രചന : ജിബിൽ പെരേര✍
മുൻവശത്തായി
കരിഞ്ഞ ചെമ്പകമുള്ള വീടെന്ന് ,
തപാലാഫീസിലെ ശിപായി
കളിയാക്കി വിളിക്കുന്ന
ആ വീട്ടിൽ
തുറന്നിട്ടിരിക്കുന്ന
ഒരേയൊരു ജാലകമാണുള്ളത്.
വവ്വാലിനും എലിക്കും
പാമ്പിനും പല്ലിക്കും
ഒരുപോലെ എൻട്രി പാസുള്ള
ആ ജാലകത്തിലൂടെയാണ്
നമ്മൾക്കാ വീടിന്റെ
അകക്കാഴ്ചകൾ കാണേണ്ടത്.
‘വന്നതിൽ സന്തോഷ’മെന്ന്
ഞരങ്ങി നീങ്ങിക്കൊണ്ട്
അകത്തേക്ക് വിളിച്ച് കയറ്റി,
വലിയ ഇരുമ്പ്ഗേറ്റുകൾ..
കാക്കകളെല്ലാരും കൂടി
കാഴ്ചയില്ലാത്തയൊരുവനിൽനിന്ന്
കള്ളയൊപ്പിട്ട് വാങ്ങിയ പ്രമാണംപോലെ
മുറ്റത്തൊരു കാക്കക്കൂടും
അതിൽ
രണ്ട് കാക്കക്കുഞ്ഞുങ്ങളും.
‘ഞങ്ങൾക്ക് മാത്രം പാർക്കാനുള്ള
മുന്തിരിത്തോപ്പിതെ’ന്ന്
വാതിലിലെഴുതി വെച്ച്
രാജകീയമായി ഉറങ്ങുകയാണ്
ഭീമൻ എട്ടുകാലിവലകൾ.
ഇന്ന് കാലത്തും കൂടെ ,
പ്രണയത്തെക്കുറിച്ച്
ഓർത്തതേയുള്ളൂ ഈ വീടെന്ന്,
എന്റെ കൈയിൽ തൊട്ട് സത്യം ചെയ്യുന്നുണ്ട്,
ചെടിച്ചട്ടിയിലെ
വിരിഞ്ഞ റോസാപ്പൂവും
കടയ്ക്കലെയീർപ്പവും ..
ഈ സുന്ദരിപ്പെണ്ണിപ്പോഴും
ആരുടെയോ
ജീവന്റെ ജീവനാണെന്ന്
പൊടിതുടച്ചുമിനുക്കിയ
ചുവരിലെ ഫോട്ടോയുടെ
തിളക്കത്തിലേക്ക് വിരൽചൂണ്ടി
അടുത്തു നിന്നാരോ
വിളിച്ചു പറയുന്നുണ്ട്.
പെട്ടെന്നാണ്
ഇരുട്ടും കാറ്റും ഒന്നിച്ചുവന്ന്,
‘ പ്രണയംമരിച്ച കവിയുടെ
ആത്മാവുറങ്ങുന്ന
വീടാണെ”ന്നലറി,
അകക്കാഴ്ചകൾ മൂടി
ജാലകമടച്ചത്
തിരിഞ്ഞു നടന്നപ്പോൾ
ജാലകങ്ങളടച്ച ആ വീട്
ഒരു ഇരുണ്ട
പ്രേതഗൃഹമായി കാണപ്പെട്ടു.
ഇന്നലെയാണറിഞ്ഞത്,
ആ വീട്ടിലിപ്പോൾ
എല്ലാ ജാലകങ്ങളും
ആരെയോ കാത്തിരിക്കും പോൽ
തുറന്നിരുപ്പുണ്ടെന്നും
കാക്കകളും എട്ടുകാലികളും
വീട് മാറിപ്പോയെന്നും,
എലിക്കും വവ്വാലിനും
പാമ്പിനും പല്ലിക്കും
‘നോ എൻട്രി’ ബോർഡ് സ്ഥാപിച്ചുവെന്നും…
ഞാൻ വിശ്വസിച്ചില്ല..
പക്ഷേ,
തപാലാഫീസിലെ
ശിപായി ഉറപ്പിച്ചു പറയുന്നു,
മുറ്റം നിറയെ ചെമ്പകംപൂത്ത,
എല്ലാ ജാലകങ്ങളും
തുറന്ന് കിടക്കുന്ന
ആ പുരയിലേക്ക്
എന്നുമൊരു കത്തുണ്ടെന്ന്…
ഏതോ
ഒരു സുന്ദരിപ്പെണ്ണിന്റെ
പരിഭവങ്ങൾ പേറുന്ന കത്തുകൾ…