രചന : അഞ്ചു തങ്കച്ചൻ ✍
പ്രണയിനി നിയയുടെ ചോദ്യം കേട്ട് അവൻ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.
കാശിയുടെ ഫോണിൽ, തലേന്നത്തെ അവന്റെ ബർത്തഡേ പാർട്ടിയുടെ വീഡിയോ കാണുകയായിരുന്ന അവൾ മുഖമുയർത്തി അവനെ നോക്കി.
എന്താടാ നീയൊന്നും പറയാത്തത്?
പ്രണയത്തിലായിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു, സത്യത്തിൽ ഇതുവരെയും താനവളെ ചുംബിച്ചിട്ടില്ല. എന്തിനേറെ അവളുടെ അടുത്ത് ഒന്ന് ചേർന്നിരുന്നിട്ട് കൂടെ ഇല്ല. അതുകൊണ്ടായിരിക്കുമോ ഇങ്ങനൊരു ചോദ്യം.
അവന്റെ തൊണ്ടയിലെ ഉമിനീർവറ്റി..
നിനക്കിപ്പോൾ ചുംബനം വേണോ? അവൻ അവളോട് ചോദിച്ചു.
പോടാ… അവൾ അവന്റെ തോളിൽ അടിച്ചു.
ഇങ്ങ് നോക്കിക്കേ, നീ കേക്ക് കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ നിന്റെ അമ്മ എത്ര സ്നേഹത്തോടെയാണ് നിന്റ കവിളിൽ ഉമ്മ വച്ചത്, എത്ര സ്നേഹവും, വാത്സല്യവും, അഭിമാനവും ഒക്കെയാണാ മുഖത്ത്.
അവർ അമ്മയായ ദിവസം കൂടെയല്ലായിരുന്നോ ഇന്നലെ.എന്നിട്ടും നീയമ്മക്ക് ഒരുമ്മ പോലും തിരിച്ചു കൊടുത്തില്ല, എന്തിനേറെ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കുന്നു കൂടെയില്ല.
അപ്പുറത്ത് നിൽക്കുന്ന അച്ഛന്റെ മുഖത്തും എന്തൊരു സന്തോഷമാണ്.അച്ഛൻ നിനക്ക് കേക്ക് വായിൽ വച്ച് കഴിഞ്ഞിട്ട് നിന്നെ നോക്കുന്ന ഒരു നോട്ടം കണ്ടോ, എന്റെ കുഞ്ഞ് ഇത്രയും വലുതായി, എനിക്കൊപ്പംഅവനും വളർന്നു എന്നല്ലേ ആ കണ്ണുകളിലെ ഭാവം.
അവൻ ഫോണിലേക്കു നോക്കി. ശരിയാണ് അച്ഛന്റെ കണ്ണുകൾ തന്നിലാണ്.
നീയെന്താടാ അവർക്കൊരു ചുംബനം പോലും കൊടുക്കാത്തത്??
അവന് ഉത്തരമുണ്ടായിരുന്നില്ല.
നിയയുടെ അമ്മാവൻ മരിച്ചത് കൊണ്ട് അവൾ ബര്ത്ഡേ പാർട്ടിക്ക് വന്നിരുന്നില്ല.
അതുകൊണ്ട് അവളെ കാണിക്കാനായി എടുപ്പിച്ച വീഡിയോ ആണിത്.
ദാ… ബസ് വന്നു. വാടാ… നിയ പറഞ്ഞു.
അവർ ഓടിച്ചെന്ന് ബസിൽ കയറി.
വീട്ടിൽ എത്തിയിട്ടും കാശിയുടെ മനസ്സിൽ നിയ ചോദിച്ച ചോദ്യമായിരുന്നു.
എന്താണ് അച്ഛനും അമ്മയ്ക്കും താനൊരുമ്മ പോലും കൊടുക്കാത്തത്.
ശരിക്കും പറഞ്ഞാൽ താൻ മുതിർന്നതിൽ പിന്നെ അവരുമായി അധികസമയം ചിലവിടാറുകൂടിയില്ല.
അൽപ്പം വളർന്നു കഴിഞ്ഞപ്പോൾ മുതൽ താൻ മറ്റൊരു ലോകത്തിലാണ്.താൻ, തന്റെ സുഹൃത്തുക്കൾ ,തന്റെ സ്വാതന്ത്ര്യം.
അച്ഛന്റെയും അമ്മയുടെയും കൂടെ അധിക സമയം ഇരിക്കാറൊന്നുമില്ല. ഭക്ഷണം കഴിക്കാൻ പോലും അച്ഛന്റെ ഒപ്പം ഇരിക്കാറില്ല.
ബഹുമാനം കൊണ്ടാണോ അതോ സ്നേഹക്കൂടുതൽ കൊണ്ടാണോ എന്താന്ന് അറിയില്ല. അച്ഛനുമായി ഒരു ഡിസ്റ്റൻസ് എപ്പോഴുമുണ്ടായിരുന്നു.
അമ്മയോട് പിന്നേം കുറച്ചെങ്കിലും സംസാരിക്കും. എങ്കിലും അമ്മയെ പോലും ഒന്ന് ചുംബിച്ചിട്ട് കാലമെത്രയായി?
തന്നോടുള്ള സ്നേഹം കുറയാതിരിക്കാനാണ് മറ്റൊരു കുഞ്ഞിനെ വേണ്ടന്ന് വച്ചത് എന്ന് അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നിട്ടും താനവരെ വേണ്ടത്ര സ്നേഹിക്കുന്നില്ലേ? ഉണ്ട് മറ്റാർക്കും അറിയില്ലെന്നേ ഉള്ളൂ മനസ്സ് നിറച്ചുമവരോടുള്ള സ്നേഹമാണ്.
പിന്നെ, ഈ പ്രായത്തിൽ ഉള്ള കുട്ടികൾ എപ്പോഴും അമ്മമാരോടും അച്ഛന്മാരോടും അല്ലല്ലോ കൂടുതൽ ഇടപഴകുന്നത്.
അവരുടെ സ്നേഹം അനുഭവിക്കാൻ നിന്ന് കൊടുക്കാനും, അവരോട് സ്നേഹം കാണിക്കാനും എന്തോ ഒരു മടി. എന്താണ് അങ്ങനെ??
ഈ ലോകത്തിൽ എന്നെ മറ്റാർക്കും ഇത്ര സ്നേഹിക്കാൻ കഴിയില്ല.എന്നിട്ടും എന്താ താനവരോടുള്ള സ്നേഹം പ്രകടിപ്പിക്കാത്തത്?? അറിയില്ല….. ഒന്നുമറിയില്ല.
അവൻ പതിയെ അടുക്കളയിലേക്ക് ചെന്നു.
അമ്മ തനിക്കുള്ള ചായ എടുക്കുകയാണ്.
അമ്മക്ക് ഒരുമ്മ കൊടുത്താലോ? അവന് ചെറിയൊരു മടി തോന്നി.
എങ്കിലും, ദാ… ചായ എന്ന് പറഞ്ഞ്, ഒരു ഗ്ലാസ്സ് ചായ അമ്മ നീട്ടിയപ്പോൾ, അവൻ താങ്ക്സ് എന്ന് പറഞ്ഞിട്ട് അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് അപ്പുറത്തേക്ക് പോയി.
അമ്മയുടെ കണ്ണുകളിൽ സ്നേഹനീർ നിറഞ്ഞു.
എത്രയോ വർഷങ്ങൾക്കു ശേഷമാണ് അവനൊരു ചുംബനം തരുന്നത്.
അവന്റെ സ്വാതന്ത്രത്തിന് തടസ്സം നിൽക്കാത്ത, അവന്റെ ഇഷ്ട്ടങ്ങൾക്ക് തടസ്സം നിൽക്കാത്ത അമ്മയും അച്ഛനുമാണ് തങ്ങൾ എന്നിട്ടും ഒരു പ്രായമെത്തിയപ്പോൾ അവൻ ഞങ്ങളിൽ നിന്നും അകന്നു.തനിക്കത് വലിയ വിഷമം ആയിരുന്നു.
എടീ…കുട്ടികൾ വളർന്നാൽ അങ്ങനെയാ എന്ന്പറഞ്ഞ് ഭർത്താവ് തന്നെ ആശ്വസിപ്പിക്കും. അദ്ദേഹം പറയും കുട്ടികൾ മുതിർന്നാൽ അവരെ പിടിച്ചു വയ്ക്കാൻ നോക്കരുത്. എപ്പോഴും അവരുടെ പിന്നാലെ നടക്കരുത്, ഈ പ്രായത്തിൽ അതൊക്കെ അവർക്ക് ഒരു ശല്യമായിട്ടേ തോന്നൂ
അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, ജീവിതത്തിലെ തെറ്റും ശരിയും സ്വയം മനസ്സിലാക്കി തിരുത്തട്ടെ എന്ന്.
ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം.
അന്ന് രാത്രി അൽപ്പം വൈകിയാണ് അച്ഛൻ എത്തിയത്. ക്ലബ്ബിന്റെ വക ഫുട്ബോൾ കളിയുണ്ടായിരുന്നു എന്ന്.
എടീ ഞങ്ങളുടെ ടീമാണ് ജയിച്ചത് എന്നും പറഞ്ഞ് അച്ഛൻ വന്നപ്പോൾ.
കാശി ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
അമ്മേ ദേ… അച്ഛന്റെ ടീമാണ് ജയിച്ചതെന്ന്.
ഒരു നിമിഷം പകച്ചു നിന്നിട്ട്, അയാളും മകനെ
മുറുകെ കെട്ടിപ്പിടിച്ചു.
തന്റെ മകൻ തന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുകയാണ്. അയാളുടെ മനസ്സ് നിറഞ്ഞു, കണ്ണുകളും.
അവനെ ആദ്യമായി കൈയിൽ കിട്ടിയ നിമിഷം അയാൾക്ക് ഓർമ്മ വന്നു. കുഞ്ഞിക്കണ്ണുകൾ വിടർത്തി തന്നെ ആദ്യം നോക്കിയ ആ നോട്ടം….
അയാൾ കാശിയുടെ നിറുകയിൽ ചുംബിച്ചു.അന്ന് ആദ്യമായി അവനേ ചുംബിച്ചപ്പോൾ തോന്നിയത് പോലെ ,സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞു കവിയുകയാണ്.
ഭൂമിയിലെ ഏറ്റവും സുന്ദരമായ ചുംബനം അത് നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ നൽകുന്ന ചുംബനമാണ്.
കാമുകനെ, കാമുകിയെ, ഭാര്യയെ, ഭർത്താവിനെ, കുഞ്ഞുങ്ങളെ, സുഹൃത്തുക്കളെ,ഒക്കെ ഒരു മടിയുമില്ലാതെ ചുംബിക്കാൻ കഴിയുമ്പോഴും, ചിലപ്പോഴെങ്കിലും നമ്മൾ മറക്കാറില്ലേ അച്ഛനെ ഒന്ന് ചുംബിക്കാൻ, അമ്മയെ ഒന്ന് ചുംബിക്കാൻ???
ഭൂമിയിൽ മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കും,നമ്മളെ അത്രമേലാഴത്തിൽ സ്നേഹിക്കാനാവില്ല. അവരെ ഒന്ന് ചേർത്തു പിടിക്കാൻ ഉമ്മ വയ്ക്കാൻ ഒട്ടും മടിക്കേണ്ടതില്ല….
🌹🌹🌹🌹🌹