രചന : കമാൽ കണ്ണിമറ്റം✍
നിൻ്റെ പ്രണയത്തിൻ്റെയാഴവും
എൻ്റെ പ്രണയത്തിൻ്റെയാഴവും
ഒന്നായിരുന്നില്ല പൊന്നേ!
നിൻ്റെ കരുതലിനോളം
വന്നില്ലൊരിക്കലുമെൻ്റെ കരുതൽ!
നിൻ്റെ നിശ്വാസച്ചൂടിനോളമൊത്തില്ലയെൻ
ഹൃദനിശ്വാസനിർഗളങ്ങൾ !
ഒരു യാത്രാമൊഴി,
കൈവീശ,ലസ്തദാനം…..!
ഒന്നും തമ്മിൽ തമ്മിലായില്ല
വിധി വൈപരീത്യം …!
എൻ മിഴി നിറയുന്നതുമെൻ
പാദമിടറുന്നതും സാക്ഷ്യമാക്കി,
നീ കണ്ണയച്ചിമ വെട്ടാതെ നിൽക്കുന്നതിനും
ഞാനകന്നകന്ന്, പാതവളവിൽ
മറയുന്നതിനുമൊടുവിൽ,
പിൻവിളിയില്ലാതെ
പിന്തിരിഞ്ഞ്, കതകടച്ചാ
പലകപാളി മധ്യത്തിൽ ചാരിയും
പൊട്ടിക്കരഞ്ഞുമാവേർപാട് ദുഃഖമൊഴുക്കുവാനും
വിധി നമ്മോട് കൂടെയായില്ലയോമനേ!
നമ്മുടെ പ്രണയത്തിലെപ്പൊറായ്മക്കാർക്കിത് കണ്ട്
മന്ദഹാസം പൊഴിക്കാനവസരമുണ്ടായതാണതിൻ്റെ നന്മ!
നമ്മുടെ പ്രണയത്തിലെ നാനാർത്ഥ ഭാവങ്ങൾ തിരിയാതെ
നട്ടം തിരിഞ്ഞവരുമുണ്ടായിരുന്നു ….!
അവർ പരസ്പരം വിസ്മയപ്പെട്ടു നിന്നതുമൊരു മേന്മയായി!
നമ്മുടെ വേർപാടിൻ ദുരിത ദുരന്തംതിരിഞ്ഞവരാകട്ടെ,
നഷ്ടബോധക്കയത്തിലാണ്ട്
വിമ്മിഷ്ടപ്പെട്ടു!
കുത്തിയിരുന്ന് കരഞ്ഞും, നൊമ്പരപ്പെട്ടും, സന്തുലിതത്വത്തിനൊരു
പുനരാവിഷ്കരണം തേടിയലഞ്ഞു…..!
പിന്നെ,
കുഴഞ്ഞ്,
തളർന്ന് വരൾച്ചാ കാലത്തിൻ്റെ
ചുടു തണലിലിൽ,
മറവിയുടെ ഇരുൾ മെത്തമേലിരുന്ന്
കിനാവ് കണ്ടൊടുക്കമവരുമുറങ്ങി…!
കാരാഗ്രഹത്തിലിരുന്നു ഞാൻ നമ്മുടെ
പ്രണയ നിമിഷങ്ങളെ നിർധാരണം ചെയ്യാൻ ശ്രമിച്ചു…!
നീയെൻ്റെ അന്നമായിരുന്നു
നീയെൻ്റെ ജീവിതസെന്ധാരണ വഴിയായിരുന്നു,
എൻ്റെ പ്രണയത്തിൻ്റെ പ്രഥമകാര്യവും കാരണവുമായിരുന്നു!
നിനക്ക് ഞാനെന്നതൊരവ്യക്ത മിഥ്യയായിരുന്നെപ്പൊഴും…
നിൻ്റെ സ്നേഹവും
പ്രണയവുമാത്മാർത്ഥതയുമറിയാതെ യോർക്കാതെ
ഞാൻ നിന്നെയൊരു നിധിയായ് കരുതിയെൻ ജീവനിൽ ചേർത്തു വച്ചു….!
ഇന്നലെ ഞാൻ നിന്നെ
വിലക്കിൻ്റെ ഇരുമ്പുവല പ്പഴുതിലൂടെ നോക്കിനിന്നു.!
സ്നേഹവായ്പോടെ,യെത്താ കരങ്ങൾ നീട്ടി നീ യെന്നിലേക്കാഞ്ഞതും,
നിൻ്റെ കൺതടം നീർക്കണം കെട്ടി നിറഞ്ഞൊഴുകിയതും,
നീ വിതുമ്പിയതും
ഞാൻ കണ്ടു…..!
നിൻ്റെ മടിയിൽ തലചായ്ച്ചി രുന്നു നമ്മൾ പൂമ്പാറ്റക്കുരുന്നുകളുടെ
കളികളും കുശുമ്പുമാസ്വാദിച്ച് ചിരിച്ചതും,
ഞാനവർക്ക് ശിക്ഷാശിക്ഷണ നിയന്ത്രണങ്ങളിലൂടെ
സംസ്കരണ പാഠങ്ങൾ പകർന്നതു,മിനി യോർമ്മയെന്ന നേരിൽ
നെഞ്ചു പുകഞ്ഞു മെല്ലെ
പാതിയുയർത്തിയ പാദം പിൻവലിച്ചു ഞാൻ!
നിൻ്റെയനാഥത്വം തടയാനാരുമില്ലാതെ
നീ നിസ്സഹായപ്പെടുന്നതും,
നിൻ്റെ ഗാത്രത്തിൽ അവഗണനയുടെ
പരിക്കുകൾ മുറിവായ് പഴുത്തിറ്റുന്നതും,
നിൻ്റെ തേങ്ങലും വിറയലും
കേൾക്കാതെ നിന്നെയൂറ്റിത്തടിക്കുന്നവരുടെ
ബധിരാന്ധതകളിൽ നീ നീറിപ്പടരുന്നതും……
ഞാനറിയുന്നു
കാണുന്നു…
പക്ഷേ, ഞാൻ കണ്ണ് പൂട്ടി നിശ്ചേഷ്ഠനാകുന്നു
നിസ്സഹായത്തുടിപ്പാലുറഞ്ഞു പോകുന്നു…!
ഇനി നീ ഒറ്റയ്ക്കൊരൊറ്റയാവുക …!
നിന്നെ നീ സ്വയം കാത്തുകൊൾക…..!
നിന്നെ യൂറ്റുന്നവരുടെ
സ്വാർത്ഥതയുടെ മാറുകളിൽ
അസ്വസ്ഥമാം ചുടല നൃത്തം ചവിട്ടിത്തുരത്തുക…!
ഉയിർപ്പിൻ്റെ പുതിയ ഫിനിക്സ് താളങ്ങൾ പിടിച്ച് പുതുച്ചുവടുകൾ വയ്കുക!
പ്രതീക്ഷയുടെ കണ്ണുകൾ ദൂരേയ്ക്കയച്ച് നീ…
കാതിലിട്ടവനാം
പുതുമണാളനെക്കാ,ത്തു കാത്തിരിക്കുക …..!
എൻ്റെ കാതിലെ കടുക്കൻ ഞാൻ നിൻ്റെ മടിയിലേക്കെറിയുന്നു…..
നീയത് പുതുമാരനായ് പൊതിഞ്ഞ് സൂക്ഷിക്കുക….!
ഇനി ഞാൻ
തിരിച്ചു വരവ് അസാധ്യമാക്കുന്ന പെരുവഴി
വശങ്ങളിലൂടെ പാദം പറിച്ച് പറിച്ച് … അകലേക്ക് … അകലേക്ക്…!
യാത്രാമൊഴി…..!