രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍
ചുവന്നതെങ്ങനെ…ചുവന്നു
തുടുത്തതെങ്ങനെ?
ചുവന്ന ചോര ചിന്തി നമ്മൾ
നടന്നതെങ്ങനെ?
ചേർത്തതെങ്ങനെ കൈകൾ
കോർത്തതെങ്ങനെ
ചോരമാത്രം ചുവന്നതെന്ന്
അറിഞ്ഞതെങ്ങനെ?
ഉയരെയല്ല കാൽച്ചുവട്ടിലാണ്
സമത്വമോർക്കുക
സമത്വമാണ് പ്രകൃതിതന്ന
പൊരുളതറിയുക
മടക്കമാണ് സത്യമെന്ന
ശാസ്ത്രമറിയുക
മനുഷ്യനായി ജീവിച്ചു നീ
മണ്ണിലടിയുക
മനുഷ്യനായി ജീവിക്കുവാൻ
മനസ്സു തുറക്കുക
മനസ്സിലുള്ള മാലിന്യങ്ങൾ
പുറത്തു കളയുക
പഴയ കാലമത്രേ മണ്ണിൽ
മികച്ചതറിയുക
പുതിയ കാലേ നമ്മളുൾ —
വലിഞ്ഞതറിയുക
ക്രൂരമായ തലമുറയെ വാർ–
ത്തെടുത്തതാര്?
ധീരരായ യോദ്ധാക്കളെ കൊന്നു
തള്ളിയതാര്?
കറുത്തതെങ്ങനെ? നമ്മൾ
കറുത്തിരുണ്ടതെങ്ങനെ?
കറുപ്പുമായി വരുന്നവരുടെ
ചതിയറിയുക
ചുവക്കുമങ്ങനെ ചുവന്നുതുടിക്കും
മണ്ണിതു വീണ്ടും
ചുവന്ന ചോര തിളക്കുമിനിയും
മണ്ണിതിൽ വീണ്ടും.