പണ്ട് ചാച്ചൻ ലൈസൻസ് എടുത്ത് വാങ്ങിച്ച മർഫി റേഡിയോയിലൂടെ കേട്ട് കൊതി തീരാത്ത മഞ്ഞലകളായിരുന്നില്ലേ? ഹർഷ ബാഷ്പങ്ങളായിരുന്നില്ലേ? എത്രയെത്ര സുഭഗമായ ഭാവതരംഗങ്ങളിലൂടെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു. അനുരാഗ ഗാനം പോലെ, നിൻ മണിയറയിലെ, മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, സന്ധ്യക്കെന്തിന് സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു….. നീലഗിരിയുടെ സഖികളേ, രാഗം ശ്രീരാഗം ….. എൻ്റെ ചെറുപ്പത്തിൽ എൻ്റെ സർവ്വഭാവങ്ങൾക്കും ചേരുന്ന മധുര ഗാനങ്ങൾ… ദാസേട്ടൻ്റെ ആധിപത്യത്തിലും ഭാവഗാനങ്ങളുടെ തമ്പുരാനായി ജയചന്ദ്രൻ കൂടെയുണ്ടായിരുന്നു.

പിന്നീടെപ്പോഴോ മുറിഞ്ഞുപോയ ശ്രുതികൾ ചേർത്ത് നിറമെന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി …… എത്തി. ആലുംമൂടൻ്റെ യുവാവായ മകനു വേണ്ടിയുള്ള സാന്ദ്ര ഗാനം. പിന്നീട് നീയൊരു പുഴയായ്, ഞാനൊരു മലയാളിയായ്, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എത്രയെത്ര കാലങ്ങളിലൂടെ താങ്കളെന്നെ മലയാളഗാന മാസ്മരികതയിൽ ചേർത്തു നിർത്തി. കോഴിക്കോട് എയർപോർട്ടിൽ ജോലി ചെയ്യുന്ന കാലത്ത് താങ്കളതിലേ വന്നു. ഹൊ… അതിശയമായിരുന്നു. സ്വരസൗഭഗങ്ങളുടെ രാജകുമാരൻ, പക്ഷേ, അകന്നു നിന്നു. പിന്നീട് … സാധാരണ ഇരിങ്ങാലക്കുടക്കാരനായി. പെട്ടെന്ന് ഏതോ പുരാതന ബന്ധം പോലെ തോളത്ത് കൈ വെച്ച് ചിരിച്ചു. ആ നനുത്ത കൈപ്പാടുകൾ ഇന്നുമെൻ്റെ ഹൃദയത്തിലുണ്ട്.

കേവല മർത്യഭാഷ കേൾക്കാത്ത ഭാവഗായകൻ . തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് നല്ല പാട്ടേതെന്ന് ചോദിച്ചാൽ പെട്ടെന്ന് ഓർമ വന്ന് അമ്മാവെ വണങ്കാതെ… എന്ന് പറയുമായിരുന്നു… പാടാനറിയില്ല. പക്ഷേ, കൂടെയുള്ള തമിഴ് പെൺകുട്ടി സെൽവി തിരുത്തും. അല്ല, അത് രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്നാണെന്ന് പറയും. ഞാൻ താരതമ്യങ്ങൾക്കില്ല.പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. ഏതോ സംസ്ഥാന കലോത്സവത്തിൽ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുന്നതും ആ കലാമേളയിൽ മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോൾ മൃദംഗത്തിനുള്ള ഒന്നാം സ്ഥാനം ജയചന്ദ്രൻ നേടുകയും ചെയ്ത കഥ .

ജയചന്ദ്രനും യേശുദാസും പാടി ജീവിച്ചിരിക്കുന്ന കാലത്ത് ജനിച്ച് ജീവിക്കുന്നത് എൻ്റെ ഭാഗ്യമാണ് എന്ന് സെൽവിയോട് പറയും . സത്യമാണ്. ഇ.എം. എസിൻ്റെയും യേശുദാസിൻ്റെയും ജയചന്ദ്രൻ്റെയും കൂടെ കേരളത്തിൽ അവരെ ആരാധിച്ച് ജീവിക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാൻ. ഭാവ ഗാനമാധുരി നിലച്ചു. അനശ്വര ഗായകൻ പി ജയചന്ദ്രന് ആദരപൂർവ്വം വിട🌹

By ivayana

Leave a Reply

Your email address will not be published. Required fields are marked *