രചന : സെഹ്‌റാൻ ✍
ദുരൂഹതയുടേതായൊരു
പടമുരിയുന്ന പാമ്പിനെ
സ്വപ്നത്തിൽ ദർശിക്കുന്നത്
നല്ലതാണ്.
ചിറകുകളിൽ
വിഭ്രാന്തികളുടെ
പുരാവൃത്തങ്ങളണിഞ്ഞ്
ആകാശം തൊടാനായുന്ന
കഴുകനെയും.
നിത്യസഞ്ചാരിയായ
എൻ്റെ കാര്യം
ഒന്നോർത്തു നോക്കൂ,
സ്വപ്നങ്ങൾ ഒഴിഞ്ഞിടത്തെ
ഇരുൾശൂന്യതയെ
തത്വചിന്തകളാൽ
ഞാൻ പൂരിപ്പിക്കുന്നു.
കെട്ടഴിഞ്ഞ ചിന്തകളുടെ
തോണിയിൽ
ദൂരങ്ങൾ പിന്നിടുന്നു.
നിഗൂഢതയുടെ
ഉൾവനങ്ങളിലെ
നിഴലനക്കങ്ങൾ
മാത്രം നിങ്ങളതിൽ
ദർശിക്കുന്നു.
വൃഥാ കാത്തിരിപ്പിന്റെ
വെള്ളയുടുപ്പുകളണിയുന്നു…
⚫