രചന : രാജു വിജയൻ ✍
ഞാൻ മരിച്ചാലെന്റെ കിനാക്കൾ നീ
കടലിലെറിയേണം….
നാം നടന്ന വഴികളിലെല്ലാം
പുഞ്ചിരി വിതറേണം…. നിൻ
പുഞ്ചിരി വിതറേണം……
കൂട്ടിരുന്ന വാകമരത്തണലോടെൻ
യാത്ര മൊഴിയേണം….
കാറ്റു മൂളിയ കവിതകളുള്ളിൽ നീ
കുഴിച്ചു മൂടേണം…
ആശ തളിർത്ത്, പൂത്തു വിടർന്ന്
പിളർന്നോരെൻ മനസ്സ് മറക്കേണം..
ഇനിയൊരു ജന്മം മണ്ണിതിൽ വാഴാൻ
കൊതിയില്ലെന്നോർക്കേണം…….
രക്ത മുഖങ്ങൾ കരളിൽ നിറച്ചൊരു
വേദന പറയേണം….
പണമില്ലാത്തോൻ നൽകിയ സ്നേഹം
പാഴാണറിയേണം……
സ്നേഹിക്കാനൊരു മനമുണ്ടേലത്
പാഴ്ജന്മമതറിയേണം…..
ആത്മാർത്ഥതയീ കാലത്തിന്നൊര-
പശ്രുതിയറിയേണം…..
കാലം തീർത്തൊരു ചങ്ങലയിൽ ഞാൻ
ബന്ധിതനായപ്പോൾ
കാര്യം കാണാൻ കൂടെ നിന്നവർ
ചിതലാണറിയേണം…..
പ്രിയേ……
പ്രിയേ നിന്നെ വെറുത്തതു കൂടെ കൂട്ടാൻ
പാങ്ങില്ലാത്തതു കൊണ്ടറിയേണം….
ഇതുവരെ നീയതറിഞ്ഞാൽ, നീ
നീയാകുകയില്ലെന്നറിയേണം…..
ഓർമ്മ മറഞ്ഞാൽ, എൻ മിഴികളടഞ്ഞാൽ
ഓർമ്മ മറഞ്ഞാൽ എൻ മിഴികളടഞ്ഞാൽ
നീ.. നീല നിലാവായ് പൊഴിയേണം……
നീ… നീല നിലാവായ് പൊഴിയേണം……
ആരവമില്ലാതഗ്നി വിഴുങ്ങും നേരത്തെന്നുള്ളിൽ
സകല ചരാചര ജന്മങ്ങളെയും ഞാൻ
സ്നേഹിച്ചിരുന്നെന്നറിയേണം…..
സ്നേഹിച്ചിരുന്നെന്നറിയേണം……