രചന : ഗഫൂർ കൊടിഞ്ഞി✍
ഒരു പഠനം.
ഭൂമിശാസ്ത്രപരമായി കൊടിഞ്ഞി പണ്ട്
ഒരു കൊച്ചു ഗ്രാമമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് ഇതൊരു വലിയ നാടെന്ന ഖ്യാദിയിലേക്ക് ഉയർന്നു വന്നത്. തെക്ക് ഒരു കൂറ്റൻ ഭിത്തി പോലെ തലയുയർത്തി നിന്ന ചുള്ളിക്കുന്നിനും വടക്ക് എരുകുളത്തിനും ഇടക്കുള്ള പ്രദേശത്തിനാണ് കൊടിഞ്ഞി എന്ന് പറയപ്പെട്ടിരുന്നത്. കുണ്ടൂർ പാടവും മച്ചിങ്ങത്താഴവും അതിന്റെ കിഴക്കേ അതിരുകളായിരുന്നു. പള്ളിക്കത്താഴം പനക്കത്താഴം തുടങ്ങിയ വയലുകളായിരുന്നു പടിഞ്ഞാറ് ഭാഗം. അഥവാ ഇതിനിടയിലുള്ള ഒരു ചെറിയ കുഗ്രാമമായിരുന്നു മുമ്പ് കൊടിഞ്ഞി.
കൊടിഞ്ഞിയെന്ന ഈ ഭൂമികയെ ഭ്രമണം ചെയ്യുന്ന മട്ടിൽ കുറേ കൊച്ചു കൊച്ചു തുരുത്തുകൾ ചുറ്റുഭാഗത്തും അന്ന് ചിതറിത്തെറിച്ച് കിടന്നു.കാലാന്തരത്തിൽ ഈ കൊച്ചു ദ്വീപുകളും കൊടിഞ്ഞിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു പോയി. ഇവക്കിടയിലുള്ള നെൽപാടങ്ങൾ നികത്തി വീടുകൾ പണിതും തോട്ട വിളകളും വെത്തിലയും വാഴയുമൊക്കെ വെച്ച് പിടിപ്പിച്ചും വയലുകൾ ക്ഷയിച്ചു പോയപ്പോഴാകണം കൊടിഞ്ഞി സാമാന്യം വലിയ ഒരു ഒറ്റ ഗ്രാമമായി ഉയർന്ന് വന്നത്.അങ്ങനെ ഈ ദ്വീപുകളിൽ പലതും കൊടിഞ്ഞിയെന്ന മദർലാന്റിനോട് ചേർന്ന് ഇന്നത്തെ അർത്ഥത്തിൽ അതൊരു വിശാല കൊടിഞ്ഞിയായി മാറി. അഥവാ കടുവാളൂർ പയ്യോളി തിരുത്തി കാളം തിരുത്തി തുടങ്ങിയ മരതക പൊട്ടു പോലുള്ള ദ്വീപുകൾ അപ്രത്യക്ഷമായി, അവയെല്ലാം കൊടിഞ്ഞിയോട് കൂടിച്ചേർന്നു.
സമീപ മലബാർ ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ധാരാളം കൃഷി ഭൂമികൾ
അന്ന് കൊടിഞ്ഞിയിലുണ്ട്. അകന്നകന്ന് നിന്നിരുന്ന ദ്വീപുകളായിരുന്നത് കൊണ്ട്
ആ ദ്വീപുകളുടെ വിസ്തൃതിയേക്കാൾ
അധികം ഇവക്കിടക്കുള്ള നെൽ പാടങ്ങൾക്കുണ്ടായിരുന്നു.
കൊച്ചു തുരുത്തുകൾക്കിടയിലുള്ള
ഈ സ്ഥലങ്ങളെല്ലാം സ്വാഭാവികമായും നെൽവയലുകളായിരുന്നു. അതുകൊണ്ടു തന്നെ എട്ടായിരത്തിലധികം ഹെക്റ്റർ നെൽകൃഷിക്ക് അനുയോജ്യമായ വയലുകൾ ഒരു നൂറ്റാണ്ട് മുമ്പ് കൊടിഞ്ഞിയിൽ മാത്രമുണ്ടായിരുന്നു. അക്കാലത്തെ വില്ലേജ് രേഖകൾ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബ്രിട്ടീഷ് കാലഘട്ടത്തിലാവണം കൊടിഞ്ഞിയുടെ കാർഷിക മേഖല പുഷ്കലപ്പെട്ടത്. അവരാണ് ശരിക്കും
ഈ നാട്ടിന്റെ കാർഷിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതും അതിനായി സ്ഥായിയായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് നടപ്പിൽ വരുത്തിയതും. മലബാറിലെ മാപ്പിള സമൂഹത്തെ നിരന്തരം വേട്ടയാടിയിരുന്ന കാലത്ത് കോളനിക്കാരൻ കൊടിഞ്ഞിയെ മാത്രം ഇമ്മട്ടിൽ പരിഗണിച്ചത് എന്ത് കൊണ്ടാണ് എന്ന അന്വേഷണം കൗതുകകരമാണ്.കേവലം രണ്ടോ മൂന്നോ ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു നാടിന് മറ്റാർക്കും നൽകാത്ത ഒരു പരിഗണന എങ്ങിനെ ലഭിച്ചു ? സൂക്ഷ്മമായി അന്വേഷിച്ചാൽ അതിന് ചരിത്രപരമായ ചില കാരണങ്ങൾ കണ്ടെത്താനാകും.
മലബാർ സമര കാലഘട്ടത്തിൽ കൊടിഞ്ഞി ഒരു തരം ബ്രിട്ടീഷ് പക്ഷ നിലപാടാണ് പുലർത്തിയിരുന്നത്. തിരൂരങ്ങാടിയും പന്താരങ്ങാടിയും പരപ്പനങ്ങാടിയും താനൂരും താനാളൂരും ഒഴൂരുമൊക്കെ കലാപത്തിൽ തിളച്ചു മറിയുമ്പോഴും കൊടിഞ്ഞി അതിൽ നിന്ന് വേറിട്ടു നിസ്സംഗമായി നിന്നു. 1792 ലെ ടിപ്പുവിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് ബ്രിട്ടീഷുകാർ മലബാറിലെ അധികാരം പിടിച്ചടക്കിയത്. തുടർന്ന് 1921-22 വരെ ഉരുൾ പൊട്ടൽ പോലെ നിരവധി കലാപങ്ങൾ മലബാറിന്റെ ഏതാണ്ടെല്ലാ ഭാഗത്തും അരങ്ങേറി. അപ്പോഴും കൊടിഞ്ഞിയിൽ അത്തരം ഏതെങ്കിലും ഒരു പൊട്ടിത്തെറി നടന്നതായി അറിയില്ല.
പൂഴിക്കൽ നാരായണൻ നായരുടെ വീട് ആക്രമണം മാത്രമാണ് ചരിത്ര പുസ്തകങ്ങളിൽ കൊടിഞ്ഞിയുടെ പേരിൽ വരവ് വെച്ച ഒരേ ഒരു സംഭവം.ടി മുഹമ്മദും മൊയ്തു മൗലവിയും എ കെ കോടൂരും ഇത് വിശദമായി പറയുന്നുണ്ട്. എങ്കിലും പൂഴിക്കലെ ആ വീട് വെള്ളിയാമ്പുറത്തായിരുന്നു. വെള്ളിയാമ്പുറവും കൊടിഞ്ഞിയും തമ്മിലാവട്ടെ ഒരു കിലോമീറ്ററിന്റെ അകലമുണ്ട്.
ലഹളയുടെ മറവിൽ കൊള്ളയും കൊലയും തൊഴിലാക്കിയ മറേക്കുളം അബ്ദല്ലക്കുട്ടിയായിരുന്നു ആ ആക്രമണം നടത്തിയത്.മറേക്കുളം അബ്ദുല്ലക്കുട്ടി തന്നേയും കൊടിഞ്ഞിക്കാരനായിരുന്നു.
1921 മലബാർ സമരങ്ങൾക്ക് ആദ്യ
വെടി പൊട്ടിയപ്പോൾ അബ്ദുല്ലക്കുട്ടി രംഗത്തില്ല. ഒരു കവർച്ച കേസിന് ശിക്ഷിക്കപ്പെട്ട് അയാളെ അഞ്ച് വർഷത്തേക്ക് മഞ്ചേരി ജയിലിൽ പിടിച്ചിട്ടിരിക്കയായിരുന്നു. ആഗസ്റ്റ് ഇരുപത്തിനാലാം തിയതി സമരക്കാർ മഞ്ചേരി ഖജാന പൊളിക്കാൻ വന്ന വേളയിൽ അബ്ദുല്ലക്കുട്ടിയെ തുറന്ന് വിടുകയായിരുന്നു. 1921 നവമ്പർ പതിനാലിന് അബ്ദല്ലക്കുട്ടിയും സംഘവും പൂഴിക്കൽ നാരായണൻ നായരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അയാളുടെ കാര്യസ്ഥന്മാരാണ് അതിനെ പ്രതിരോധിച്ചത്. ഈ കാര്യസ്ഥന്മാരെ കൊലപ്പെടുത്തിയതിന് ശേഷമേ
അവർക്ക് നായരുടെ വീടിന് മേൽ കൈവെക്കാൻ സാധിച്ചുള്ളു. നായരുടെ കാര്യസ്ഥന്മാർ മാത്രമല്ല കാവൽക്കാരും കൃഷിക്കാരുമെല്ലാം കൊടിഞ്ഞിക്കാരും മാപ്പിളമാരുമായിരുന്നു.ലഹള തുടങ്ങിയ സാഹചര്യത്തിൽ നാരായണൻ നായരുടെ വീട് കാവൽ ശക്തിപ്പെടുത്തണമെന്ന് ആലി മുസ്ലാർ കാര്യസ്ഥന്മാരായ ഞാറക്കാട്ടിൽ ഖാദർ കുട്ടിയോടും മടപ്പള്ളി മൊയ്തീൻ കുട്ടിയോടും നിർദ്ദേശിച്ചിരുന്നു എന്ന് ചരിത്ര പുസ്തകങ്ങളിൽ കാണാം. പറഞ്ഞു വന്നത് മാപ്പിള കലാപ കാലത്ത് നടന്ന സംഭവമാണെങ്കിലും അത് വിപ്ലവത്തിന്റെ കണക്കിൽ വരവു വെക്കുന്നതിൽ ഒരർത്ഥവുമില്ല എന്നാണ്.
അതെന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ എട്ടായിരത്തിലധികം
ഹെക്റ്റർ നെൽ വലയുകൾ ഈ നാട്ടിലുണ്ടായിരുന്നു എന്നത് സത്യമാണ്. ഈ വയലുകളിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ധാരാളം പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടിയിരുന്നു. ഒന്നാമതായി പൂരപ്പുഴ വഴി വേലിയേറ്റത്തിൽ കയറി വരുന്ന ഉപ്പുവെള്ളം കൃഷിയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല , കടലുണ്ടിപ്പുഴയുടെ കൈവഴിയിലൂടെ കീരനല്ലൂർ വഴി പടിഞ്ഞാട്ടൊഴുകി വന്നിരുന്ന ജലം നേരെ പൂരപ്പുഴയിലേക്ക് ഒലിച്ച് പോയത് കാരണം കൊടിഞ്ഞി ഭാഗത്തേക്ക്
വേണ്ട വിധം വെള്ളമെത്തിയിരുന്നില്ല. കൃഷിക്കാർക്ക് തോടും മൊകയും നിറയണമെങ്കിൽ മഴ വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു.
കടലുണ്ടിപുഴയുടെ കൈവഴിയിലൂടെ ഒഴുകി വന്ന ഈ ജലം പൂരപ്പുഴയിലേക്ക് ചെന്നു ചേരുന്നത് കൊണ്ട് വളരെ ഒരു ചെറിയ ശതമാനം മാത്രമാണ് കൊടിഞ്ഞി പാടങ്ങളിലേക്ക് എത്തിയിരുന്നത്. അത് ഒഴുകിയെത്തുന്ന തോടുകളാവട്ടെ നന്നേ
മെലിഞ്ഞതുമായിരുന്നു.അഥവാ ജല ദൗർലഭ്യത ഈ പാട ശേഖരങ്ങളിലെ കൃഷിക്ക് വലിയ തടസ്സമായി മാറിയിരുന്നു.
ഈ ഒരവസരത്തിലാണ് ബ്രിട്ടീഷുകാരുടെ
ശ്രദ്ധ കൊടിഞ്ഞിയിലെ കാർഷിക രംഗത്ത് പതിയുന്നത്. ആയിരത്തി എണ്ണൂറുകളിൽ തന്നെ കാളം തിരുത്തി മുതൽ കൊടിഞ്ഞി വരേയുള്ള വിശാലമായ പ്രദേശത്തിന് അവർ പ്രത്യേക പരിരക്ഷ നൽകിയതിന് തെളിവുളുണ്ട്. ഈ ഭാഗം അവർ ഒരു നേവീ റൂട്ടായി നില നിർത്തിയിരുന്നു. അതിനോട് അനുബന്ധിച്ച ഓഫീസ് കോട്ടേജുകൾ പൊളിച്ചു മാറ്റിയിട്ട് മൂന്ന് പതിറ്റാണ്ടിലധികം ആയിട്ടില്ല. കാർഷിക രംഗത്തെ മേൽ പറഞ്ഞ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലക്ക് കാളം തിരുത്തിയിൽ നിന്ന് പൂരപ്പുഴയിലേക്കുള്ള കൈവഴിയിൽ അവർ ഒരു തടയണ നിർമ്മിച്ചു. ഈ തടയിണ നാട്ടുകാരുടെ വാമൊഴികളിലൂടെ ചീർപ്പ് എന്നറിയപ്പെട്ടു. കാലാന്തരത്തിൽ ഈ തടയിണ നിന്ന പ്രദേശത്തിന്റെ പേര് തന്നെ ചീർപ്പിങ്ങൽ എന്നായി മാറി. ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി മൂന്നിലാണ് ഇത് നിർമ്മിക്കുന്നത്.
ഈ നിർമ്മിതി സാക്ഷാൽക്കരിച്ചതോടെ
കാർഷിക രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഈ പ്രദേശത്തുണ്ടായത്. ഉപ്പു വെള്ളം തടഞ്ഞു നിർത്താൻ സാധിച്ചു എന്നത് മാത്രമല്ല, കടലുണ്ടിപ്പുഴയുടെ കൈവഴിയിലൂടെ ഒഴുകി വന്ന ജലം കടലിലേക്ക് ഒഴുകാതെ ഇവിടെ സംഭരിച്ചു നിർത്താനും സാധ്യമായി. ഇമ്മട്ടിൽ സംഭരിച്ച ജലം മുക്കത്തേക്ക് തിരിച്ച് വിട്ട് അവിടെ നിന്ന് വെഞ്ചാലി പാടത്തേക്കും കുണ്ടൂർചെറുമുക്ക്പാടങ്ങളിലേക്കും ചെന്ന് ചേർന്നു. മുക്കത്ത് നിന്ന് തന്നെ മറ്റൊരു കൈവഴിയിലൂടെ വട്ടച്ചിറ വന്ന് ചേർന്ന് അത് കൊടിഞ്ഞി തിരുത്തി കുറൂൽ മോര്യ ഭാഗത്ത് വരെ ഒഴുകി എത്തി. അതു വഴി പോകുന്ന നേര് തോടിന് ബ്രിട്ടീഷുകാർ വീതികൂട്ടി. അങ്ങനെ കുണ്ടൂർ പാടത്തും പനക്കത്താഴം ഭാഗങ്ങളിലും കൃഷിക്ക് വേണ്ട വെള്ളമെത്തി. മാത്രമല്ല ഈ വെള്ളം സംഭരിക്കാനായി രണ്ട് വലിയ ജല സംഭരണികൾ അവർ പണിതു. ആറേക്രയിലധികം വ്യാസവും പത്തടി താഴ്ചയുമുള്ള രണ്ട് ” കാപ്പുകൾ” നാടിന്റെ രണ്ട് വ്യത്യസ്ഥ മേഖലകളിൽ അവർ നിർമ്മിച്ചു. മോര്യ കാപ്പും വെഞ്ചാലി കാപ്പും. ഇത് നിർമ്മിച്ചതോടു കൂടി കർഷകർക്ക് നിർഭയമായി മൂന്ന് പൂൽ കൃഷി ചെയ്യാനുള്ള സൗകര്യം സംജാതമായി.അത് കാർഷിക മേഖലയിൽ വൻ വിപ്ലവം തന്നെ സൃഷ്ടിച്ചു.
ചീർപ്പിങ്ങൽ തടയിണയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും കാരണമായി വർഷപാദങ്ങളിൽ മല വെള്ളം ആർത്തലച്ച് ഈ വയലുകളിൽ ഒഴുകിയെത്താൻ തുടങ്ങി. ഇത് കൊടിഞ്ഞി പ്രദേശത്തെ ചില വയലുകളെങ്കിലും ഉയരാൻ കാരണമായി.പുഴയിലൂടെ ഒഴുകി വന്ന ചേറും മണ്ണും ഉൾപെടുന്ന എക്കൽമണ്ണ് അടിഞ്ഞുകൂടിയാണ് ചില വയലുകൾ ഉയർന്നുവന്നത്.
പിൽക്കാലത്ത് ഈ ഉയർന്ന വയലിൽ ഉണ്ടയും പൂളയും കൃഷി ചെയ്യുകയും ചിലർ തെങ്ങുകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു. ഫലഭൂയിഷ്ടമായ ഈ മണ്ണിൽ ഉണ്ടയും പൂളയും തെങ്ങുമൊക്കെ കരുത്തോടെ വളർന്നു. ഇന്ന് പുഞ്ച കൃഷി മാത്രം കഷ്ടിപിഷ്ടി നടത്തുന്ന ഈ പാടങ്ങളിൽ അന്ന് പുഞ്ച കൃഷിക്ക് പുറമെ മുണ്ടകനും വിരിപ്പും കൃഷി ചെയ്ത് പോന്നു. വർഷം മുഴുവൻ വയലേലകൾ പച്ചപിടിച്ച് കിടന്നു. പച്ചില വളങ്ങളും വെണ്ണീറും ചാണകവും മാത്രം ഉപയോഗിച്ചാണ് അന്ന് കൃഷി നടന്നത്.
ഇന്നത്തെ മട്ടിൽ മോട്ടോർ പൈപ്പുകളും
മിഷീനുകളും ഒന്നും നിലവിലില്ലാത്ത ആ കാലത്ത് നിര നിരയായി തലയുയർത്തി നിന്ന നൂറു കണക്കിന് ഏത്തങ്ങളിൽ തേവിയാണ് വയലുകളിലേക്ക് വെള്ളമെത്തിച്ചത്.ഏത്തങ്ങളുടെ മുളന്തണ്ടുകളുടെ സംഗീത സാന്ദ്രമായ ശബ്ദം സുബഹി ബാങ്കിൽ ലയിച്ച് പ്രഭാതം തുയിലുണർന്ന ഓർമ്മകൾ ഈ അറുപതാം വയസിലും എന്റെയൊക്കെ ഓർമ്മയിൽ ഇന്നും നിറം പിടിച്ച് നിൽപ്പുണ്ട്.
അക്കാലത്ത് ഇതിന് പുറമെ അപൂർവ്വം ചിലർ തുടുപ്പുകൾ കൊണ്ട് തോടുകളിൽ നിന്ന്നേരിട്ട് വയലിലേക്ക് ഊത്ത് കൊണ്ടും കണ്ടങ്ങൾ നിറച്ചു. ഇങ്ങനെയൊക്കെ കൃഷി ചെയ്തിരുന്ന നെല്ല് ഒരുപക്ഷെ ബ്രീട്ടീഷുകാർ തന്നെ വിലക്ക് വാങ്ങിയിരിക്കാനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ല. ചീർപ്പിങ്ങൽ വരെ ജലനൗകകൾ ഒഴുകി നടന്ന ഓർമ്മകൾ പഴമക്കാർ കൈമാറി
വന്നത് പിൽക്കാലത്ത് നാട്ടിലെ ജനം
പറഞ്ഞു നടന്നതും ഓർമ്മയിലുണ്ട്.
കാർഷിക രംഗത്ത് മാത്രമല്ല, ബ്രിട്ടീഷുകാരോടുള്ള ഈ സൗഹൃദ നിലപാടുകളുടെ ആനുകൂല്യം ഈ നാട്ടിന്
വേറെയും ലഭിച്ചിട്ടുണ്ട്. കൊടിഞ്ഞിയുടെ വിദ്യാഭ്യാസ രംഗത്തും ബ്രിട്ടീഷുകാർ സവിശേഷമായി ശ്രദ്ധ ചെലുത്തിയിരുന്നു. മലബാറിൽ എത്രയോ ഗ്രാമങ്ങളുണ്ട് അവക്കൊന്നും നൽകാത്ത സവിശേഷമായ ആനുകൂല്യങ്ങൾ കൊടിഞ്ഞിയെന്ന ഈ കുഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയിലും അവർ സംഭാവന ചെയ്തിട്ടുണ്ട്.
മലബാർ സമരങ്ങൾ കൊടുമ്പിരി കൊള്ളുന്ന 21 ലെ കലുഷിത അന്തരീക്ഷത്തിൽ തന്നെയാണ് ഇവിടത്തെ പതിമൂന്ന് ഓത്തുപള്ളികൾ ബ്രിട്ടീഷ് സർക്കാർ ദേശസാൽക്കരിച്ചത്. ഒരു പക്ഷെ മറ്റൊരു മലബാർ ഗ്രാമത്തിനും ലഭിക്കാത്ത ആനുകൂല്യമാണിതും. തീർച്ചയായും ഇതെല്ലാം സാധിച്ചെടുത്തത് ബ്രിട്ടീഷ് അനുകൂല നിലപാടുകൾ കൊണ്ട് തന്നേയായിരിക്കണം.
ബ്രിട്ടീഷുകാർക്ക് ശേഷം കാർഷിക രംഗത്ത് എടുത്ത് പറയാവുന്ന നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ നെൽകൃഷി മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഇറിഗേഷൻ വകുപ്പിന് കീഴിൽ ഒരു പമ്പ്ഹൗസ് മുക്കത്ത് സ്ഥാപിക്കാനായി നാട്ടിന്റെ കാർഷിക രംഗത്തെ ഗതിവിഗതികൾ അറിയുന്നവർ അന്ന് രംഗത്തിറങ്ങിയിരുന്നു.
അങ്ങനെയാണ് വെഞ്ചാലി പമ്പ് ഹൗസ് 1960കളിൽ സ്ഥാപിക്കുന്നത്. മർഹൂം എം കെ ഹാജിയുടെ നേതൃത്വത്തിൽ സിപി അലവി ഹാജിയും പിസി മുഹമ്മദാജിയും ഇതിന്റെ സാക്ഷാൽക്കാരത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ചു. മുക്കത്ത് നിന്ന് വെഞ്ചാലി കാപ്പിലേക്ക് ഒഴുകുന്ന ജലം വഴിയിൽ ഒരു പമ്പ് ഹൗസ് സ്ഥാപിച്ച് മറ്റിടങ്ങളിലെ കൃഷിക്ക് തിരിച്ചു വിടുകയായിരുന്നു ലക്ഷ്യമെങ്കിലും അത് വെഞ്ചാലിയിൽ ആണ് സ്ഥാപിച്ചത്.
ഈ പമ്പ് ഹൗസ് ശരിക്കും സ്ഥാപിക്കേണ്ടിയിരുന്നത് യഥാർത്ഥത്തിൽ മുക്കത്തായിരുന്നു എന്ന് നാട്ടിന്റെ നാഡിമിടിപ്പുകൾ അറിയുന്ന പി സി മുഹമ്മദ് ഹാജി പറയുന്നു. ഈ വിഷയം അന്നത്തെ അധികാരികളെ അവർഅറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ പദ്ധതി നടപ്പിൽ വന്നപ്പോൾ ബാഹ്യ സമ്മർദ്ദങ്ങളാൽ അത് വെഞ്ചാലിയിൽ പണിയുകയാണുണ്ടായത്.അക്കാലത്ത്
ഈ വെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ചില കൊലപാതകങ്ങൾ വരെ ഇവിടെ അരങ്ങേറുകയുണ്ടായി.
എങ്കിലും വെഞ്ചാലി കാപ്പിലേക്ക് ഒഴുകിയ ജലം തടഞ്ഞ് പമ്പ് ഹൗസ് വഴി പുതിയ കനാലുകളിലൂടെ കീരനല്ലൂർ കാടാം കുന്ന്
തുടങ്ങിയ കൂടുതൽ ജലദൗർലഭ്യത നേരിടുന്ന വയലുകളിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമം ഈ രംഗത്തെ വലിയ മുന്നേറ്റം തന്നേയായിരുന്നു. പി സി പറഞ്ഞ പോലെ ഈ പമ്പ് ഹൗസ് മുക്കത്തായിരുന്നു. എങ്കിൽ കൊടിഞ്ഞി തിരുത്തി പനക്കത്താഴം മോര്യ ഭാഗത്തെ ഇന്ന് നേരിടുന്ന പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇന്നും വെഞ്ചാലി മേഖലയിലെ കാർഷിക രംഗത്തിന് അധികൃതർ മുന്തിയ പരിഗണന നൽകുമ്പോഴും തെക്ക് ഭാഗത്തെ പളളിക്കത്താഴം പനക്കത്താഴം ഭാഗത്തെ കർഷകർ പലപ്പോഴും അവഗണിക്കപ്പെടുന്നു.
പിന്നീട് 1964 കാലത്ത് വന്ന രണ്ട് മാറ്റങ്ങളാണ് നമ്മുടെ പുരോഗമനങ്ങളുടെ വിശിഷ്യാ കാർഷിക മേഖലയുടെ വളർച്ചക്ക് നിദാനമായത്. ഇതോടെയാണ് കൊടിഞ്ഞിയുടെ കാർഷിക മേഖലയും ആധുനിക കാഴ്ചപ്പാടിലേക്ക് വളർന്നത്. അതിലൊന്ന് പഞ്ചായത്ത് ബോർഡ് രൂപീകരണമാണ്. തദ്ദേശീയമായ നാട്ടിന്റെ സമഗ്ര മേഖലകളിലേക്ക് സർക്കാർ തന്നെ നേരിട്ട് ഇടപെടുന്നതിന് അറുപതുകളിലാണ് തുടക്കം കുറിച്ചത്. പഞ്ചായത്ത് ബോർഡ് രൂപീകരണത്തോടെയായിരുന്നു ഇത് സാധ്യമായത്.
തുടർന്ന് വന്ന എം എസ് സ്വാമിനാഥന്റെ ഹരിത വിപ്ലവം കൂടിയായപ്പോൾ കാർഷിക രംഗത്ത് വിപ്ലവകരമായ പരിവർത്തനത്തിന് അത് കാരണമായി. വിവിധയിനം വിത്തുകളുംരാസവളങ്ങളും ഹരിത വിപ്ലവ കാലത്ത് വികസിപ്പിച്ചെടുത്തു. വയലുകൾ ഉഴാനും കൊയ്യാനും മെതിക്കാനുമൊന്നും അദ്ധ്വാനത്തിന്റെ ആവശ്യമില്ലാത്ത അവസ്ഥയായി.ഉഴവു കന്നുകളുടെ സ്ഥാനത്ത് ട്രാക്റ്ററുകും ട്രില്ലറുകളും
വയലിലിറങ്ങി.ഈ വിധം പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തതോടെ കാർഷിക രംഗം ആകെ ഒന്നുണർന്നു. ഐആർ എട്ടും കൾച്ചറും പോലുള്ള അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വയലുകളിൽ നൂറുമേനി വിളവ് തന്നു. അങ്ങനെയാണ് കാർഷിക രംഗത്ത് കേരളം കര കയറിയതും പട്ടിണിയിൽ നിന്ന് വിടുതൽ നേടിയതും.മേൽ പറഞ്ഞ പ്രയത്നങ്ങൾക്കൊക്കെ നിസീമമായ
സഹകരണം നൽകിക്കൊണ്ട് പഞ്ചായത്ത് ബോർഡുകൾ നിലവിൽ
വന്നതു കൂടിയായിരുന്നു ഈ നേട്ടത്തിന്
കാരണം.
എങ്കിലും അതിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ ഉപയോഗപ്പെടുത്താനും അവസരത്തിന് ഒത്ത് ഉയരാനും നമുക്കായില്ല. പ്രത്യേകിച്ചും നമ്മുടെ കൊടിഞ്ഞിക്ക് . എഴുപതുകളിൽ ആരംഭിച്ച ഗൾഫ് സ്വപ്നങ്ങൾ മറ്റ് മലബാർ ഗ്രാമങ്ങളെ പോലെ നമ്മുടെ നാട്ടിലുള്ള ജനങ്ങളുടേയും കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു.ഗൾഫ് സ്വപ്നങ്ങളുടെ പിറകെ ആളുകൾ നെട്ടോട്ടമോടിയപ്പോൾ കൃഷി ഭൂമി അനാഥമായി കിടന്നു. വയലുകൾ കാടുമൂടി. കൃഷി എന്നത് നഷ്ടക്കച്ചവടമാണ് എന്നത് ആപ്തവാക്യമായി.സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ ആളുകൾ വയലുകൾ ചുളു
വിലക്കെടുത്ത് തൂർത്ത് മരങ്ങൾ വെച്ച്
പിടിപ്പിച്ച് വീടു വെക്കാൻ തുടങ്ങി. ജനസംഖ്യാ വർദ്ധനവ് മൂലം വന്ന സ്ഥലത്തിന്റെ പരിമിതി ഇതിനൊരു കാരണവുമായി മാറി.
എങ്കിലും മാറി വന്ന സർക്കാറുകൾ ജനങ്ങളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനായി പലതരം പദ്ധതികൾ ആവിഷ്ക്കരിച്ചു. കറണ്ട് ചാർജ്ജ് സൗജന്യമാക്കി കൊടുത്തു.വിത്തും വളവും സർക്കാർ നേരിട്ടു കർഷകർക്ക് എത്തിച്ചു. വിളവിന് നഷ്ടം സംഭവിച്ചാൽ സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം കൊടുക്കുന്ന അവസ്ഥ വന്നു. എന്തിന് കൃഷി ചെയ്തുണ്ടാക്കിയ നെല്ല് സർക്കാർ തന്നെ വലിയ വിലക്ക് ഏറ്റെടുക്കുന്ന സ്വഭാവമായി. എന്നിട്ടും ആളുകൾ വയലിലിറങ്ങാൻ മടിച്ചു നിന്നു.
സത്യത്തിൽ കോവിഡിന്റെ താണ്ഡവത്തിൽ അനേകം ആളുകൾ ഗൾഫിലെ ജോലിയും ബിസിനസും നഷ്ടപ്പെട്ട് എല്ലാം ഇട്ടെറിഞ്ഞ് ഗൾഫിൽ നിന്ന് തിരിച്ചു വന്നതിന് ശേഷമാണ് ജനങ്ങൾ വീണ്ടും കാർഷിക രംഗം പരീക്ഷിക്കാൻ രംഗത്തിറങ്ങി തുടങ്ങിയത്. അതിന് മുമ്പ് കുറേ കാലം കൃഷിയെന്നത് ഒരു നാമമാത്ര തൊഴിൽ എന്ന നിലക്ക് മാത്രമാണ് മുന്നോട്ട് നീങ്ങിയിരുന്നത്.എങ്കിലും ഈ രംഗത്ത് പല പ്രശ്നങ്ങളും ഇന്ന് കർഷകർ നേരിടുന്നുണ്ട്.പ്രത്യേകിച്ചും കൊടിഞ്ഞിയിൽ അത്തരം പ്രതിസന്ധികൾ രൂക്ഷമാണ്. അതിൽ പ്രധാനപ്രശ്നം ജലദൗർലഭ്യത തന്നെ. ബ്രിട്ടീഷുകാർ ഈ കാർഷിക മേഖലക്ക് അനുഗുണമായി ചെയ്തു തന്ന പല വികസന പ്രവർത്തനങ്ങളും പിന്നീട്മുരടിക്കുകയാണുണ്ടായത്.
സത്യത്തിൽ ചീർപ്പ് എന്ന തടയിണ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് ഇന്നും പ്രസക്തിയുണ്ട്. മോര്യാ കാപ്പും വെഞ്ചാലി കാപ്പും മണ്ണ് വീണ് നാശോന്മുഖമായി മാറിയിരിക്കുന്നു. വെഞ്ചാലി കാപ്പ് ജല സംഭരണം എന്നതിൽ ഉപരി മീൻ പിടുത്തത്തിനാണ് ഇന്ന് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ പൊതുപ്രവർത്തനം പ്രൊഫഷണൽ വൽക്കരിച്ച ഇക്കാലത്ത് അധികൃതരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക് ഉണ്ടാവുമെന്ന് കരുതാൻ സാഹചര്യം അനുവദിക്കുന്നില്ല.
മോര്യ കാപ്പിന്റെ കാര്യമാണ് കഷ്ടം.
ഈ കാപ്പ് ഇന്ന് വളരെ ശുഷ്കിച്ച് പോയിരിക്കുന്നു. അതിന്റെ അതിരുകൾ പലതും കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. സത്യത്തിൽ വേനൽ കാലത്ത് കുടിവെള്ള പ്രശ്നം പോലും അലട്ടുന്ന പ്രദേശമാണിത്. ഈ കാപ്പിന് അതിരുകൾ മതിൽ കെട്ടി സംരക്ഷിച്ചാൽ കാർഷിക രംഗത്തിന് പുറമെ ഈ മേഖലയിലെ കുടിവെള്ളക്ഷാമം പോലും പരിഹരിക്കാൻ സാധിക്കും.ഇത്തരം ഒരു പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മറ്റത്ത് കുഞ്ഞുമുഹമ്മദ് ഹാജിയെ പോലെ അപൂർവ്വം ആളുകൾ ഇന്നും ആ ഓർമ്മകൾ പങ്ക് വെക്കുന്നു.
മുക്കത്ത് നിന്ന് വട്ടച്ചിറയിലൂടെ വന്ന് അവിടെ നിന്ന് തോട് രണ്ടായ് പിരിഞ്ഞാണ് കൊടിഞ്ഞിയുടെ തെക്കൻ ഭാഗത്തെ കുറുവിലേക്കും മറ്റൊരു കൈവഴിയിലൂടെ നേര് തോട് വഴി പള്ളിക്കത്താഴം പനക്കത്താഴം വഴി മേര്യ കാപ്പിൽ ചെന്ന് ചേരുന്നത്. മുൻപ് വിസ്തൃതമായ ഈ തോടുകളിലൂടെ കൊതുമ്പു തോണികൾ സഞ്ചരിച്ചിരുന്നു. ആ തോണികളിൽ തേങ്ങയും ഉണ്ടയും പൂളയും വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ
ഇന്ന് ഈ തോടുകൾ മണ്ണ് മൂടി വെള്ളം ഒഴുകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
ഇവിടെയാണ് അധികാരികളുടെ കെടുകാര്യസ്ഥത നമുക്ക് ബോധ്യമാവുക.
ഈ തോടുകൾ കിളച്ച് സംരക്ഷിച്ച് ആധുനികവൽക്കരിച്ചാൽ ഇന്ന് കർഷകർ നേരിടുന്ന ജലദൗർലഭ്യമെന്ന പ്രശ്നം പരിഹരിക്കാനും കുടിവെള്ള പ്രശ്നം പോലും ഇല്ലാതാക്കാനും സാധിക്കും. അതു വഴി ഈ നാട്ടിന്റെ മുഖച്ഛായ തന്നെ മാറും. മൂന്ന് പൂൽ നെൽകൃഷി നടന്നിരുന്ന നമ്മുടെ വയലുകളിൽ രണ്ട് പൂലെങ്കിലും നടത്താനും സാധിക്കും. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ. പക്ഷെ ഇതിന് ആസൂത്രണ മികവുള്ള അധികാരികൾ രംഗത്തു വരും വരെ നമുക്ക് കാത്തിരിക്കുകയേ നിർവ്വാഹമുള്ളു.@@@
= അവലംബങ്ങൾ
പി സി മുഹമ്മദാജി.
മറ്റത്ത് കുഞ്ഞുമുഹമ്മദാജി.
കൊടിഞ്ഞിയത്ത് അലവി ഹാജി.
പാലക്കാട്ട് ബാപ്പു മാസ്റ്റർ
=നിരീക്ഷണഗ്രന്ഥങ്ങൾ
മൊയ്തു മൗലവിയുടെ ആത്മകഥ
മാപ്പിള സമുദായം. ടി മുഹമ്മദ്
ആംഗ്ലോമൈസൂർ യുദ്ധം. AK കോടൂർ
മലബാർ റിബല്യൻ: ഹിച്ച്കോക്ക്.