പടവായ്,പതുക്കെത്തിരികേ നടക്കാം;
പടവേറിപ്പകലാഴിയിലെത്തുന്നൂ….!
പടിഞ്ഞാറ്റിനിയും ചുവന്നുതുടുത്തൂ ;
പടിപ്പുരവാതിലടയ്ക്കാൻ നേരമായ്…..!

പടവാളുറയറിയാതടർക്കളേ;
പടക്കുതിരയുമാലയമോർക്കുമോ !
പടക്കളത്തിലാണ്ടജഡത്തിനാമോ ..
പടയ്ക്കടവുചൊല്ലീടുവതടരിൽ!?

പിടിവിട്ടുപോയൊരോർമ്മക്കുതിരയോ,
പടപടപ്പായുന്നു,മായുന്നു കാഴ്ച !
പിടിമുറുകാതൂർന്നൂന്നുവടി വീണു
പടിയുരുണ്ടുരുണ്ടൊടിഞ്ഞുനുറുങ്ങി !

പെടപെടപ്പുണ്ടുള്ളിലായേതോ,യന്ത്രം
പിടികൊടുക്കാതോടുന്നെമനുമുമ്പേ …!
പെടയ്ക്കുന്നുള്ളന്തണുത്തുകൂർത്തമുള്ളിൻ
പടർപ്പിലകപ്പെട്ടനോവിൻ്റെയാന്തൽ !

പടുനാസികയിലൂടിഴഞ്ഞന്നനാളം –
പെടച്ചകത്തേക്കുനീളുന്നുപന്നഗം!
പിടഞ്ഞൊന്നെണീറ്റുതട്ടിമാറ്റുവാനായ്
പിടിത്തമിട്ടുഴറീ,മനസ്സുമാത്രം,,,,,,!

പൊടിയരിക്കഞ്ഞിയരച്ചുംഗുളിക
പൊടിച്ചുംകലക്കിവിഴുങ്ങീ,ഫണിയും;
പിടിച്ചുവച്ചുതുറന്നകുഴലിലെ,
പിടിവിട്ടജലംപോൽ,വിസർജ്ജിച്ചവൻ!

പടർന്നകമ്പുറമൊത്തുജീർണ്ണനീരും
പിടിപെട്ടൂർധ്വനിരിക്കാഞ്ഞു ,വലഞ്ഞൂ,
പിടിപ്പതുണ്ടുപരാക്രമപകിട;
പടിപ്പുറത്താക്കിനിർത്തിബന്ധുക്കളെ!

പടിയോളംതൊടിപണമാക്കിപ്പാഴായ്
പടികെട്ടിമുടിഞ്ഞുതറവാടികൾ !
പിടിവിട്ടതില്ലാതുരാലയവ്യാളി;
പഠിച്ചടവേറെപിഴച്ചിടുംവരേ ….!

പടിവാതിലടച്ചുംതുറന്നും കാറ്റായ്
പിടിച്ചുനിന്നൂ,പലനാളായി ഞാനും!
പടിക്കലെത്തിയൊടുവിലൊരുവണ്ടി,
പിടിച്ചുകിടത്തി വെളുത്തഭാണ്ഡമായ് …!

പൊട്ടിച്ചുമ്മറത്തറയിലെരിച്ചൊരു_
പിടിച്ചാരമാക്കിദൂരെയൊഴുക്കിടാൻ;
പിടിപ്പതുപണിയായവർക്കും വേറെ
പടികൊടുത്തിടാനലഞ്ഞൂ , കാലവും!

മോനിക്കുട്ടൻ കോന്നി

By ivayana

Leave a Reply

Your email address will not be published. Required fields are marked *