രചന : റിഷു ✍
അവളൊരു പാവമായിരുന്നു.. എഴുന്നേൽക്കാൻ കഴിയാതെ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാനാവാതെ ബെഡിൽ കിടക്കുമ്പോഴും അവൾ മനോഹരമായി പാടുമായിരുന്നു.. അവളുടെ വേദനകളും സ്വപ്നങ്ങളുമൊക്കെ ആ പാട്ടിൽ നിറഞ്ഞു നിൽക്കും..
അന്നത്തെ അവളുടെ ഏറ്റവും വലിയ ആഗ്രഹം വയറു നിറയെ ബിരിയാണി കഴിക്കണം എന്നായിരുന്നു..
ഇതിപ്പോ എന്ത് ആഗ്രഹം..?
വല്ല ഹോട്ടലിലോ കല്യാണവീട്ടിലോ ഒക്കെ പോയാൽ എത്ര വേണമെങ്കിലും കഴിക്കാലോ എന്നൊക്കെ നിങ്ങൾക്ക് ചിലപ്പൊ തോന്നിയേക്കാം..
പക്ഷേ ജ്യൂസ് ഒഴികെ മറ്റെന്ത് കഴിച്ചാലും
ഉടനേ അത് പുറത്തേക്ക് ചർദ്ധിക്കുന്നത് കാരണം ഇഷ്ടഭക്ഷണം പോലും
അവൾക്ക് അന്യമായിരുന്നു..
ന്നാലും വല്ലപ്പോഴുമൊക്കെ ചർദ്ധിച്ചാലും വേണ്ടില്ല എന്ന് കരുതി കഴിക്കാനുള്ള ശ്രമം നടത്തുമെങ്കിലും ഒന്നോ രണ്ടോ ഉരുള വയറ്റിലെത്തുമ്പോഴേക്കും ചർദ്ധി തുടങ്ങും..
ചെറുപ്പത്തിലേ അമ്മ മരിച്ച അവളെ നോക്കാൻ എന്ന പേരിൽ അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന് അവളൊരു ഭാരമായിരുന്നു..
അവർ പറയുന്ന കുത്തുവാക്കുകളെപ്പറ്റി
എന്നോട് പറയുമ്പോൾ അവൾ കരഞ്ഞുകൊണ്ട് ചിരിക്കാറുണ്ട്..
”നിന്റെ അസുഖമൊക്കെ ഭേദമായിട്ട്
നമുക്ക് ആ തള്ളയെ വല്ല കിണറ്റിലും കൊണ്ടുപോയി ഇടാം..”
എന്ന് പറയുമ്പോൾ അവൾ നക്ഷത്രങ്ങളെ ഒളിപ്പിച്ചുവച്ച ആ മനോഹരമായ മിഴികൾ ഇറുക്കിപ്പിടിച്ചു കുലുങ്ങി ചിരിക്കും..!
സഹിക്കാൻ വയ്യാത്ത
വേദന വരുമ്പോഴും കൈ പിടിച്ചു കൊണ്ടുപോകാൻ ആളില്ലാത്ത കാരണം മൂത്രമൊഴിക്കാൻ വല്ലാതെ മുട്ടി നിൽക്കുമ്പോഴുമെല്ലാം അവൾ വളരെ മനോഹരമായി നീട്ടി പാടും..
”നീ ആ മൂത്രം മുകളിലേക്ക് വലിച്ചെടുത്തു ജനലിലൂടെ പുറത്തേക്ക് തുപ്പിക്കള..”
എന്ന് പറയുമ്പോൾ അവൾ
ചിരി അടക്കാൻ പാടുപെടുന്നത് കാണാം.. അറിയാതെ ചിരിച്ചുപോയാൽ മൂത്രത്തിലുള്ള പിടി വിട്ടുപോകുമോ എന്നുള്ള ഭയം കാരണമാണത്..!
പിന്നെയും ഞങ്ങൾ അടുത്ത് തുടങ്ങിയപ്പോൾ ബിരിയാണി
അവളുടെ ആഗ്രഹങ്ങളിൽ നിന്നും
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു..
എത്ര കാലം ജീവൻ ബാക്കിയുണ്ടെന്നറിയില്ലെങ്കിലും
അവൾ മരിക്കുന്നതിന് മുൻപായി
എന്നെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം ഒന്നാംസ്ഥാനം കരസ്ഥമാക്കി..!
“ഞാൻ നിന്റടുത്ത് എത്തുന്നതിനു മുൻപേ നീയെങ്ങാനും തട്ടിപ്പോയാൽ പിന്നെ നിന്നെ പറ്റി ഞാൻ ഓർക്കുക കൂടിയില്ല..”
എന്നായിരുന്നു അതിനുള്ള
എന്റെ ആദ്യത്തെ മറുപടി..
അവളെന്നോട് ആദ്യമായി പിണങ്ങിയതും
ആ മറുപടി കാരണമായിരുന്നു..
“കുഞ്ഞോളേ.. മുത്തൂസേ.. ചക്കരേ..
കുക്കുടു വാവേ..” എന്നൊക്കെ വിളിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും പിണക്കം മാറി.. പക്ഷേ അവളുടെ സങ്കടം മാറിയിരുന്നില്ല..!
“നീ അങ്ങനെയൊക്കെ വിളിച്ചപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു..”
എന്ന് പറഞ്ഞു കുറേ നേരം സങ്കടപ്പെട്ടിരുന്നു..
പിന്നീട് ഞാനില്ലാതെ എന്നോട് സംസാരിക്കാതിരിക്കാനോ എന്നെക്കുറിച്ച് ഓർക്കാതിരിക്കാനോ പറ്റാതായി അവൾക്ക്…
ഇടയ്ക്കിടെ എന്റെ എഴുത്തിലെ കാമുകിമാരെക്കുറിച്ചു ചോദിക്കും..
എന്നിട്ട് അതൊക്കെ കേട്ടിരുന്ന ശേഷം
“നീ കല്യാണം കഴിച്ചാൽ എന്നെ മറക്കുമോ..?” എന്ന് ചോദിക്കും.
“പിന്നില്ലാതെ.. കല്യാണം കഴിച്ചാൽ
‘ന്റെ ഹൃദയം മുഴുവൻ എന്റെ കെട്ട്യോൾക്കുള്ളതാണ്..”
എന്ന് ഞാൻ വളരെ സത്യസന്ധമായി മറുപടിയും കൊടുക്കും..
ഒരിക്കൽ..
”നീ വേറെ കല്യാണം കഴിച്ചാലും
എന്നെങ്കിലും എന്നെ വിട്ടു പോയാലും
എനിക്ക് വേണ്ടി കുറച്ചു സ്ഥലം
ആ ഹൃദയത്തിൽ മാറ്റിവച്ചൂടെ..”
എന്ന് ഒരുപാട് സങ്കടത്തോടെ ചോദിച്ചപ്പോൾ എനിക്ക് നിരസിക്കാൻ പറ്റിയില്ല..!
“ന്റെ ഹൃദയത്തിലെ ഒരു മുറി ഞാൻ നിനക്കായി മാറ്റിവെക്കാം.. അവിടെ നീയല്ലാതെ മറ്റാരും കയറാതെ നോക്കാം.. ബാക്കി എല്ലാം ഞാൻ ‘ന്റെ കെട്ട്യോൾക്ക് തീറെഴുതി കൊടുക്കും ട്ടോ..”
എന്ന് പറഞ്ഞപ്പോഴേക്കും
അവൾക്ക് വല്ല്യ സന്തോഷമായി..
എന്നിട്ട്..
“ഓ.. അത് മതി.. അത് തന്നെ ധാരാളം..”
എന്ന് പറഞ്ഞു.. അതോടൊപ്പം..
“ആ ഹൃദയത്തിൽ എന്നും ഞാനുണ്ടായാൽ മതി.. ആ ഒറ്റമുറിക്കുള്ളിൽ ഈ ഭ്രാന്തിക്ക് സ്നേഹം കൊണ്ടൊരു ചങ്ങല പണിഞ്ഞു തന്നാൽ ഞാൻ നിന്നെ വിട്ട് എവിടേക്കും പോകാതെ അവിടെത്തന്നെ കുടിയിരുന്നോളാം “
എന്നും പറഞ്ഞു..!
അന്ന് മുതലാണ് അവൾ
എന്റെ ഹൃദയത്തിലെ ഒറ്റമുറിക്കാരി ആയത്..!
അവളുടെ രോഗത്തെക്കുറിച്ചുള്ള സംസാരം ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല..!
അവൾ അവളുടെ വേദനകളെപ്പറ്റി പറയുമ്പോൾ ഞാനെന്റെ പ്രണയത്തെപ്പറ്റി പറയും..!
അവൾ അവളുടെ കണ്ണുനീരിനെപ്പറ്റി പറയുമ്പോൾ ഞാൻ അതിന്റെ കാരണങ്ങൾ ചോദിക്കാതെ അവളുടെ മനോഹരമായ കണ്ണുകളെപ്പറ്റി വാചാലനാകും..!
നമ്മളെക്കൊണ്ട് ഒന്നും ചെയ്തുകൊടുക്കാൻ ആവില്ലെന്നറിഞ്ഞിട്ടും ഒരാളുടെ മോശം അവസ്ഥയെപ്പറ്റി ചോദിച്ചറിഞ്ഞു അതിനെപ്പറ്റി സഹതപിക്കുന്നതിലും നല്ലത് അത്തരം കാര്യങ്ങളെപ്പറ്റി ചോദിക്കാതിരിക്കുന്നതാണ് എന്നുള്ള എന്റെ ചിന്താഗതി ആയിരിക്കാം അതിനുള്ള കാരണം..!
പിന്നീടവൾ പതിയെ പതിയെ
എഴുന്നേറ്റു നടക്കാൻ ഒക്കെ തുടങ്ങി..!
ഒരിക്കൽ വിളിച്ചപ്പോൾ
അവളെന്നോട് പറഞ്ഞു..
”ന്റെ പെയിൻകില്ലറും.. മരുന്നും..
മന്ത്രവുമൊക്കെ നീയാണ്..
നീ അരികിലുള്ളപ്പോൾ എനിക്ക് ഒന്നിനെപ്പറ്റിയും ഉള്ള പേടി ഇല്ല..
കാലന് പോലും ഭയമായിരിക്കും
നിന്നെ എന്നിൽ നിന്നും പറിച്ചെടുത്തു കൊണ്ടുപോകാൻ..”
അതിന് കൊടുക്കാനുള്ള മറുപടി
എന്റെ കയ്യിൽ ഇല്ലായിരുന്നു..!
അത് കേട്ടപ്പോൾ ഞാൻ
ചുമ്മാ ചിരിക്കുക മാത്രമാണ് ചെയ്തത്..!
ഒരിക്കലും നടക്കാത്ത കുറെ
കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളുടെ
നീണ്ട നിര തന്നെ മനസ്സിലുണ്ടെന്ന് ഒരിക്കലവൾ ചിരിച്ചുകൊണ്ടു പറഞ്ഞു..
വയറു നിറയെ ബിരിയാണി കഴിക്കണം.. ഒരുമിച്ചൊരു യാത്ര പോവണം..
ആ യാത്രക്കിടയിൽ എന്റെ തോളിൽ ചാരികിടന്നു ഉറങ്ങണം..
പിന്നെ കടല് കാണണം..
ആ കടൽത്തീരത്തുകൂടി എന്റെ കൈകൾ കോർത്തുപിടിച്ചു ഇത്തിരി നേരം നടക്കണം.. ഒരുമിച്ചൊരു മഴ നനയണം..
എന്നതൊക്കെയായിരുന്നു
അവളുടെ ആ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ..!
”പ്രണയം ഒന്നു ചേരാനുള്ളതല്ല
അത് പ്രണയിക്കുവാനുള്ളതാണ്..”
എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും പരസ്പരം ഒന്നുചേരാൻ എന്നെപ്പോലെ തന്നെ അവളും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവണം..
പക്ഷേ..
“വേണ്ടെടാ.. നീ എന്നെ എന്നും
ഇങ്ങനെ പ്രണയിച്ചാൽ മാത്രം മതി..
ഇപ്പൊ തന്നെ ഞാൻ എല്ലാവർക്കും
ഒരു ബാധ്യതയാണ്..
ഇനി നിനക്കുകൂടി
ഒരു ബാധ്യതയായി ഇപ്പൊ
നീ കാണിക്കുന്ന ഇഷ്ടവും സ്നേഹവും കൂടി ഇല്ലാതാവുന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ..”
എന്നൊക്കെ പറഞ്ഞു
ഒഴിഞ്ഞു മാറുകയാണ് പതിവ്..
ഒരിക്കൽ ഞാനവളോട്
‘കാണാൻ വരട്ടെ’
എന്ന് ചോദിച്ചപ്പോൾ..
കുറച്ചു നേരം നിശബ്ദതയും പിന്നെ തേങ്ങികരച്ചിലും മാത്രമായിരുന്നു മറുപടി..
ആ സമയത്ത് അവൾ ഏതോ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു..
രോഗം പൂർണ്ണമായും ഭേദമായി എന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം..
”നാളെ ഞാൻ ഡിസ്ചാർജ് ആവുകയാണ്.. വീട്ടിലെത്തിയ ഉടനെ ഞാൻ മെസ്സേജ് ഇടാം..എന്നെ കാണാൻ വരോ..”
എന്നവളുടെ ആകാംക്ഷയോടെയുള്ള
ചോദ്യം കേട്ട് കുറച്ചു നേരം ഞാൻ നിശബ്ദനായി..!!
“നിന്നെ കാണാൻ ഞാൻ വരുന്നില്ല..”
എന്ന എന്റെ മറുപടി
അവളെ ശരിക്കും ഞെട്ടിച്ചു കാണണം..!!
കുറച്ചുനേരത്തേക്ക്
അവളുടെ ശബ്ദമൊന്നും കേട്ടില്ല..
“എന്റെ സ്വന്തമാകുമെങ്കിൽ
കൂടെ കൂട്ടാൻ ഞാൻ വരാം..”
എന്നു പറഞ്ഞപ്പോൾ
ഒരു തേങ്ങികരച്ചിൽ മാത്രം കേട്ടു..!
തേങ്ങി കരച്ചിലിന്റെ അവസാനം..
“ഡാ.. നമ്മുടെ കല്യാണം
സ്വർഗ്ഗത്തിൽ വെച്ച് എന്നോ കഴിഞ്ഞിട്ടുണ്ടാവണം..”
“ഓ.. അതെപ്പോ..?
ഞാൻ അറിഞ്ഞില്ലല്ലോ..”
”ഞാൻ പോലും അറിഞ്ഞിരുന്നില്ല…”
എന്ന് പറഞ്ഞു അവൾ ചിരിച്ചു…
കൂട്ടത്തിൽ ഞാനും…!
❤️