന്ന വെല്ലുവിളികൾ വലുതാണ്. അവരുടെ ആവാസവ്യവസ്ഥ ചുരുങ്ങിവരുന്നു.
കാലാവസ്ഥാവ്യതിയാനം കാര്യമായ തകരാറുകൾ അവരുടെ പ്രജനനത്തിനും ദേശാടനത്തിനും ജീവവ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്നു.
ലോകമെങ്ങും നടക്കുന്ന ഹീനവും അനധികൃതവുമായ പക്ഷിക്കച്ചവടങ്ങൾ ഈ പാവം ജീവികളെ സ്വാഭാവികപരിസ്ഥിതിയിൽ നിന്ന് പുറന്തള്ളുന്നു.
ഇതിന്റെയെല്ലാം പിന്നിൽ മനുഷ്യന്റെ കൈകളുണ്ട് എന്നതാണ് ഏറ്റവും പരിതാപകരം.
നമുക്കൊപ്പം ജീവിച്ചുപോകേണ്ടവരാണ് ഇവർ. ഭൂമിയിലെ പ്രധാനപ്പെട്ട സഹജീവികളാണിവർ എന്ന അടിസ്ഥാനബോധം നമ്മൾ മനുഷ്യരിലോരോരുത്തരിലും ഉണരേണ്ടതുണ്ട്. അതിനനുസരിച്ച് നാം പ്രവർത്തിക്കേണ്ടതുമുണ്ട് .
നമ്മൾ ജീവിക്കുന്ന ഈ ഭൂഗോളവ്യവസ്ഥയിൽ പക്ഷികൾ വലിയൊരു സ്ഥാനം വഹിക്കുന്നു. ലോകപരിസ്ഥിതിയുടെ നിലനില്പിൽ അതിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കണ്ടുകൂടാ. ലോകമെമ്പാടും ചെടികളുടെ വിത്തുവിതരണത്തിലും പരാഗണത്തിലും ഷഡ്പദങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിലും പക്ഷികളുടെ പങ്ക് വളരെ വലുതാണ്.
ഇനി കർണ്ണാനന്ദകരമായ കൂജനങ്ങളിലൂടേയും അതിമനോഹരമായ വർണ്ണശബളിമയിലൂടേയും നമുക്കിവർ പകരുന്ന ആനന്ദമോ-അതിനു പകരം വെയ്ക്കാനൊന്നുമില്ല. മനുഷ്യകേന്ദ്രീകൃതമായി ചിന്തിച്ചതല്ല. ലോകത്തിലെ ജീവജാലങ്ങൾ അവയുടെ നിലനില്പിന് പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് കഴിയുന്നത് എന്നോർമ്മിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ ലോകരംഗവേദിയിൽ മനുഷ്യനും ഒരു കഥാപാത്രം മാത്രമാണ്. നമ്മളുടെയെന്നല്ല, മറ്റു ജീവികളുടേയും സസ്യങ്ങളുടെയും നിലനില്പിനും ഈ സഹജീവിബന്ധം പ്രധാനം തന്നെ. അതു മറന്നുള്ള പ്രവൃത്തികൾ പാടില്ല എന്ന് നിരന്തരം നമ്മെത്തന്നെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്.
എല്ലാ വർഷവും ദശലക്ഷക്കണക്കിന് പക്ഷികളെയാണ് മനുഷ്യൻ കെണിവെച്ചു പിടിച്ച്, കൂട്ടിലാക്കി, വില്പനച്ചരക്കാക്കുന്നത്. നമ്മുടെ കൃത്രിമാനന്ദത്തിനും സാമ്പത്തികലാഭത്തിനും വേണ്ടിയുള്ള സ്വാർത്ഥത മാത്രമുള്ള ക്രൂരതകളാണത് എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. പക്ഷികളെ അവരുടെ സ്വാതന്ത്ര്യം നിഷേധിച്ച് കൂടുകളിലാക്കി വളർത്തുന്നതിലൂടെ ഈ കള്ളക്കടത്തിനേയും ക്രൂരതയേയും നമ്മളോരോരുത്തരും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു പറയാതെ വയ്യ. ഈ പക്ഷികളെ പിടിക്കുന്നതും കൂടുകളിൽ സൂക്ഷിക്കുന്നതും ഈ ജീവികളുടെ സ്വാഭാവികവും ഭൗതികവുമായ അടിസ്ഥാനാവശ്യങ്ങളെ നിരാകരിച്ചുകൊണ്ടാണ് എന്നു നാം മറക്കരുത്. നമ്മൾ പക്ഷികളെ വാങ്ങില്ലെന്നും ഈ കച്ചവടത്തിനു കൂട്ടുനില്ക്കില്ലെന്നും പ്രതിജ്ഞയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല, ഇപ്പോൾ ബന്ധനസ്ഥരാക്കി സൂക്ഷിക്കുന്ന പക്ഷികളുടെ കാലശേഷം അത്തരമൊരു കാര്യത്തിൽ ഇനിയേർപ്പെടുകയില്ലെന്നും നാം ഉറപ്പുവരുത്തണം.
ആ സ്വയം പ്രതിജ്ഞ നമ്മളോരോരുത്തരും ഇന്നെങ്കിലും എടുക്കുമെന്നു ഞാൻ ആശിക്കുന്നു. പ്രതീക്ഷിക്കുന്നു.
പക്ഷികൾ ഈ ഭൂമിയുടെ സ്വത്താണ്.
അവരുടെ നിലനില്പ് നമ്മുടേതുകൂടിയാണ്.
ആ ചുമതല നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ഈ വിഹായസ്സും വൃക്ഷപ്രപഞ്ചവും ഭൂമിപ്പരപ്പും അവർക്കുകൂടി നാം എക്കാലവും അനുവദിച്ചു കൊടുത്തേ പറ്റൂ.
ആറരക്കോടി വർഷങ്ങൾക്കു മുമ്പ് ഡൈനസോറുകൾ വംശമൊടുങ്ങിയില്ലാതായപ്പോൾ അവരുടെ പിന്തുടർച്ചക്കാരായി ഈ ഭൂമിയിൽ പറന്നുയർന്നവരാണ് പക്ഷികൾ.
നമ്മളേക്കാൾ ചരിത്രമുള്ളവർ. നമ്മളേക്കാൾ ഈ ഭൂമിയിൽ അവകാശമുള്ളവർ.
ആ സ്ഥാനം അവർക്കനുവദിച്ചുകൊടുക്കുക.
ഉപദ്രവിക്കാതിരിക്കുക.
ഈ ലോകം സംഗീതാത്മകവും വർണ്ണാഭവുമാകുന്നത് ഈ തൂവൽക്കുരുന്നുകൾ ഇവിടെ ജനിച്ചും വളർന്നും പറന്നും വിഹരിക്കുന്നതുകൊണ്ടുകൂടിയാണ്. അവരെയതിനു തുടർന്നും എക്കാലവും അനുവദിക്കുക.
രന്ഥംഭോറിൽ വെച്ച് ഞാനെടുത്ത ഒരു ചിത്രം ഇതിനുകൂടെ വെയ്ക്കുന്നു.
ചാരമരപ്പൊട്ടൻ
Cinereous Tit
Parus cinereus
Cinereous എന്ന വാക്കിന് ചാരനിറമുള്ളത് എന്നർത്ഥം.
🙏