ആൾക്കൂട്ടങ്ങൾക്കിടയിൽ
നിന്നു തന്നെയാണ്
കാണാതായത്.
ആരവങ്ങൾക്കിടയിലാണ്
അപ്രത്യക്ഷമായതും.
കൈകളിലൊരു
ബാണ്ഡക്കെട്ടുണ്ടായിരുന്നു.
കവിതകൾ, കഥകൾ, നോവലുകൾ ,
നാടൻ പാട്ടുകൾ, കലാരൂപങ്ങളുടെ
ചിത്രങ്ങൾ
ഒക്കെയും മുറുകെ
പിടിച്ചിരുന്നു.
നീണ്ട കാലത്തെ
അലച്ചിലിൻ്റെ ക്ഷീണം
മിഴികളിലുണ്ടായിരുന്നു.
സംസാരം
അവ്യക്തവുമായിരുന്നു.
വഴിവക്കിൽ നിന്നാണ്
കണ്ടെത്തിയതും.
വഴിപോക്കനാണ്
തിരിച്ചറിഞ്ഞതും.
പേര് ചോദിച്ചപ്പോൾ
പറയുന്നുണ്ടായിരുന്നു.
‘ മലയാളം, മലയാളം’
എന്നു മാത്രം.
കരളുരുകിയൊരു ഓണപ്പൊട്ടൻ
അപ്പൊഴും നാടു നീളെ
ഓടുന്നുണ്ടായിരുന്നു.
വരാനിരുന്ന മാവേലി
വഴിയരികിൽ
കിതയ്ക്കുന്നുണ്ടായിരുന്നു.

നിജീഷ് മണിയൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *