രചന : മംഗളാനന്ദൻ ✍
ആതിര വിരിഞ്ഞിടും
ധനുമാസത്തിൻ,കുളിർ-
രാവുകൾ വീണ്ടും വന്നീ
വാതിലിൽ മുട്ടീടുന്നു.
നീയൊരു ഗ്രാമീണയാം
പെൺകൊടി,വയലിലെ
ചേറിന്റ മണം തിരി-
ച്ചറിയാം നമുക്കെന്നും.
മുണ്ടകൻ കതിരണി-
ഞ്ഞിരുന്നു, പാടങ്ങളിൽ
പണ്ടു നാം പരസ്പരം
കണ്ടുമുട്ടിയ കാലം.
ഇന്നുമെൻ നിനവിലായ്
പൂത്തു നിൽക്കുന്നു, നമ്മ-
ളൊന്നിച്ചു നെഞ്ചേറ്റിയ
കനവിൽ തളിരുകൾ.
കുളിരോർമ്മയിൽ പാട-
വരമ്പിൽ കുടിൽ വെച്ചു
പല നാളുകൾ പിന്നെ
രാപാർത്തുവല്ലോ നമ്മൾ.
നാട്ടിലെ പടിപ്പുര-
യുള്ള ജന്മിതൻ തറ-
വാട്ടിലെയാമ്പൽക്കുളം
പൂത്തൊരാതിരക്കാലം,
കേട്ടു നാം തരുണികൾ
നീന്തിയുംതുടിച്ചും നീ-
രാട്ടിനുശേഷം തിരു-
വാതിര കളിപ്പതു.
മംഗലം കഴിഞ്ഞാദ്യ
തിരുവാതിരക്കാലം
മംഗളമായിട്ടു, പൂ-
ത്തിരുവാതിരഘോഷം!
അപ്പൊഴൊക്കെയും പാട-
വരമ്പിൽ കൈകൾ കോർത്ത്
വേർപ്പുഗന്ധവും പേറി
നടപ്പായിരുന്നു നാം.
അകലെ നിന്നും കേട്ട
തിരുവാതിരപ്പാട്ടിൻ
അലകൾ നമുക്കന്നു-
മന്യമായിരുന്നല്ലോ!
പിന്നെയീ പാടങ്ങളിൽ
മുണ്ടകൻ വിളയാതായ്,
നന്മകളോരോന്നായി
മണ്ണിട്ടു മൂടിപ്പോയി.
വന്മതിലുകളെങ്ങു-
മുയർന്നു, നടക്കുവാൻ
നമ്മുടെ വഴികളും
വരമ്പും കാണാതായി.
പിന്നെ നാം നഗരത്തിൽ
‘മൈക്കാടു’പണിക്കായി
ചെന്നു ചേക്കേറി, കല്ലും
മണലും ചുമക്കുവാൻ.
ധനുമാസത്തിൻ തിരു-
വാതിര വരാറുണ്ടു
സിനിമാപ്പാട്ടിന്നീണ-
മായിന്നീ കുടിലിലും.
ഒരിക്കൽ പോലുമൊരു
താമരക്കുളത്തിൽ നീ
തുടിച്ചു കുളിച്ചില്ല,
ഇളനീർ കുടിച്ചില്ല.
ദശപുഷ്പങ്ങൾ പറി-
ച്ചെടുത്തു ചൂടാത്ത നിൻ
ശിരസ്സിലോരു മുത്തം
നല്കുവാനെനിയ്ക്കാകും.
കാട്ടിനുള്ളിലെ ശിവ-
പാർവ്വതിദ്വന്ദം, നല്ല
കൂട്ടുകാരായിട്ടാടി-
ത്തിമിർപ്പതറിയുന്നേൻ.
നമുക്കും പരസ്പരം
പുണരാം, മടുക്കില്ല
മരണം വരെ നിന്റെ
വിയർപ്പിൻ ഗന്ധം ഞാനും.!