അവസാനത്തെ തുള്ളിയും തൊണ്ടയിലേക്ക് ഇറ്റിച്ചു രാമഭദ്രൻ എഴുന്നേറ്റു.എട്ടുമണി കഴിഞ്ഞു .വലിയമ്മ അത്താഴം കഴിച്ചുകാണും.എട്ടുമണി വരെ അയാളെ കാത്തിരിക്കും .. കണ്ടില്ലെങ്കിൽ കഴിച്ചു പാത്രം കഴുകിവെച്ചു രാമഭദ്രൻ വരുന്നതും നോക്കി ജനാലക്ക് നേരെ തിരിച്ചിട്ട ചാരു കസേരയിൽ ഇരിപ്പാവും.നേരം വൈകുന്തോറും ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കി എന്തു പറ്റിതാവോ,ഇത്ര വൈകാറില്ല എന്നു പറഞ്ഞുകൊണ്ടിരിക്കും.


ഗേറ്റ് തുറക്കുന്ന ഒച്ചകേട്ടാൽ മുഖം നിറയുന്ന നിലാവുപോലെയുള്ള പുഞ്ചിരിയുമായി
“രാമനല്ലേ,എന്തേത്ര വൈകിയെ ” എന്നു ചോദിച്ചു കൊണ്ട് എഴുന്നേറ്റു വാതിൽ തുറക്കും.
മതിലകത്തെ കാര്യസ്ഥനായിട്ട് മുപ്പതു കൊല്ലമായി.ഗൗരിവലിയമ്മയെ ആദ്യം കണ്ടത് മറക്കാനാവില്ല.
ഏഴുതിരിയിയിട്ട നിലവിളക്കിന്റെ ശോഭയോടെ നന്ദകുമാരനുണ്ണിയുടെ കൈ
പിടിച്ച് മതിലകത്തു വന്നു കയറിയ ദിവസം.
അന്നത്തെ നിലാവുപോലുള്ള പുഞ്ചിരി ഇന്നും
അതുപോലെ. അമ്മ മരിച്ചപ്പോൾ നിലത്തുവീണുകരയുന്നപത്തുവയസ്സുകാരനെ
മാറോടണച്ചു ഇനി ഞാനാണ് രാമന്റെ അമ്മ എന്നു പറഞ്ഞ സ്നേഹം.
എല്ലാം അറിഞ്ഞു തരുന്ന അമ്മ.പക്ഷെ
സതീശന്റെ കാര്യം പറയാൻ മടി.


രണ്ടു ലക്ഷത്തിന്റെ ആവശ്യം അവനെന്താണെന്നു വ്യക്തമായി പറയുന്നില്ല .
“അപ്പൂപ്പന് മനസ്സിലാവില്ല.പലതും
ചെയ്യാനുണ്ട്. കടമായി ചോദിച്ചാൽ മതി.
പിന്നെ വെറുതെ കിട്ടുന്നതാണെന്നു വിചാരിക്കണ്ട.അവകാശമാണ്. തലമുറകളായി അവിടെ തൊഴിൽ ചെയ്യുന്നവർക്ക് ന്യായമായും അവകാശങ്ങൾ ഉണ്ട്.”
“വേണ്ടത് തന്നിട്ടുണ്ട്.ഇപ്പോഴും തരുന്നുണ്ട്.
കടം ചോദിക്കാം.തിരിച്ചുകൊടുക്കണം.
നീ തന്നില്ലെങ്കിൽകുറേശ്ശേ ഞാൻ വീട്ടിക്കോളാം.
സതീശൻ തല വെട്ടിച്ചു.വലിയമ്മ
തന്നിട്ടുള്ള സ്നേഹത്തിനും കരുതലിനും വിലയിടാനാവില്ല.ചെക്കന് എന്തറിയാം.
മീനുന്റെ ഒരു ഗുണവും കിട്ടിയിട്ടില്ല.അവന്റെ അച്ഛന്റെ മുരട സ്വഭാവം തന്നെ.
രണ്ടു മക്കളും മാറി മാറി വിളിച്ചിട്ടും വലിയമ്മക്ക് പോവാനിഷ്ടമില്ല .
“അമേരിക്കേലും കാനഡേലും ഒന്നും ഇത്ര
സുഖമില്ല രാമാ.പിന്നെ
മക്കൾ വല്ലാതെ നിർബന്ധിക്കുമ്പോൾ ഒന്നുപോയിന്നു മാത്രം.


ഈ മുറ്റത്തിരുന്നു നോക്കിയാൽ കാണുന്ന പവിഴമല്ലിപ്പൂക്കൾ കുടഞ്ഞിട്ടപോലെ നക്ഷത്രങ്ങളുള്ള ആകാശമൊന്നും അവിടില്ല.മേലോട്ട്
നോക്കുമ്പോൾ തന്നെ അന്തം കിട്ടില്ല.പൊട്ടിപൊളിഞ്ഞു ഇപ്പൊ അടർന്നു
വീഴുന്നുള്ള ഭാവത്തിലാ നക്ഷത്രങ്ങള്.”
രാമഭദ്രൻ ആലിന്റെ ചുവട്ടിലിരുന്നു. തണുത്ത കാറ്റു വീശുന്നു.
ഉള്ളിലെ തീ ആളികത്തുന്നു.ഇന്നു
എന്തായാലും ചോദിക്കണം.സതീശൻ
എപ്പോൾ വേണമെങ്കിലും
വരും . ഇന്നലെയും വിളിച്ചിരുന്നു.
ചോദിച്ചില്ലെന്നുകേട്ടപ്പോൾ ഫോൺ വെച്ചു
കളഞ്ഞു.


സ്വന്തം ചോര എന്നുപറയാൻ ഇവനെയുള്ളു.
ഭാര്യ കാർത്തു മകളെ തന്നിട്ടാണ് പോയത്.
പതിനെട്ടുവയസ്സിൽ തന്നിഷ്ടത്തിന് കല്യാണം കഴിച്ചു . ചുമട്ടു തൊഴിലാളി,നേതാവ്.പണിയെടുക്കുകയില്ല.
കാണാൻ നല്ല ശൊങ്കൻ.എന്നും കഷ്ടപ്പാട്.
അച്ഛൻ ഒറ്റക്കല്ലേ ഇവിടെവന്നു നിന്നോ,രാജനോട് പറയാമെന്നൊക്കെ പറഞ്ഞു നോക്കി.മീനാക്ഷി കേട്ടില്ല.. കുടിച്ച് അവളെ ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയിരുന്നു.പെണ്ണ് മിണ്ടില്ല.
ഇടക്ക് പോയി അവളെ കാണുന്ന ദിവസങ്ങളിൽ രാമഭദ്രൻ ഷാപ്പിൽ കയറും.
രാത്രി കുറച്ചു വൈകി മതിലകത്തു ചെല്ലുമ്പോൾ വലിയമ്മ ഒന്നു നോക്കും.
“നീ മീനുനെ കാണാൻ പോയിരുന്നു ല്ലെ?
വേഗം കഴിച്ച് കിടക്ക് “
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ.കാതിൽ കുളിരൊഴുക്കുന്ന നാമ ജപം.
സതീശന് ഒരു വയസ്സായപ്പോഴാണ് മീനു
മരിച്ചത് . പ്രസവം കഴിഞ്ഞശേഷം വന്ന തലയ്ക്കു സുഖമില്ലായ്മ .ആദ്യം മനസ്സിലായി ല്ല. കുട്ടിയെ എടുക്കുകയോ പാലുകൊടുക്കുകയോ ഒന്നും ചെയ്യില്ല.എന്തോ കുഴപ്പമുണ്ടെന്നു തോന്നിയപ്പോഴൊക്കെ മരുമകനോട്
പറഞ്ഞു .


“അവളുടെ വാശിയും അഹങ്കാരവും.അടികിട്ടാത്ത സൂക്കേടാണ് “
രാമഭദ്രൻ മിണ്ടാതിരുന്നു. അയാളുടെ മൂത്ത പെങ്ങളായിരുന്നു മീനുനെ നോക്കിയത്.
എന്തോ പന്തികേട് ഉണ്ടെന്നു അവർക്കും തോന്നി.
വലിയമ്മ ഡോക്ടറെ കാണിക്കാനുള്ള പണം
തന്നു.മരുന്നു മുടക്കരുതെന്നും നല്ല ശ്രദ്ധയും കരുതലും വേണമെന്നും ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.
രാമഭദ്രന് കുറേശ്ശേ ഉറക്കം വന്നു.ആൽ തറയിൽ കിടന്ന് ഉറങ്ങാൻ തോന്നി.സതീശനെ ഓർത്തപ്പോൾ എഴുന്നേറ്റു.
ആറാം മാസത്തിൽ അവനെയും കൊണ്ട് മീനു പോയി.അപ്പോഴേക്കും കുറെ ഭേദമായിരുന്നു . മരുന്നു ഒരു കൊല്ലം തുടർച്ചയായി കഴിക്കണമെന്ന് രാജനോട് പറഞ്ഞിട്ടാണ് അവളെ പറഞ്ഞയച്ചത്.
പോണമെന്നു അവൾക്കായിരുന്നു
വാശി.ഉപകാരമില്ലെങ്കിലും ഭർത്താവ് പ്രാണനായിരുന്നു അവൾക്ക് .
മീനു തൂങ്ങി മരിക്കുകയാണ് ചെയ്തത്. മരുന്നു മുടക്കിയിട്ടുണ്ടാവും.തലയ്ക്കു
സ്ഥിരത ഇല്ലെന്നൊരു പേരുള്ളത് കൊണ്ട്
അവനതു സൗകര്യമായി.


മരിച്ചു കൊല്ലം തികയുന്നതിനു മുൻപ് വേറെ കല്യാണം കഴിച്ചു.സതീശനെ ഇടക്ക് കൊണ്ടുവരും. പൂപ്പാ എന്നു കൊഞ്ചിവിളിച്ചിരുന്ന സതീശൻ വലുതാവും തോറും അകന്നുപോയെന്നു തോന്നാറുണ്ട്.
വലിയമ്മയെ ചെന്നുകാണാൻ കുട്ടിയാവുമ്പോൾ വലിയ ഇഷ്ട്ടമായിരുന്നു. പിന്നെ പിന്നെ അവൻ മാറി തുടങ്ങി.
കോളേജിൽ എത്തിയശേഷം മതിലകത്തു പോവാറില്ല.
“അപ്പൂപ്പൻ അവരുടെ പണിക്കാരനാണ്. ഞാനല്ല. എന്നെ കാണണമെങ്കിൽ ഇങ്ങോട്ട് വരട്ടെ.അടിമകളും ഉടമകളും ഒന്നും ഇക്കാലത്തില്ല. പണിയെടുക്കുന്നതിനു പണം വാങ്ങുന്നു.നിവർന്നു നിൽക്കണം തൊഴിലാളി കൾ അപ്പൂപ്പാ “
വലിയമ്മക്ക് അവനെ മനസ്സിലായിരുന്നു.
“അവൻ മിടുക്കനാവും. ചിലപ്പോൾ മന്ത്രീടെ അപ്പൂപ്പൻ ആവാൻ രാമന് യോഗണ്ടാവും “
രാമഭദ്രന് വല്ലാത്ത പേടി തോന്നി.അവന്റെ പോക്ക് ശരിയല്ലെന്നൊരു തോന്നൽ.എല്ലാം വലിയമ്മയോടു പറയാം.


അയാൾ മതിലകത്തേക്ക് നടന്നു .
” രാമനെന്താ വിഷമം?എന്നോടെന്തെങ്കിലും പറയാനുണ്ടോ.എന്തോ ഒന്നു അലട്ടുന്നുണ്ട്.പോയി കഴിച്ചിട്ട് വാ.ഇന്നു അതു കേട്ടിട്ടേ ഉറങ്ങുന്നുള്ളു”
രാമഭദ്രൻ തന്റെ ആധികളുടെ കെട്ടഴിച്ചു.
“സതീശന്റെ കൂട്ടുകെട്ട് ശരിയല്ല.അവനെക്കാളും പ്രായമുള്ളവരുടെ കൂടെയാണ് നടത്തം.കോളേജിൽ ഉള്ളോരാല്ലെന്നു കണ്ടാലറിയാം.കള്ളും കഞ്ചാവും പെട്ടിപ്പീടികേല് വരെ കിട്ടണുണ്ട്.
അർദ്ധ രാത്രീലൊക്കെയാണ് വരവ്.കയ്യില് കുറെ പേപ്പറും നോട്ടീസുമൊക്കെ കാണാം.പഠിക്കണ പുസ്തകം ഒഴിച്ചു എല്ലാം അവന്റെ ലുണ്ട്.“
“അവനെ കുടിച്ചിട്ട് കണ്ടിട്ടുണ്ടോ? അതുപോലെ വേറെന്തെങ്കിലും ലഹരിയോ മറ്റോ “
“അതില്ല,പക്ഷെ എന്തോ വശപിശക് ഉണ്ട്‌.


പിന്നെ ഒരു കാര്യം ചോദിക്കാൻ അവൻ പറഞ്ഞിരുന്നു.രണ്ടാഴ്ചയായി.അവനു രണ്ടു ലക്ഷം വേണം.വലിയമ്മയോടു ചോദിച്ചു വാങ്ങി തരണമെന്നാണ് ആവശ്യം.തിരിച്ചു തരാമെന്നാണ് പറയുന്നത്“
“ഇത്ര വലിയ തുക എന്തിനാണെന്ന് പറഞ്ഞില്ലേ?
“അതു പറയുന്നില്ല.അതാണ് പേടിയും.”
“ഇങ്ങോട്ട് വരാൻ പറയ്‌.ഞാൻ ഒക്കെ ചോദിച്ചു മനസ്സിലാക്കിക്കോളാം “
“അവൻ വരില്ല.. പണ്ടത്തെ സ്വഭാവമൊക്കെ മാറിപ്പോയി.”
“പണം കൊടുക്കണോ?വലിയ സംഖ്യയാണ്.എന്നാലും രാമന് തരും.പക്ഷെ ഞാനൊന്നു അവനോടു സംസാരിക്കട്ടെ..”
“അതുമതി. ഇപ്പോൾ തന്നെ വിളിച്ചു
പറയാം “
രാമഭദ്രൻ അപ്പോൾ തന്നെ സതീശനെ വിളിച്ചു. രണ്ടുദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞു ഫോൺ വെച്ചു.എങ്കിലും അകാരണമായ ഒരു വ്യഥ അയാളെ പിന്തുടർന്നു .സതീശന്റെ പ്രവർത്തികളിൽ എന്തോ ദുരൂഹതയുണ്ട്.ആ നാട്ടിലൊന്നും ഇല്ലാത്ത പലരെയും അവന്റെ കൂടെ കാണുന്നു.എന്തോ ഒരു ആപത്ത് തലക്കുമുകളിൽ നിൽക്കുന്നപോലെ.
ചിലപ്പോൾ തോന്നലായിരിക്കും.


“രാമാ,നല്ലതു തോന്നാൻ പ്രാർത്ഥിച്ചു
കിടക്കു. “വലിയമ്മ.
രാവിലത്തെ ജോലി കഴിഞ്ഞപ്പോൾ സതീശന്റെ വീടു വരെ ഒന്നുപോയാലോ
എന്നൊരു ചിന്ത വന്നു. രാത്രി വൈകുന്ന ദിവസങ്ങളിൽ ജാനകി വന്നു കിടന്നോളും.വലിയമ്മയോട് പറഞ്ഞുസമ്മതംവാങ്ങി രാമഭദ്രൻ ഉച്ചതിരിഞ്ഞപ്പോൾ ആലത്തൂരിലേക്ക് പുറപ്പെട്ടു.
സതീശൻ അവിടെ ഇല്ലായിരുന്നു.സതീശൻ എന്നൊരു മകൻ ഉണ്ടെന്നു ഓർമ്മപോലുമില്ലാത്ത മരുമകന്റെമട്ട് കണ്ട് രാമഭദ്രന് ദേഷ്യം വന്നു.വെറുതെയല്ല ചെക്കൻ വഴിപിഴച്ചുപോയത്.അധികനേരം നിൽക്കാതെ തിരിച്ചുമടങ്ങി.രാത്രിയിൽ വലിയമ്മയുടെ അടുത്തെത്താം.ബസ്സിലിരിക്കുമ്പോഴും അയാൾക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല.സതീശനും രണ്ടുലക്ഷവും വലിയമ്മയും മാറി മാറി ബോധ മണ്ഡലത്തിലൂടെ പൊയ്കൊണ്ടിരുന്നു.


രാത്രി പത്തുമണി കഴിഞ്ഞാണ് നാട്ടിലെത്തിയത്.വേഗം നടന്നു.മതിലകം ഇരുട്ടിൽ മുങ്ങി കിടക്കുന്നു.അതു പതിവില്ല.സന്ധ്യ മുതൽ ഗേറ്റിന്റെ മുകളിൽ വിളക്കുകൾ കത്തിക്കൊണ്ടിരിക്കും.
രാമഭദ്രന് ആകെ ഒരു തളർച്ച പോലെ വന്നു.എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്. അയാൾഗേറ്റ് തുറന്ന് ഓടികയറി.ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു.വാതിൽ തുറന്നുകിടക്കുന്നു.വലിയമ്മയെ കാണുന്നില്ല.
മുറികളിലെല്ലാം തിരഞ്ഞു.എവിടെയും ഇല്ല.
പടികളിറങ്ങിയപ്പോഴാണ് അടുത്ത് താമസിക്കുന്ന വാരിയർ മാഷ് വിളിച്ചത്.
“എവിടെയായിരുന്നു രാമാ. വലിയമ്മക്ക് പെട്ടെന്ന് വയ്യാതായി.കുഴഞ്ഞുവീണു.നിന്റെ സതീശൻ അപ്പോൾ അവിടെയുണ്ടായിരുന്നത് ഭാഗ്യം.അവൻ ഒരു കാറുവിളിച്ചു ആശുപത്രിയിൽ കൊണ്ടുപോയി.പിന്നെ വിവരമൊന്നുമില്ല “
രാമഭദ്രന്റെ ഉള്ളിലൊരു ഇടി വെട്ടി.സതീശൻ ഇപ്പോൾ എന്തിനു വന്നു?രണ്ടു
ലക്ഷം കിട്ടാൻ അവൻ എന്തെങ്കിലും, തിരമാലകൾ പോലെ അലയടിച്ചു
ഉയർന്നു വരുന്ന ഭയാശങ്കകൾ ഒതുക്കാനാവാതെ അയാൾ നിലത്ത് കുഴഞ്ഞുവീണു.
രാത്രി മുഴുവൻ അയാൾ ആ കിടപ്പു കിടന്നു.


ആ കിടപ്പിൽ അയാളൊരു കാഴ്ച്ച കണ്ടു.
വലിയമ്മയെ മുഖത്തമർത്തി ശ്വാസം മുട്ടിക്കുന്ന സതീശൻ .ഒപ്പിട്ടുവാങ്ങിയ ചെക്കുകളിൽ പൂജ്യങ്ങൾ ലക്ഷങ്ങളായി പെരുകുന്നു.ഒടുവിൽ അവനും കൂട്ടുകാരും ചേർന്നു എവിടെയോ കൊണ്ടുപോയി കളയുന്നു .രാമാ,, എന്നുള്ള വിളി കാതുകളിൽ വീണു ചുട്ടുപൊള്ളുന്നു.
“രാമാ.”തൊട്ടടുത്തുനിന്നുള്ള വിളി.തണുത്ത വെള്ളം മുഖത്ത് വീഴുന്നു.രാമഭദ്രൻ ചാടി എഴുന്നേറ്റു.വലിയമ്മ.
അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി.ഒരു നിലവിളി പുറത്തു വരാതെ നെഞ്ചിൻ കൂട്ടിൽമുട്ടിതിരിഞ്ഞു.


“അപ്പൂപ്പാ, വലിയമ്മക്ക് ഒന്നൂല്ല.ഇന്നലെ സന്ധ്യക്ക്‌ അപ്പൂപ്പനെ തിരക്കി വരാൻ തോന്നിയത് ഭാഗ്യം.ബോധം പോയി നിലത്തു കിടക്കുന്നു . ഉടൻ മാധവൻഡോക്ടറുടെ അടുത്ത് കൊണ്ടോയി.ബി പി കുറഞ്ഞതാണ്. രാത്രി നോക്കാമെന്നു പറഞ്ഞു അഡ്മിറ്റ്‌ ആക്കി.ഇപ്പോൾ ശരിയായി.”
“നീ പേടിച്ചു ല്ലെ സതീശൻ മിടുക്കനല്ലേ.അവൻ വേണ്ടത് ചെയ്തു..”
വലിയമ്മ വാത്സല്യത്തോടെ ചിരിക്കുന്നു.
“ഞാൻ അന്ന് പറഞ്ഞില്ലേ രാമാ,അവൻ ചീത്ത കൂട്ടുകെട്ടിൽ ഒന്നും ചെന്നുചാടില്ല.
പാവപ്പെട്ട ഇരുപതു കുടുംബങ്ങൾക്ക് ചെറിയവീടുവെച്ചു കൊടുക്കാനുള്ള ഒരു പദ്ധതിയുണ്ട്.അവനും കൂട്ടുകാരും കൂടെ പിരിവെടുത്തും ജോലിയെടുത്തുമാണ് പണം ഉണ്ടാക്കിയത്.പോരാതെ വന്നപ്പോഴാണ് എന്നോട് ചോദിച്ചത്.ഇന്നു പണിനടക്കുന്ന സ്ഥലമൊക്കെ ഞാൻ കണ്ടു.”


“ഞാൻ കരുതി സതീശൻ എന്തെങ്കിലും കടും കൈ,പൂർത്തിയാക്കാതെ അയാൾ സതീശന്റെ മുഖത്ത് നോക്കി.
“അപ്പൂപ്പാ ഞാൻ മീനാക്ഷിടെ മോൻ കൂടിയല്ലേ. അപ്പൂപ്പന്റെ ചോരയല്ലേ ഞാനും.”
സതീശൻ അയാളെ കെട്ടിപ്പിടിച്ചു.
പൂപ്പാ എന്നുവിളിച്ചു കൊണ്ടൊരു മൂന്നുവയസ്സുകാരൻ രാമഭദ്രനെ പിറകോട്ടു വലിച്ചു..കുട്ടിക്കാലത്തെന്നപോലെ അയാൾ സതീശനെ നെഞ്ചോട്‌ ചേർത്തു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *