രചന : വിനോദ്.വി.ദേവ്✍
അയാളുടെ പേരു ഞാൻ
നിശ്ശേഷം മറന്നുപോയിരിക്കുന്നു.
അങ്കവാലുപോലെ നീണ്ട
വീട്ടുപേരും
ഓർമ്മയുടെ ചളിക്കുളത്തിലെവിടെയോ,
പുതഞ്ഞുകിടക്കുകയാണു്.
പണ്ടൊക്കെ, അയാളാണു
മനുഷ്യനെന്നും
സ്നേഹസമ്പന്നമായ
ഇത്തരം ഹൃദയമുള്ളവർ
ഭൂമിയിൽ കുറവാണെന്നും
ഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും.,
വായിച്ചിട്ടുള്ള പൈങ്കിളിക്കഥകളിലെ
കഥാപാത്രങ്ങൾ
മറവിയിലടിയുന്നതുപോലെ….!
അല്ലെങ്കിൽ
പഴയകുപ്പായത്തിൽ
കയറാൻ കഴിയാത്തവിധം
ഞാൻ വല്ലാതെ മാറിയിരിക്കുന്നു.
അയാളുടെ പേര്
ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും,
വർഷങ്ങൾക്കപ്പുറം
കൊടുന്തമിഴുപേശുന്ന
തെരുവുകളിലൂടെ
ഞങ്ങൾ മഞ്ഞവെയിലത്തുനടന്നിട്ടുണ്ടു്.
തേയിലത്തോട്ടങ്ങളിലെ
കൂടാരങ്ങളിൽ
വെപ്പും തീനുമായി അന്തിയുറങ്ങിയിട്ടുണ്ടു്.
ഉപ്പുകുറുക്കുന്ന
പാടങ്ങൾക്കരുകിൽ
വിയർത്തൊലിച്ചുനിന്നിട്ടുണ്ടു,
കാളവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ടു്.
ഹൃദയത്തിൽ പച്ചകുത്തിയപ്പോലെ,
കുടിയ്ക്കുന്ന വെള്ളംപോലെ
അയാളുടെ പേരും വീടും
ചിരിയുടെ മണവും
എന്റേതുകൂടിയായിരുന്നു.
ആണ്ടുകളെത്ര കടന്നുപോയി..!
കാറ്റുപോലും കല്ലിച്ചുപോകുന്ന
വേനൽക്കാലത്തൊരിക്കൽ,
അയാളുംഞാനും
ഒരുമ്മിച്ചുനരച്ചിട്ടുണ്ടാകണം.
ഞങ്ങൾക്കു
ഓർമ്മകൾ ഒരുമിച്ചുവറ്റിയിരിക്കണം.
അയാളും എന്റെ പേരു മറന്നിരിക്കണം.
നകുലൻ, ചാരുദത്തൻ തുടങ്ങിയ
പേരുകളേതെങ്കിലുമായിരിക്കാം
അയാൾക്കു്.
എങ്കിലും അവയെയൊന്നും
ബോധം വകവച്ചുതരുന്നില്ല.
മഴയുംവേനലും
പലതിനെയും മറവിയിൽ പിടിച്ചുതള്ളും.
അല്ലെങ്കിൽ,
ഒന്നാലോചിച്ചാൽ,
പുകമഞ്ഞുപിടിച്ചുപോയ
അയാളുടെ പേരെനിക്കെന്തിനു് ?
വിലാസമെനിക്കെന്തിനു് ?
മുഖമെനിക്കെന്തിന് ?