രചന : കെ.ആർ.സുരേന്ദ്രൻ ✍
വലിയ നഗരത്തിലെ
ചെറുപ്പക്കാരൻ
സ്വന്തമായൊരു
മേൽവിലാസം
കളഞ്ഞുപോയവനാണ്.
അവന്
സ്ഥിരമായൊരു
സ്ഥാപനമില്ല.
സ്ഥിരമായൊരു
താവളവുമില്ല…
എറിഞ്ഞുകൊടുക്കുന്ന
കപ്പലണ്ടികളുടെ
എണ്ണക്കൂടുതൽ
നോക്കി അവൻ
സ്ഥാപനങ്ങൾ മാറുന്നു.
കപ്പലണ്ടികളുടെ
എണ്ണക്കൂടുതൽ ആത്മാർത്ഥതയുടെ മാനദണ്ഡമാകുന്നു.
അവന്റെ രാവുകൾക്ക്
ദൈർഘ്യം
കുറവാണെന്നും.
വൈകിയുറങ്ങി
പുലർച്ചയുടെ
സബർബൻ ട്രെയിനും,
ആൾക്കൂട്ടവും
സ്വപ്നം കണ്ട്
അവൻ
തല്ലിപ്പിടച്ചെണീക്കുന്നു.
സഹമുറിയന്മാർ
തമ്മിൽത്തമ്മിൽ
അപരിചിതത്വത്തിന്റെ
പരിചയം മാത്രം.
സൂക്ഷിച്ച് പോകണേ,
സമയത്തിനാഹാരം
കഴിക്കണേ,
ചുമരില്ലാതെ ചിത്രമെഴുതാനാവില്ലെന്നോർക്കണേ,
ചീത്തക്കൂട്ടുകളരുതേ,
ജോലി കഴിഞ്ഞ്
വേഗമിങ്ങെത്തിയേക്കണേയെന്നൊക്കെപ്പറഞ്ഞ്
യാത്രയാക്കാൻ
അമ്മയില്ലച്ഛനില്ല,
ഭാര്യയില്ല,
കാമുകിയില്ല.
ആരുമില്ല.
കവിഞ്ഞൊഴുകുന്ന
കമ്പാർട്ട്മെന്റിന്റെ
ഉരുണ്ട തൂണിൽ
ജീവൻ മുറുക്കി
തൂങ്ങിയാടിയാണെന്നും
യാത്ര.
പിടുത്തമങ്ങറിയാതയഞ്ഞാൽ
ആ ജീവനടർന്ന്
പാതാളത്തിലേക്ക്
പതിക്കുന്നു.
റെയിൽവേ തൊഴിലാളികൾ
സ്ട്രെച്ചറുമായോടിയെത്തി
ശവം കോരിയെടുക്കുന്നു.
പ്ളാറ്റ്ഫോമിൽ
കോടിപുതച്ചുറങ്ങുന്ന
ശവമായവൻ മാറുന്നു.
കോടിയിൽ
ചോരപടരുന്നു.
ട്രെയിൻ കാത്ത്
നില്ക്കുന്നവർ
നിസ്സംഗരായി
നോക്കിയെന്നോ,
നോക്കിയില്ലെന്നോ
വരാം.
നിത്യദുരന്തക്കാഴ്ചകൾ
അനസ്‌തേഷ്യ കൊടുത്ത്
മയക്കിയവരാണവർ.
അജ്ഞാത ശവങ്ങളുടെ
കൂട്ടത്തിലൊരുവനായി
മോർച്ചറിയിലൊതുങ്ങുന്നു.
അവനെത്തേടിയെത്താനാരുമുണ്ടാവില്ല.
വൈകിയെത്താത്തവനെ
അന്നദാതാവായ
സേഠ് അന്വേഷിക്കില്ല.
പിറ്റേന്ന് മറ്റൊരുവൻ
സേഠിനെത്തേടിയെത്തും.
നിസ്സംഗമാണ് നഗരം.
നിസ്സംഗരായി മാറുന്നു
നഗരമനുഷ്യരും.