രചന : സതി സുധാകരൻ പൊന്നുരുന്നി ✍
കാറ്റേറ്റു ചെറുവല്ലിയിലൂയലാടും
വിടരാൻ കൊതിച്ചൊരു കുഞ്ഞു പൂവേ…
അമ്മ തൻ താരാട്ടുപാട്ടു കേട്ടുo,
അച്ഛന്റെ പരിലാളനമേറ്റു വാങ്ങി,
കൊഞ്ചിക്കുഴഞ്ഞു കളിയാടിയ കൊച്ചു പൂവേ, ഹാ കഷ്ടമേ
ഞെട്ടറ്റു വീണ നിന്റെ കിടപ്പു കണ്ടാൽ
നാളെ വിരിഞ്ഞീടിന നിന്നെ നോക്കി
ഏറെ കിനാവുകൾ കണ്ടിതമ്മ
ശലഭം വന്നു നിൻ മേനി കുത്തി നോവിച്ചിടുമ്പോൾ,
കാണുവാനാകാതെ കണ്ണുകൾ, പൊത്തി നിന്നു
ഇന്നു നീ സൂര്യന്റെ ചുംബനമേറ്റു വാങ്ങി
എല്ലാം മറന്നങ്ങുനിന്നിടുമ്പോൾ ഭൂലോകം
നിന്നുടെ കാല്ക്കലെന്ന് തോന്നീലയോഎന്റെ കൊച്ചു പൂവേ…
ഒറ്റ ദിനം കൊണ്ടൊരു രാജ്ഞിയായി
പിറ്റേന്നു ഞെട്ടറ്റു വീണു ഭൂതലത്തിൽ
ചിറകറ്റു വീണൊരു പക്ഷിയേപ്പോൽ
തേങ്ങിക്കരയുവതെന്തെന്നെ നോക്കി.
ആലോലമാറ്റീടിന കരങ്ങളിൽ നിന്നറ്റു പോയി,
തോറ്റം പറഞ്ഞു കരയുന്നു ലതകളെല്ലാം
ആശകൾ ഓരോന്നു വന്നു പോകും
പ്രകൃതി തൻ നിയമങ്ങളാണിതെല്ലാം.